ഡൽഹി: കർഷക സമരത്തിനിടെ ഹരിയാന-പഞ്ചാബ് അതിർത്തിയിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. സമരത്തിനെത്തിയ യുവ കർഷകൻ കൊല്ലപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരിയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭട്ടിൻഡ സ്വദേശി ശുഭകരൻ സിംഗ് (21) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവരിൽ ഒരാൾ മരിച്ചതായും പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് എച്ച്എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കർഷകർ കൊല്ലപ്പെട്ടെന്ന വാദം വ്യാജപ്രചാരണമാണെന്ന് ഹരിയാന പൊലീസ് പറയുന്നു. രണ്ടു പോലീസുകാര്‍ക്കും ഒരു കര്‍ഷകനും പരിക്കേറ്റു എന്നാണ് പോലീസ് വാദം. ഇന്ന് രാവിലെ മുതൽ ശംഭു അതിർത്തിയിൽ പോലീസും കർഷകരും തമ്മിൽ വൻ സംഘർഷമാണ് നടക്കുന്നത്.
കർഷകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിന്ന് രക്ഷപ്പെടാൻ പാടത്തിറങ്ങിയ കർഷകർ കല്ലും വടിയും ഉപയോഗിച്ച് തിരിച്ചടിച്ചു. കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നതിനായി താൽക്കാലികമായി നിർത്തിവച്ച ഡൽഹി ചലോ മാർച്ച് ഇന്ന് രാവിലെ മുതലാണ് കർഷകർ പുനരാരംഭിച്ചത്.
ഇതിനിടെ, അഞ്ചാം ഘട്ട ചര്‍ച്ചയ്ക്കായി കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ട കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. 'നാലാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷം എല്ലാ വിഷയങ്ങളും അഞ്ചാം ഘട്ടത്തില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. ചര്‍ച്ചയ്ക്കായി കര്‍ഷക നേതാക്കളെ ക്ഷണിക്കുകയാണ്. സമാധാനം നിലനിര്‍ത്തുക എന്നതു പ്രധാനമാണ്,' കേന്ദ്ര മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്