സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്: ഉത്തരക്കടലാസിന്റെ പകര്‍പ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി; സാങ്കേതിക പിഴവ് പരിഹരിക്കാന്‍ ഐഐടി വിദഗ്ധര്‍

MAY 24, 2026, 7:46 PM

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ, ഉത്തരക്കടലാസുകളുടെ പകര്‍പ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള സമയപരിധി ഒരു ദിവസം കൂടി നീട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 25 അര്‍ദ്ധരാത്രി വരെ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.

വെബ്സൈറ്റിലെ സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതെ വന്നതോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടലില്‍ സിബിഎസ്ഇയുടെ ഈ അടിയന്തര നടപടി. പുനര്‍മൂല്യനിര്‍ണയ പോര്‍ട്ടലിന്റെ സര്‍വര്‍ തകരാറുകളും ലോഗിന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരിട്ട് ഇടപെട്ടു. സാങ്കേതിക പിഴവുകള്‍ അടിയന്തരമായി പരിഹരിക്കുന്നതിനായി ഐഐടി മദ്രാസ്, ഐഐടി കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫസര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രത്യേക സംഘത്തെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

കൂടാതെ, ഫീസടയ്ക്കുമ്പോള്‍ തുക നഷ്ടമാകുന്നതടക്കമുള്ള പേയ്മെന്റ് ഗേറ്റ്വേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളുടെ പ്രത്യേക സാങ്കേതിക സഹായവും സിബിഎസ്ഇ ഉറപ്പാക്കിയിട്ടുണ്ട്. സാങ്കേതിക പിഴവ് മൂലം അക്കൗണ്ടില്‍ നിന്ന് അധികമായി ഈടാക്കിയ തുക പൂര്‍ണ്ണമായും അതേ അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്യും.

കുറഞ്ഞ തുക മാത്രം ഈടാക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ബാക്കി തുക അടയ്ക്കാന്‍ പ്രത്യേകം അറിയിക്കും. ഫീസ് നഷ്ടപ്പെടുകയും എന്നാല്‍ അപേക്ഷ പൂര്‍ത്തിയാകാതിരിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും പുതിയതായി അപേക്ഷിക്കേണ്ടതില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. അവര്‍ക്ക് ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭ്യമാക്കും.

അവസാന വിദ്യാര്‍ത്ഥിക്കും ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭ്യമായിക്കഴിഞ്ഞ് കുറഞ്ഞത് രണ്ട് ദിവസമെങ്കിലും പോര്‍ട്ടല്‍ സജീവമായി നിലനിര്‍ത്തും. അതിന് ശേഷമേ മാര്‍ക്ക് വെരിഫിക്കേഷന്‍, പുനര്‍മൂല്യനിര്‍ണയം എന്നിവയ്ക്കുള്ള തീയതികള്‍ പ്രഖ്യാപിക്കൂ. ഇത്തവണ പുതുതായി നടപ്പിലാക്കിയ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ രീതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശരിയായ ഉത്തരങ്ങള്‍ക്ക് പോലും പൂജ്യം മാര്‍ക്ക് നല്‍കിയ നിരവധി ഉത്തരക്കടലാസുകള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലടക്കം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ രീതിയില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം പൂര്‍ണ്ണമായി റദ്ദാക്കി പഴയ രീതിയില്‍ നേരിട്ട് മൂല്യനിര്‍ണ്ണയം നടത്തി പുതിയ ഫലം പ്രഖ്യാപിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. ഇത്തവണ പന്ത്രണ്ടാം ക്ലാസിലെ വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.19 ശതമാനം കുറഞ്ഞ് 85.20 % ആയി രേഖപ്പെടുത്തിയിരുന്നു. ഇത് മൂല്യനിര്‍ണ്ണയത്തിലെ അപാകത മൂലമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം.

അതേസമയം വീഴ്ച വരുത്തിയ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചനയും മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam