ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും ഡിജിസിഎയ്ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. 260 പേരുടെ ജീവഹാനിക്ക് ഇടയാക്കിയ വിമാനാപകടത്തില്‍ സ്വതന്ത്രവും നീതിയുക്തവും വേഗത്തിലുമുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി.
സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ജുലൈ 12 ന് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യോമയാന നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നു.
ഇന്ധന സ്വിച്ച് തകരാറോ വൈദ്യുതി തകരാറോ പോലുള്ള സാങ്കേതിക പ്രശ്‌നങ്ങളെല്ലാം അവഗണിച്ച് പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് ആദ്യം തന്നെ ആരോപിക്കുന്നതിനേയും ഹര്‍ജി ചോദ്യം ചെയ്യുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനായ വിശ്വകുമാര്‍ രമേശിന്റെ മൊഴി രേഖപ്പെടുത്താനോ വിശ്വാസത്തിലെടുക്കാനോ പോലും തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്തിനാണെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ 'ഞാന്‍ ഓഫ് ചെയ്തിട്ടില്ല' എന്നാണ് അടുത്ത പൈലറ്റിന്റെ മറുപടി. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അപകടത്തിനു കാരണം പൈലറ്റിന്റെ പിഴവാണെന്ന തരത്തില്‍ പ്രചരണമുണ്ടായത്.
എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് നിര്‍ണായ വിവരങ്ങള്‍ മറച്ചുവെക്കുന്നതാണെന്നും പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല, സത്യസന്ധമായ വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം ലംഘിക്കുന്നതാണെന്നും ആരോപിക്കുന്നു.
ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. ജൂണ്‍ 12 ന് നടന്ന അപകടം കഴിഞ്ഞ് നൂറ് ദിവസങ്ങളിലധികം കഴിഞ്ഞിട്ടും ഇതുവരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവിട്ടതെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
