ജനീവ: ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം 'ഭയാനക'മെന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. സമാധാന ശ്രമങ്ങള്‍ നമ്മുടെ കയ്യില്‍ നിന്നും വഴുതിപ്പോകാന്‍ അനുവദിക്കരുതെന്നും യു.എന്‍ എല്ലാ അംഗ രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
കുടിയിറക്കപ്പെട്ട പാലസ്തീന്‍ ജനതയുടെ സ്‌കൂളുകള്‍, വീടുകള്‍, കൂടാരങ്ങള്‍ എന്നിവയ്ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് യു.എന്‍ റൈറ്റ്സ് മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പ്രതികരിച്ചു. ഗാസയില്‍ ഏറെക്കാലമായി ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ ഒടുവില്‍ ആക്രമണങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു തുടങ്ങിയപ്പോഴാണ് ഈ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നത് ഏറെ ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരു ഇസ്രയേലി സൈനികന് നേരെയുണ്ടായ ആക്രമണത്തിന്റെ പേരില്‍ ഗാസയിലുടനീളമുള്ള താമസ കേന്ദ്രങ്ങള്‍, അഭയാര്‍ത്ഥികളുടെ ടെന്റുകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒറ്റരാത്രികൊണ്ട് 100ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ഭയാനകമാണ്'- ടര്‍ക്ക് പറഞ്ഞു. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രകാരമുള്ള ബാധ്യതകള്‍ ഇസ്രയേല്‍ പാലിക്കണം. എല്ലാ നിയമ ലംഘനങ്ങള്‍ക്കും ഇസ്രയേല്‍ ഉത്തരവാദിയായിരിക്കുമെന്നും ടര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
നേരത്തെ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടായിട്ടും വ്യോമാക്രണം നടത്തിയതിന് ഇസ്രയേലിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് ഹമാസ് പ്രതികരിച്ചിരുന്നു. ഗാസയില്‍ പുതിയൊന്നു അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കാണാതായ ബന്ദികളുടെ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ തടസപ്പെടുമെന്നും വീണ്ടെടുക്കാന്‍ കാലതാമസമുണ്ടാകുമെന്നും ഹമാസ് ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ഗാസയില്‍ തുടരുന്ന കൂട്ടക്കൊല നടത്താന്‍ ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഹമാസ് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച ഗാസയിലെ വിവിധ ഇടങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. ഗാസ സിറ്റി, ബെയ്ത് ലാഹിയ, അല്‍ ബുറൈജ്, നുസൈറാത്ത്, ഖാന്‍ യൂനിസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രയേല്‍ 125 തവണ കരാര്‍ ലംഘിച്ചതായി പാലസ്തീന്‍ മീഡിയ ഓഫീസ് അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
