ഡൽഹി: കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കാനൊരുങ്ങുന്ന കർഷകരെ നേരിടാൻ യുദ്ധസമാനമായ ഒരുക്കത്തിലാണ് പൊലീസ്. കർഷകരെയോ അവരുടെ വാഹനങ്ങളെയോ ഡൽഹിയിൽ പ്രവേശിപ്പിക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
കർഷകരെ നേരിടാൻ ഡൽഹി പോലീസ് 30,000 ടിയർ ഗ്യാസ് ഷെല്ലുകൾ ശേഖരിച്ചു. ശംഭു അതിർത്തിയിൽ ഹരിയാന പോലീസ് ഇതിനകം കണ്ണീർ വാതകം പ്രയോഗിച്ചതായും സ്ഥിതിഗതികൾ സംഘർഷഭരിതമായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടയില്‍ അഞ്ചാം ഘട്ട ചർച്ചയ്ക്കായി കേന്ദ്ര മന്ത്രി അർജുന്‍ മുണ്ട കർഷകരെ ക്ഷണിച്ചിട്ടുണ്ട്. 'നാലാം ഘട്ട ചർച്ചയ്ക്ക് ശേഷം എല്ലാ വിഷയങ്ങളും അഞ്ചാം ഘട്ടത്തില്‍ ചർച്ച ചെയ്യാന്‍ സർക്കാർ തയ്യാറാണ്. ചർച്ചയ്ക്കായി കർഷക നേതാക്കളെ ക്ഷണിക്കുകയാണ്. സമാധാനം നിലനിർത്തുക എന്നതു പ്രധാനമാണ്,' കേന്ദ്ര മന്ത്രി പറഞ്ഞു.
എന്നാല്‍ ഡല്‍ഹിയിലേക്ക് സാമാധാനപരമായി നീങ്ങാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാള്‍ പറഞ്ഞു. സർക്കാർ ബാരിക്കേഡുകള്‍ നീക്കം ചെയ്ത് മുന്നോട്ട് പോകാനുള്ള അനുവാദം നല്‍കണമെന്ന് ജഗ്‌ജിത് ആവശ്യപ്പെട്ടിട്ടുണ്ട്.
സമാധാനം തകർക്കാനുള്ള ഒരു ഉദ്ദേശ്യവും ഞങ്ങള്‍ക്കില്ല. കർഷകർക്ക് അനുകൂലമായ തീരുമാനം സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ജഗ്‌ജിത് പറഞ്ഞു. മാർച്ച് തടയാനുള്ള കേന്ദ്ര നീക്കങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിക്രി, സിംഗു, ഗാസിപൂർ അതിർത്തികളിലാണ് ഡല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
പോലീസിൻ്റെ നീക്കങ്ങളെ നേരിടാൻ കർഷകരും സജ്ജമാണ്. പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ മോഡിഫൈഡ് ട്രാക്ടറുകൾ ഉൾപ്പെടെയുള്ള ബുൾഡോസറുകൾ സജ്ജമാണ്. കണ്ണീർ വാതക ഷെല്ലുകളിൽ നിന്നും റബ്ബർ ബുള്ളറ്റുകളിൽ നിന്നും യന്ത്രങ്ങളെ സംരക്ഷിക്കുന്നതിനായി മണ്ണുമാന്തി യന്ത്രങ്ങളുടെ പുറംഭാഗം കട്ടിയുള്ള ഇരുമ്പ് ഷീറ്റുകൾ കൊണ്ട് മൂടിയിരുന്നു. പതിനാലായിരത്തോളം കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ എത്തിയിട്ടുണ്ട്. 1,200 ട്രാക്ടറുകൾ, 300 കാറുകൾ, 10 മിനി ബസുകൾ, മറ്റ് ചെറുവാഹനങ്ങൾ എന്നിവ ജാഥയ്ക്കായി ഉപയോഗിക്കുന്നു.
മാർച്ച് പുനരാരംഭിക്കുന്നതിന് മുന്‍പ് കർഷക നേതാക്കളെ കാണാന്‍ പഞ്ചാബ് സർക്കാരിന്റെ പ്രതിനിധികള്‍ ശംഭുവിലെത്തിയിരുന്നു. കർഷകർ ജെസിബി, ടിപ്പർ, ട്രാക്ടറുകള്‍ തുടങ്ങിയവയുമായി ഡല്‍ഹിയിലേക്ക് നീങ്ങുന്നതില്‍ ഹരിയാന സർക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മേല്‍പ്പറഞ്ഞ വാഹനങ്ങളുടെ നീക്കം തടയണമെന്ന് നിർദേശിച്ചുകൊണ്ട് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും പഞ്ചാബ് ഡിജിപി നിർദേശം നല്‍കിയിരുന്നു.
വാണിജ്യ വ്യവസായമന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, സഹ ആഭ്യന്തരമന്ത്രി നിത്യാനന്ദ റായ് എന്നിവരുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുവും കര്‍ഷകരും നടത്തിയ നാലാം ഘട്ട ചർച്ചയിൽ സഹകരണ സംഘങ്ങള്‍ മുഖേന മൂന്ന് പരിപ്പ് വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയ്ക്ക് മിനിമം താങ്ങുവില (എംഎസ്പി) നല്‍കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഈ നിർദേശങ്ങൾ കർഷകർക്ക് പ്രയോജനപ്പെടില്ലെന്നും എല്ലാ ഉല്‍പ്പന്നങ്ങളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം പുനരാരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്