ന്യൂഡല്‍ഹി: ആസിഡ് ആക്രമണം നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. അതിജീവിച്ചവര്‍ക്ക് ശക്തമായ സാമ്പത്തിക പുനരധിവാസം ആവശ്യമാണ്. ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കണം.
ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും ലേലം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. നിലവിലെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായ മൂന്ന് ലക്ഷം രൂപ ഇരയുടെ ജീവിതാവസാനം വരെയുള്ള ചികിത്സയ്ക്കും നഷ്ടപ്പെട്ട ജീവിതം വീണ്ടെടുക്കുന്നതിനും പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാര പദ്ധതികളുടെ മെച്ചപ്പെട്ട നടപ്പാക്കല്‍ സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
ആസിഡ് ആക്രമണങ്ങള്‍ ഹീനമായ കുറ്റകൃത്യങ്ങളാണ്. ഇത്തരം പ്രവൃത്തികള്‍ തടയുന്നതിന് വളരെ കഠിനമായ ശിക്ഷ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വിലയിരുത്തി. 2009 ല്‍ നടന്ന ആസിഡ് ആക്രമണ അതിജീവിതയും എന്‍ജിഒ ബ്രേവ് സോള്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയുമായ ഷഹീന്‍ മാലിക്കിന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ നിര്‍ണായക നിരീക്ഷണം.
തന്റെ കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും ഒരു കീഴ്ക്കോടതി വെറുതെ വിട്ടതായി ഷഹീന്‍ കോടതിയെ അറിയിച്ചു. ആക്രമണം നടന്നപ്പോള്‍ 26 വയസായിരുന്നു തനിക്കെന്നും കേസ് നടത്താന്‍ 16 വര്‍ഷം ചെലവഴിച്ചുവെന്നും ഇപ്പോള്‍ തനിക്ക് 42 വയസുണ്ടെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. ഉന്നത കോടതിയില്‍ ഷഹീന്റെ കേസ് നടത്താന്‍ ഏറ്റവും നല്ല വക്കീലിനെ ലഭ്യമാക്കുമെന്ന് സുപ്രീം കോടതി ഉറപ്പ് നല്‍കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഏഴ് വര്‍ഷമായി തീര്‍പ്പാകാതെ കിടക്കുന്ന വാദം വേഗത്തിലാക്കാന്‍ കീഴ്ക്കോടതിക്ക് സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അത് പോലെ 2016 ലെ ആക്ട് അനുസരിച്ച് ആസിഡ് എറിഞ്ഞ് പരിക്ക് പറ്റിയവരെ മാത്രമേ ഭിന്നശേഷിക്കാരായി പരിഗണിക്കുന്നുള്ളൂ എന്നും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കപ്പെട്ടവരെ നിയമം പരിരക്ഷിക്കുന്നില്ലെന്നും ഷഹീന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കോടതി പ്രതികരണങ്ങള്‍ തേടിയിരുന്നു. ആസിഡ് ആക്രമണങ്ങളെക്കുറിച്ചുള്ള വര്‍ഷം തിരിച്ചുള്ള ഡാറ്റ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കുറ്റപത്രങ്ങള്‍, തീര്‍പ്പാക്കാത്ത കേസുകള്‍, ഇരകളുടെ വിദ്യാഭ്യാസം, വൈവാഹിക നില, തൊഴില്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സ്ത്രീധന മരണങ്ങള്‍ക്കുള്ള നിയമം പോലെ തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത ഇരകളില്‍ നിന്ന് പ്രതികളിലേക്ക് മാറുന്ന നിയമത്തെക്കുറിച്ച് പരിഗണിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
