മുംബൈ∙ രാഹുൽ ഗാന്ധി പരാമർശിച്ച കരഞ്ഞുകൊണ്ട് സോണിയാ ഗാന്ധിയെ വിളിച്ച മുതിർന്ന നേതാവ് താനല്ലെന്ന് അശോക് ചവാൻ. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാറാലിയിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പരാമർശിച്ചത്.
കേന്ദ്രത്തിന്റെ അധികാര ദുർവിനിയോഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ മഹാരാഷ്ട്രയിലെ ഒരു മുതിർന്ന നേതാവ് കേന്ദ്ര ഏജൻസികളെ ഭയന്നാണ് കോൺഗ്രസ് വിട്ടതെന്ന് രാഹുൽ സൂചിപ്പിച്ചിരുന്നു. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ അശോക് ചവാനെക്കുറിച്ചാണ് രാഹുൽ പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആ നേതാവ് താനല്ലെന്ന് വ്യക്തമാക്കി അശോക് ചവാൻ രംഗത്തെത്തിയിരിക്കുന്നത്.
'അദ്ദേഹം എന്നെക്കുറിച്ചാണ് അങ്ങനെ പറഞ്ഞതെങ്കിൽ അത് യുക്തിരഹിതവും അടിസ്ഥാനരഹിതവുമാണ്. കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നത് വരെ ഞാൻ പാർട്ടി ആസ്ഥാനത്താണ് പ്രവർത്തിച്ചത്. ആദ്യം എം.എൽ.എ സ്ഥാനമാണ് ഞാൻ രാജിവെച്ചത്.
പിന്നീട് പാർട്ടിയിൽ നിന്നും രാജി വച്ചു. അത് വരെ ഞാൻ രാജിവെക്കുന്നത് ആരും അറിയാനിടയില്ല. .ഞാൻ സോണിയയെ കണ്ടിട്ടില്ല. ഞാൻ സോണിയ ഗാന്ധിയെ കണ്ട് എന്റെ പ്രശ്നങ്ങൾ പങ്കുവച്ചുവെന്നത് അടിസ്ഥാനരഹിതമാണ്. അത് തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ഒരു പ്രസ്താവന മാത്രമാണ്.’’ചവാൻ പറഞ്ഞു.
‘‘പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് വിട്ട ഒരു മുതിർന്ന നേതാവ് അമ്മയെ വിളിച്ചിരുന്നു. സോണിയാജി, എനിക്ക് പറയാൻ ലജ്ജയുണ്ട്, പക്ഷേ ഇവർക്കെതിരെ പോരാടാൻ എനിക്ക് അധികാരമില്ല എനിക്ക് ജയിലിൽ പോകാൻ ആഗ്രഹമില്ല എന്നുപറഞ്ഞ് അയാൾ കരയുകയായിരുന്നു’’വെന്നാണ് രാഹുൽ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്