മോദി ഗ്യാരന്റി ക്ലച്ച് പിടിക്കുന്നില്ലേ? കുറഞ്ഞ പോളിങിൽ ആശങ്കപ്പെടുന്ന ബി.ജെ.പി

MAY 1, 2024, 12:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടം പൂർത്തിയായപ്പോൾ ബി.ജെ.പിക്ക് പതിവില്ലാത്ത തലവേദനയുണ്ടോ? 400 സീറ്റ് നേടി ജയിപ്പിക്കാൻ ജനം വെമ്പൽകൊണ്ടിരിക്കുന്നു എന്നായിരുന്നു തുടക്കത്തിലേയുള്ള പ്രതീതി. പക്ഷെ ജനത്തിന്റെ ആ വെമ്പൽ പോളിങ് ആവേശത്തിൽ കാണാനില്ല. രണ്ടു ഘട്ടം വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ജനത്തിന് ബൂത്തിലേക്ക് പോകാൻ തന്നെ മടി. എന്തായിരിക്കും അതിന്റെ കാരണം? തല പുകയ്ക്കുകയാണ് ബി.ജെ.പി നേതാക്കൾ.

മോദിയെ മടുത്തുവോ? ബി.ജെ.പിയെ മടുത്തുവോ? അല്ല, രാജ്യത്തെ ജനാധിപത്യത്തെ തന്നെ മടുത്തുവോ? ഇന്ത്യ തിളങ്ങുന്നു എന്നായിരുന്നു അടൽ ബിഹാരി വാജ്‌പേയിയുടെ മുദ്രാവാക്യം. അത് പാടെ ചീറ്റിപ്പോയി. തിളങ്ങിയത് ബി.ജെ.പി അല്ല. ബി.ജെ.പി വിരുദ്ധർ. ഇത്തവണ ബി.ജെ.പിയുടെ മുദ്രാവാക്യം മോദി ഗ്യാരന്റിയാണ്. ആ ഗ്യാരന്റിയിൽ അത്രയങ്ങ് വിശ്വാസം ആളുകൾക്ക് ഇല്ലാതായോ? ജയിച്ചാൽ മോദി പ്രഭാവം. ഇനിയെങ്ങാനും തോറ്റാലോ? കാരണം മോദിയോ, പാർട്ടിയോ?

'രാമരാജ്യം' സ്ഥാപിതമായി, അതിനാൽ ഇനി വോട്ടു ചെയ്യേണ്ട എന്ന് രാജ്യത്തെ മിത്രങ്ങൾ ചിന്തിച്ചു തുടങ്ങിയോ? അല്ല, ഈ പിന്നിട്ട 10 കൊല്ലം അനുഭവിക്കേണ്ടതിലേറെ അനുഭവിച്ചു. അതിനാൽ ഇനിയും വേണ്ട എന്ന് തീരുമാനിച്ച് ഭയന്ന് വീട്ടിലിരിപ്പ് ആണോ? ചോദ്യങ്ങൾ കുറേയുണ്ട്. ഓരോ സംസ്ഥാനത്തും നേതാക്കൾ പലപല കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. അതിന് ചൂട് മുതൽ കാറ്റ് വരെയും കൊയ്ത്ത് മുതൽ ഉത്സവം വരെയും കാരണങ്ങളുണ്ട്. കാരണം പോരല്ലോ. വോട്ട് തന്നെ വീഴേണ്ടേ?

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് തന്നെ ഒരു ഉത്സവം അല്ലേ. എന്നാൽ, ആ ഉത്സവത്തിന്റെ അറിയിപ്പ് വേണ്ടരീതിയിൽ ജനങ്ങളിലേക്ക് എത്തിയില്ലെന്നാണ് മറ്റൊരു കാരണം. കുറ്റം തെരഞ്ഞെടുപ്പ് കമ്മീഷനും. അവർ വേണ്ടവിധം ഇക്കാര്യം നാട്ടുകാരെ അറിയിച്ചില്ലത്രേ. പാർട്ടികളായ പാർട്ടികളും നേതാക്കളും വോട്ടർമാരെ നേരിട്ട് കണ്ടും പണമെറിഞ്ഞും പ്രചാരണ ബഹളം സൃഷ്ടിക്കുന്നു എന്നാണ് വെപ്പ്. ഒന്നു ഫലിച്ചില്ല. ബി.ജെ.പി ഒരു വഴിക്ക് സമാധാനം കാണാൻ ശ്രമിക്കുന്നുണ്ട്. ഏതായാലും 400 സീറ്റ് നേടി തങ്ങൾ അധികാരത്തിൽ വരും. അതിനാൽ, തങ്ങൾക്ക് എതിരായ ചെയ്യേണ്ട വോട്ടുകളും മുസ്ലീം ന്യൂനപക്ഷ വോട്ടുകളും ചെയ്യാതിരിക്കുകയാണ് എന്നാണ് അത്. അതിന്റെ ദോഷം പ്രതിപക്ഷ പാർട്ടികൾക്ക് ആയിരിക്കുമത്രേ. അതായത് ബി.ജെ.പി സ്ഥാനാർഥികളുടെ ഭൂരിപക്ഷം കുതിക്കുമെന്ന് സാരം.

അയോധ്യയിലെ രാമക്ഷേത്ര വൈകാരിക ചൂടിൽ എല്ലാവരും പാർട്ടിയെ വീണ്ടും ജയിപ്പിക്കും എന്നായിരുന്നു ബി.ജെ.പിയുടെ തുടക്കത്തിലെ ചിന്തയെന്ന് തോന്നി. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയും പ്രധാനമന്ത്രിയും പറഞ്ഞത് ഇന്ത്യയെ ലോകത്തെ വലിയ സാമ്പത്തിക ശക്തിയാക്കാൻ വോട്ടു ചെയ്യൂ എന്നായിരുന്നു. പിന്നെയത് വികസനത്തിലേക്ക് മാറി. ഡബിൾ എൻജിൻ സർക്കാരിന്റെ മറ്റൊരു പതിപ്പ്. വോട്ടെടുപ്പ് അടുത്തപ്പോൾ മോദി ഗ്യാരന്റിയായി. ഇപ്പോൾ അതും മറന്നിരിക്കുന്നു. ഗ്യാരന്റി ക്ലച്ച് പിടിക്കില്ലേ എന്നാണ് സംശയം. പിന്നാലെ മോദി അവസാന തുറുപ്പ് ചീട്ട് എടുത്തു. അത് കടുത്ത വിദ്വേഷ പ്രസംഗമായി. മുസ്ലീംലീഗിനെയും മുസ്ലീംങ്ങളെയും ആക്ഷേപിച്ച് തുടങ്ങി.

രാഹുൽ ഗാന്ധി വയനാട് മത്സരിച്ചത് പോലും പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണതേടിയാണെന്ന് ആക്ഷേപിച്ചു. ഹിന്ദു ഭൂരിപക്ഷമുള്ള മറ്റ് സംസ്ഥാനങ്ങളിൽ ജയിക്കാൻ ഈ തന്ത്രം എളുപ്പമാണെന്ന് 2019ലും മോദി ചിന്തിച്ചിരുന്നു. അന്നും രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവും ലീഗിന്റെ കൊടിയെ പാകിസ്താൻ കൊടിയെന്ന് ചിത്രീകരിച്ച് പ്രചരിപ്പിച്ചതും ഓർക്കുക. ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ വിദ്വേഷ പ്രസംഗത്തിൽ ബി.ജെ.പിക്ക് ഒരു നോട്ടീസ് അയച്ചു. മറപടിയും നടപടിയും എന്ന് വരും എന്ന് കാത്തിരിന്ന് കാണാം.

vachakam
vachakam
vachakam

കാര്യം നടപടി എന്ത് എന്നതില്ല. ജയിക്കുമെന്ന് അമിത ആത്മവിശ്വാസം ഉള്ളപ്പോഴും വർഗീയത പച്ചയ്ക്ക് പറയുന്നതിന്റെ പിന്നിലെ കാര്യം ഗ്യാരന്റി മുദ്രാവാക്യം പാളിയതാണോ? വർഗീയ വിഭജനത്തിലേക്ക് എളുപ്പം ജനത്തിന്റെ മനസ്സ് മാറ്റാം എന്നതുകൊണ്ടാണോ? പോളിങ്ങ് കുറഞ്ഞതിനാൽ പ്രധാനമന്ത്രി തന്നെ വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള അഭ്യർഥന ശക്തമാക്കി. ബിഹാറിൽ ഒരു റാലിയിൽ മോദി ഇങ്ങനെ പറഞ്ഞു: ചൂടിന്റെ കാഠിന്യം അറിയാം. പക്ഷെ രാജ്യതാൽപര്യം മുൻനിർത്തി നിങ്ങൾ വോട്ട് ചെയ്യണം. 2025 പേർ ഒരു സംഘമായി പാട്ടുപാടി ബൂത്തുകളിലേക്ക് പോകൂ. തെരഞ്ഞെടുപ്പ് തന്നെ ഒരു ഉത്സവമല്ലേ.'

രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 88 മണ്ഡലങ്ങളിലെ ജനങ്ങൾ വിധിയെഴുതി. 66.7% മാത്രമാണ് പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവ്. കേരളത്തിലെ വ്യത്യസ്തമല്ല സ്ഥിതി. 2019നെ അപേക്ഷിച്ച് ആറ് ശതമാനം കുറവാണ് ഇവിടെ. 72 ശതമാനം പേരേ വോട്ട് ചെയ്തുള്ളൂ. ചില തെരഞ്ഞെടുപ്പ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത് ഭരണ മാറ്റം ഉണ്ടാകുമെങ്കിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തുക എന്നാണ്. കുറഞ്ഞ ശതമാനം ഭരണതുടർച്ചയുടെ ലക്ഷണമാണത്രെ. കേരളത്തിൽ പണ്ടുകാലത്ത് പൊതുവെ പറയാറ് പോളിങ്ങ് കൂടിയാൽ യു.ഡി.എഫിന് ഗുണമെന്നാണ്. കുറഞ്ഞാൽ എൽ.ഡി.എഫിന്റെ നേട്ടവും.

പക്ഷെ ആ സമവാക്യം തൊട്ട് മുമ്പ് നടന്ന നാലഞ്ച് തെരഞ്ഞെടുപ്പുകളിൽ തെറ്റിയിട്ടുണ്ട്. എങ്കിലും കേരളത്തിലും പാർട്ടികളും സ്ഥാനാർഥികളും പോളിങ് ശതമാനം കുറഞ്ഞതിന്റെ ആകുലതകൾ മറച്ച് വെച്ചിട്ടില്ല. വോട്ട് ചെയ്യാത്തതിന്റെ കാരണം കണ്ടെത്താനായിട്ടുമില്ല. കേരളത്തിൽ ആറ് ശതമാനവും ബംഗാളിൽ നാല് ശതമാനവും വോട്ട് കുറവാണ് ചെയ്തത്. ഈ രണ്ടിടത്തും എപ്പോഴും ഉയർന്ന പോളിങ് രേഖപ്പെടുത്താറുണ്ട്. മധ്യപ്രദേശിൽ ഒമ്പത് ശതമാനവും ഉത്തർപ്രദേശിൽ ഏഴ് ശതമാനവും പോളിങ് കുറഞ്ഞതാണ് ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടാൻ കാരണം. രാജസ്ഥാനിലും ബിഹാറിലുമെല്ലാം മൂന്ന് ശതമാനത്തിന് മേലെ പോളിങ് ശതമാനം കുറഞ്ഞു.

vachakam
vachakam
vachakam

സ്വതന്ത്ര ഇന്ത്യയിൽ 1951 മുതൽ 2019 വരെ 17 ലോക്‌സഭാ തെര്‌ഞ്ഞെടുപ്പുകൾ നടന്നു. ഇതിൽ 16 തെരഞ്ഞെടുപ്പുകളിൽ ആറ് തവണ പോളിങ് ശതമാനം കുറഞ്ഞു. 10 തവണ കൂടി. കൂടിയ 10 തെരഞ്ഞെടുപ്പുകളിൽ നാല് തവണ ഭരണക്ഷിക്ക് തോൽവിയായിരുന്നു ഫലം. ആറ് തവണ വീണ്ടും അധികാരത്തിലേറി. പോളിങ് കുറഞ്ഞ ആറ് തവണകളിലെ കണക്കുകൂടി നോക്കാം. ഇതിൽ നാല് തവണയും ഭരണകക്ഷിക്കായിരുന്നു തിരിച്ചടി. ഭരണം പോയി. രണ്ട് തവണ ജയിച്ചു. പഴയ വോട്ടർമാരല്ല ഇപ്പോൾ. പഴയ കണക്കുകൾ ഇത്തവണത്തെ ട്രൻഡിനെ നിശ്ചയിക്കുന്നതല്ല. ഒരു കൗതുകത്തിന് ഓർത്തുവെക്കാമെന്ന് മാത്രം. വോട്ടർമാർ മാറിവരികയാണല്ലോ. എങ്കിലും അനുബന്ധമായി വായിക്കാവുന്ന ചില വിവരങ്ങൾ കൂടി നോക്കാം.

1996ൽ (13 ദിവസം), 1998ൽ (13 മാസം), 1999, 2014, 2019 (അഞ്ചുവർഷം വീതം) ബി.ജെ.പി ഭരിച്ചുവല്ലോ. 1999ൽ ഒഴികെ നല്ല പോളിങ് ശതമാനം ഉണ്ടായിരുന്നു. എല്ലാം ബി.ജെ.പിക്ക് നേട്ടമായി. അതായത് പോളിങ് കൂടുന്നത് ബി.ജെ.പിയെയായിരുന്നു അടുത്തകാലത്ത് തുണച്ചത്. അപ്പോൾ ഇത്തവണ കുറയുന്നതോ? അതാണ് ബി.ജെ.പിയുടെ ആവലാതിയുടെ കാരണം. വോട്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളും യുവാക്കളുമാണ്. യുവാക്കൾക്ക് മോദിയിലും ബി.ജെ.പിയിലുമുള്ള ഇഷ്ടം കുറഞ്ഞുവോ? നാരി ശക്തി കാംപെയിനുകൾ സ്ത്രീ വോട്ടർമാരെ ആകർഷിക്കുന്നില്ലേ? മധ്യപ്രദേശിൽ ഒമ്പത് ശതമാനം പോളിങ് കുറയാനുള്ള കാരണങ്ങളിലൊന്നായി കേൾക്കുന്നത് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ബി.ജെ.പി തഴഞ്ഞതാണ്.

അത് ഒരു കാരണമാണെങ്കിൽ ബി.ജെ.പി നന്നായി ആശങ്കപ്പെടണം. മോദി പ്രഭാവം, മോദി ഗ്യാരന്റി എന്നിങ്ങനെ പാർട്ടിയെക്കാൾ വ്യക്തിക്ക് പ്രാധാന്യം നൽകിയുള്ള പ്രചാരണം പാളിയെന്ന് തന്നെയാണ്. ആദ്യരണ്ട് ഘട്ടങ്ങളിലെ തളർച്ച മാറ്റാനാകും ഇനിയങ്ങോട്ട് എല്ലാവരും ശ്രമിക്കുക. ചെയ്യാതെ പോകുന്ന വോട്ടുകൾ തോൽവിക്ക് കാരണമാകുമെങ്കിൽ എന്തുവിലകൊടുത്തും ചെയ്യിപ്പിക്കുക എന്നത് ലക്ഷ്യമാകും.
കോൺഗ്രസിനും ഇന്ത്യാ മുന്നണിയിലെ മറ്റ് പാർട്ടികൾക്കും നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ട് വലിയ വേവലാതിയുമില്ല. ബി.ജെ.പിക്ക് നഷ്ടപ്പെടാനുണ്ടെന്ന് മാത്രമല്ല, ഇല്ലാത്ത 400 സീറ്റിന്റെ അവകാശ വാദം ആദ്യമേ പറഞ്ഞതിനാൽ കാത്തിരിക്കുന്ന ആഘാതം താങ്ങുക തന്നെ പ്രയാസമാകും.

ചൗക്കിദാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam