ധാക്ക: 2024 ലെ ബഹുജനപ്രക്ഷോഭത്തിലെ പ്രധാനമുഖമായിരുന്ന യുവനേതാവ് ഷരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തില്‍ യൂനുസ് ഭരണകൂടത്തിന് നേരെ മുന്നറിയിപ്പുമായി സഹോദരന്‍. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ കൊലപാതകം നടത്തിയതെന്ന് ഉസ്മാന്‍ ഹാദിയുടെ സഹോദരന്‍ ഒമര്‍ ഹാദി ആരോപിച്ചു.
ബംഗ്ലാദേശില്‍ നിലവില്‍ അധികാരത്തിലുള്ള യൂനുസ് സര്‍ക്കാരിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് ഒമര്‍ പറയുന്നത്. ഉസ്മാന്‍ ഹാദിയുടെ സഹോദരന്‍ ഷെരീഫ് ഒമര്‍ ഹാദി ധാക്കയിലെ ഷാബാഗില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വെച്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 'നിങ്ങളാണ് ഉസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയത്, ഇപ്പോള്‍ ഇതിനെ ഒരു വിഷയമാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്' യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് ഒമര്‍ പറഞ്ഞു.
ദേശീയ തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടത്തണമെന്നായിരുന്നു ഉസ്മാന്റെ ആഗ്രഹമെന്നും, വേഗത്തില്‍ വിചാരണ നടത്താനും തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് തടസ്സമുണ്ടാക്കാതിരിക്കാനും അധികാരികള്‍ ശ്രദ്ധിക്കണമെന്നും ഒമര്‍ ആവശ്യപ്പെട്ടു. ഉസ്മാന്‍ ഹാദിക്ക് നീതി ലഭിച്ചില്ലെങ്കില്‍ മുഹമ്മദ് യൂനുസിനും ഷെയ്ഖ് ഹസീനയെപ്പോലെ രാജ്യം വിട്ട് ഓടേണ്ടി വരുമെന്നും സഹോദരന്‍ മുന്നറിയിപ്പ് നല്‍കി.
2024 ജൂലായിയിലെ പ്രക്ഷോഭത്തില്‍ നിന്ന് രൂപംകൊണ്ട സംഘടനയായ ഇങ്കിലാബ് മോഞ്ചോയുടെ വക്താവായിരുന്നു ഷെരീഫ് ഉസ്മാന്‍ ഹാദി. ആ പ്രക്ഷോഭമാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിലേക്ക് നയിച്ചത്. ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. സിങ്കപ്പുരില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 18-നാണ് ഉസ്മാന്‍ ഹാദി മരിച്ചത്. ഉസ്മാന്‍ ഹാദിയുടെ കൊലപാതകം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
