ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ നേതാക്കളുമായി നേരത്തേയുണ്ടായിരുന്ന കൂടിക്കാഴ്ചകളെക്കുറിച്ച് വെളിപ്പെടുത്തി വിഘടന വാദിയും നിരോധിത സംഘടനയായ ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവുമായ യാസീന്‍ മാലിക്. രണ്ട് ശങ്കരാചാര്യന്മാരുമായും ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളുമായും പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് യാസീന്‍ മാലിക് ഏപ്രിലില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കിയെന്ന കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് മാലിക്. വിവിധ മഠങ്ങളില്‍ നിന്നുള്ള രണ്ട് ശങ്കരാചാര്യന്മാര്‍ വെവ്വേറെയായി ശ്രീനഗറിലെ തന്റെ വസതിയില്‍ വന്നിട്ടുണ്ട്. ഒരിക്കലല്ല, പലവട്ടം ഇവര്‍ക്കൊപ്പം ഒന്നിച്ച് പത്രസമ്മേളനവും നടത്തിയിരുന്നു. എന്നെപ്പോലെ ഒരാളെ മാറ്റിനിര്‍ത്തുന്നതിനു പകരം, ഭൂരിപക്ഷ വിഭാഗത്തില്‍നിന്നുള്ള പ്രതിനിധികള്‍ ഇത്തരം ഹീനവും ഗുരുതരവുമായ ആരോപണങ്ങള്‍ നേരിടുന്ന ഒരാളുമായി അവരുടെ സല്‍പ്പേര് ബന്ധപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലേയെന്നും യാസീന്‍ മാലിക് സത്യവാങ്മൂലത്തില്‍ ചോദിക്കുന്നു. എന്നാല്‍ ശങ്കരാചാര്യന്മാരുടെ പേരോ എന്നാണ് കൂടിക്കാഴ്ച നടന്നതെന്നോ മാലിക് പറഞ്ഞിട്ടില്ല.
2011ല്‍ ആര്‍എസ്എസ് നേതാക്കളുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്ററില്‍വച്ച് 5 മണിക്കൂറായിരുന്നു ചര്‍ച്ച. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡയലോഗ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ എന്ന തിങ്ക് ടാങ്കാണ് ചര്‍ച്ച സംഘടിപ്പിച്ചത്. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ അന്നത്തെ ചെയര്‍പഴ്‌സന്‍ അഡ്മിറല്‍ കെ.കെ.നായര്‍ തന്നെ പലതവണ ഉച്ചഭക്ഷണത്തിന് അദ്ദേഹത്തിന്റെ വസതിയിലേക്കും ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലേക്കും ക്ഷണിച്ചിട്ടുണ്ട്. തന്നെപ്പോലൊരു വ്യക്തിയില്‍നിന്ന് ഒരു കയ്യകലമെങ്കിലും പാലിക്കുന്നതിനു പകരം ആര്‍എസ്എസ് നേതൃത്വവും ആര്‍എസ്എസിന്റെ തിങ്ക് ടാങ്കായ വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍പഴ്‌സന്‍ അഡ്മിറല്‍ കെ.കെ.നായരും തുടര്‍ച്ചയായി തന്നെ ക്ഷണിച്ചതില്‍ ചോദ്യങ്ങളുയരുന്നില്ലേയെന്നും മാലിക് ചോദിക്കുന്നു.
2000-01ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് കശ്മീരില്‍ ഐകകണ്‌ഠേന റംസാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നിലും തന്റെ സ്വാധീനമുണ്ടെന്നും മാലിക് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്