ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിന്നും അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാറുമായിട്ടുള്ള അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍.
പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെയുണ്ടായ അഭിപ്രായ വ്യത്യാസമാണ് അപ്രതീക്ഷിത രാജിയിലേക്കും നയിച്ചതെന്നാണ് സൂചനകൾ. ബംഗാളിലെ തയാറെടുപ്പുകള്‍ അവലോകനം ചെയ്തുകൊണ്ട് ഈ മാസം അഞ്ചിന് കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല.
അസുഖമായതിനാല്‍ ഡല്‍ഹിക്ക് മടങ്ങിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഗോയലിന് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നുവെന്നും അഭിപ്രായഭിന്നത കാരണമാണ് വിട്ടുനിന്നതെന്നുമാണ് വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് കൊല്‍ക്കത്തയിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പിന്നീട് മാര്‍ച്ച് ഏഴിന് നടന്ന തെരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അരുണ്‍ ഗോയല്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ പിറ്റേന്ന് ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബല്ലയ്ക്കൊപ്പമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഗോയല്‍ രാജിക്കത്ത് നേരിട്ട് രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.
ഗോയലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചതോടെ, പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം നടപടികള്‍ തുടങ്ങി. ഈ മാസം പതിമൂന്നിനോ പതിനാലിനോ സെര്‍ച്ച് കമ്മിറ്റി ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്