മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നായിരുന്നു ജനനം. 23-ാമത്തെ വയസില്‍ സജീവ രാഷ്ട്രീയത്തിലെത്തി. 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടു. എസ്എസ്എല്‍സിക്ക് ശേഷം വിദ്യാഭ്യാസം തുടരാനായില്ലെങ്കിലും ശരദ് പവാറിന്റെ നിഴലായി കൂടെനിന്നു. ശരദ് പവാറിന്റെ നിഴലായി നിന്ന് മഹാരാഷ്ട്ര രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിര്‍ണയിച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അജിത് പവാര്‍.
സുനേത്ര പവാറാണ് ഭാര്യ. ജയ്, പാർത്ത് പവാർ എന്നിവരാണ് മക്കൾ. അമ്മാവനായ ശരദ് പവാറിന്‍റെ നിഴലില്‍ നിന്ന് പുറത്ത് വന്ന് കിങ് മേക്കര്‍ സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ വിമാന അപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിയാത്ത, അഞ്ച് തവണ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച് മഹാരാഷ്ട്രയില്‍ അനിഷേധ്യ നേതാവായിരിക്കെയാണ് മരണം. എന്‍സിപി പിളര്‍ത്താനും ഭൂരിപക്ഷത്തെ തന്‍റെ കൂടെ നിര്‍ത്താനും അധികാരം പിടിച്ചെടുക്കാനും അജിത് പവാറിനായി.
1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് വിജയിച്ചെങ്കിലും ശരദ് പവാറിനായി സ്ഥാനം രാജിവെച്ചു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി തുടക്കമിട്ടു. പിന്നീട് അഞ്ച് തവണ ഉപമുഖ്യമന്ത്രിയായി. 2022-2023 സമയത്ത് പ്രതിപക്ഷ നേതാവുമായി.
2023 മേയിൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു. ഇതിനിടെ എന്‍സിപിയില്‍ അധികാരത്തര്‍ക്കം ഉടലെടുത്തു. സുപ്രിയാ സുലെ, ശരദ് പവാര്‍, അജിത് പവാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടിയിലെ നീക്കം. 2023 ജൂലൈ 2ന് എല്ലാവരെയും ഞെട്ടിച്ച് അജിത് പവാര്‍ എൻസിപി പിളർത്തി.
ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയായിരുന്നു എൻസിപിയിലെ പിളർപ്പ്. 2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുകയും എൻസിപി എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
