ചെങ്കടലില്‍ വീണ്ടും സംഘര്‍ഷം: ചരക്കുകപ്പലിന് നേരെ ആക്രമണം; ഹൂതികളുടെ വെടിവെപ്പില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടു

JULY 5, 2026, 6:22 PM

സന: യമന്‍ തീരത്തെ ചെങ്കടലില്‍ ചരക്കുകപ്പലിന് നേരെ വീണ്ടും സായുധ ആക്രമണം ഉണ്ടായതായി ബ്രിട്ടീഷ് സൈന്യം സ്ഥിരീകരിച്ചു. ഇതോടൊപ്പം യമനില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തിയേറിയ ആഭ്യന്തര പോരാട്ടത്തില്‍ 16 സര്‍ക്കാര്‍ അനുകൂല സൈനികരെ ഹൂതി വിമതര്‍ വധിച്ചു. രണ്ട് അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ ഭരിക്കുന്ന തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപമാണ്.

ഹൊദൈദയ്ക്ക് തെക്കുപടിഞ്ഞാറ് 30 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ചരക്കുകപ്പലിന് നേരെ അജ്ഞാത സായുധ സംഘത്തിന്റെ ആക്രമണം ഉണ്ടായതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് കേന്ദ്രം വ്യക്തമാക്കി. ഒരു ചെറിയ ബോട്ടില്‍ എത്തിയ അക്രമികള്‍ കപ്പലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവെച്ചതോടെ അക്രമികള്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ തങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ മറച്ചുവെച്ച് നിര്‍ത്തിയിട്ടിരുന്ന വലിയ കപ്പലിലേക്ക് പിന്‍വാങ്ങി. കപ്പലും അതിലെ ജീവനക്കാരും സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ബ്രിട്ടീഷ് സൈന്യം അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ചെങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതികള്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മറ്റൊരു സംഭവത്തില്‍, ഹൊദൈദയ്ക്ക് തെക്കുഭാഗത്ത് ഹൂതി വിമതരും സര്‍ക്കാര്‍ അനുകൂല സൈന്യവും തമ്മില്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ശക്തമായ പോരാട്ടത്തില്‍ 16 സൈനികര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഹൂതികള്‍ നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. സ്‌നൈപ്പര്‍മാരെ ഉപയോഗിച്ച് സൈനികരെ വധിച്ച ശേഷം ഹൂതികള്‍ ഡ്രോണുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് കനത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ആക്രമണത്തില്‍ താല്‍ക്കാലികമായി ഹൂതികള്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ സൈന്യത്തിന്റെ താവളങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെയോടെ ശക്തമായ തിരിച്ചടിയിലൂടെ സൈന്യം തിരിച്ചുപിടിച്ചു. ഏറ്റുമുട്ടലില്‍ ഹൂതികളുടെ ഭാഗത്തും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

2015 മുതല്‍ യമന്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. നിലവില്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗം വടക്കന്‍ മേഖലകളും ഹൂതികളുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യമന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഭരണം നടത്തുന്നത്.

2022 ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ സമാധാന കരാറിന് ശേഷം ഇരുവിഭാഗവും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം വലിയ തോതില്‍ കുറഞ്ഞിരുന്നെങ്കിലും, കഴിഞ്ഞ ദിവസം സൗദി അറേബ്യക്കെതിരെ ഹൂതികള്‍ ഭീഷണി മുഴക്കിയതോടെ മേഖല വീണ്ടും കനത്ത യുദ്ധഭീതിയിലാണ്. യമന്‍ സര്‍ക്കാരിന്റെ പ്രധാന പിന്തുണക്കാരായ സൗദി അറേബ്യ, തങ്ങളുടെ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതായി ആരോപിച്ചാണ് സൗദിയിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam