ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. മിക്കയിടത്തും കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും വെള്ളമില്ല. നഗരത്തിലെ മൂവായിരത്തിലധികം കുഴൽക്കിണറുകൾ വറ്റിയതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടുതൽ പ്രതിസന്ധികൾ ഒഴിവാക്കാൻ കർണാടക സർക്കാർ അടിയന്തര നടപടി സ്വീകരിച്ചിരിക്കുകയാണ്.
കാർ കഴുകുന്നതിനും പൂന്തോട്ടങ്ങൾ പരിപാലിക്കുന്നതിനും ഉൾപ്പടെ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിന് ഇന്ന് മുതല്‍ ബെംഗളുരു നഗരത്തിൽ നിരോധനം.
നടപടിക്രമം ലംഘിച്ചാൽ 5000 രൂപ പിഴ ചുമത്തും. കുടിവെള്ളത്തിൻ്റെ ആവർത്തിച്ചുള്ള ദുരുപയോഗത്തിന് ഓരോ തവണയും 500 രൂപ ഈടാക്കും. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൻ്റേതാണ് തീരുമാനം.
കുഴൽക്കിണറുകൾ ഉപയോഗശൂന്യമായതോടെ ബെംഗളൂരു നിവാസികൾ ഇപ്പോൾ കുടിവെള്ളത്തിനായി ടാങ്കർ ലോറികളെയാണ് ആശ്രയിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ടാങ്കറുകൾ വെള്ളത്തിൻ്റെ വില കുത്തനെ ഉയർത്തിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
നഗരത്തില്‍ ടാങ്കര്‍ ലോറിയിലെ വെള്ളത്തിന് 600 മുതൽ 1200 രൂപ വരെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥന വില. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് നഗരത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
പ്രാദേശിക എംഎൽഎമാരുടെ കീഴിൽ പ്രത്യേക ടാസ്ക് ഫോഴ്സുകളും തുടങ്ങിയിട്ടുണ്ട്. ഏറ്റവും ഗുരുതരമായി കുടിവെള്ളപ്രശ്നം ബാധിച്ചിട്ടുള്ള 223 താലൂക്കുകളിലായിരിക്കും ഇവ പ്രവർത്തിക്കുക. ബെംഗളൂരു നഗരം മാത്രമല്ല, തുംകുരു, ബെംഗളൂരു സൗത്ത് ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയുള്ളതായി റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്