കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ ആറ് ബി.ജെ.പി എം.എല്‍.എമാരെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. സന്ദേശ്ഖാലിയിലെ അശാന്തി കണക്കിലെടുത്ത് സഭയില്‍ പ്രതിഷേധം നടത്തിയതിനെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
അധികാരിക്ക് പുറമെ, അഗ്നിമിത്ര പാല്‍, മിഹിർ ഗോസ്വാമി, ബങ്കിം ഘോഷ്, തപസി മൊണ്ടല്‍, ശങ്കർ ഘോഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നിലവിലെ സെഷന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കോ 30 ദിവസത്തേക്കോ (ആദ്യം നടക്കുന്ന ക്രമത്തില്‍) ആണ് സസ്പെൻഷനെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം സന്ദേശ്ഖാലിയിലെ സാഹചര്യങ്ങള്‍ മുൻനിർത്തി ചോദ്യോത്തരവേളയില്‍ തൃണമൂല്‍ സർക്കാരിനെതിരെ ബി.ജെ.പി നേതാക്കള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. സന്ദേശ്ഖാലിക്കൊപ്പമെന്നെഴുതിയ വെള്ള ഷർട്ട് ധരിച്ചായിരുന്നു നേതാക്കള്‍ സഭയിലെത്തിയത്. പിന്നാലെ തറയിലിരുന്ന് മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ബി.ജെ.പി എം.എല്‍.എമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ ബിമൻ ബാനർജി തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന്ദേബ് ചാറ്റർജിക്ക് അനുമതി നല്‍കുകയായിരുന്നു. ബി.ജെ.പി നേതാക്കള്‍ പലപ്പോഴും സഭയുടെ അച്ചടക്കം പാലിക്കുന്നില്ലെന്നും എം.എല്‍.എമാർക്കെതിരായ നടപടി സഹിഷ്ണുതയുടെ പരിധിക്കപ്പുറമായതിനാലാണെന്നും ചാറ്റർജി വ്യക്തമാക്കി.
എന്നാൽ പ്രാദേശിക തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയു ബലപ്രയോഗത്തിലൂടെ തങ്ങളുടെ ഭൂമി കയ്യടക്കിയെന്നും ചൂണ്ടിക്കാട്ടി സന്ദേശ്ഖാലിയില്‍ നിരവധി സ്ത്രീകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്