രാജസ്ഥാൻ സർക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസുള്ള കുട്ടി മരിച്ചു. സിക്കാർ ജില്ലയിലെ ഖോരി ബ്രഹ്മണൻ ഗ്രാമത്തിലെ നിതീഷാണ് മരിച്ചത്.ജലദോഷവും ചുമയും ഉണ്ടായിരുന്ന കുട്ടിക്ക് മാതാവ് ചിരാന സിഎച്ച്സിയിൽ സൗജന്യമായി കിട്ടിയ ചുമ മരുന്ന് നൽകിയിരുന്നു. ഈ മരുന്ന് കുടിച്ചതിനെത്തുടർന്ന് കുട്ടിയുടെ നില വഷളാവുകയും പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു.എന്നാൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ച കുടുംബം, പൊലീസിനെ രേഖാമൂലം അറിയിച്ചതിന് ശേഷം മൃതദേഹം ഏറ്റെടുത്തു കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
മരുന്ന് നൽകിയപ്പോൾ കുട്ടിയുടെ ഹൃദയമിടിപ്പ് വർധിച്ചതായും അബോധാവസ്ഥയിലാവുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. പരാതിയെത്തുടർന്ന്, സിഎച്ച്സിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനും രണ്ട് ഡ്രൈവർമാരും ഇതേ മരുന്ന് കഴിച്ച് അതിന്‍റെ പ്രതികരണം പരിശോധിച്ചിരുന്നു. കുടിച്ചയുടൻ ഇവരുടെ നിലയും വഷളാവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തെത്തുടർന്ന്, ഭരത്പൂർ ജില്ലയിലുടനീളം ഈ ബാച്ചിലുള്ള മരുന്ന് വിതരണം ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. ഭരത്പൂർ, സിക്കാർ ജില്ലകളിലും കഫ് സിറപ്പ് കഴിച്ചതിന് ശേഷം ഛർദ്ദി, മയക്കം, അസ്വസ്ഥത, തലകറക്കം, അബോധാവസ്ഥ തുടങ്ങിയ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്