ദുബായ്: ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റി (ODF) ന് ബാധകമായ അടിസ്ഥാന നിരക്ക് 4.40 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചതായി യുഎഇ സെൻട്രൽ ബാങ്ക് (CBUAE) പ്രഖ്യാപിച്ചു.
റിസർവ് ബാലൻസുകളുടെ പലിശ നിരക്ക് (IORB) മാറ്റമില്ലാതെ നിലനിർത്താനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് ഈ തീരുമാനം. യുഎസ് ഫെഡറൽ റിസർവിന്റെ ഐഒആർബിയിൽ അധിഷ്ഠിതമായ അടിസ്ഥാന നിരക്ക്, പണനയത്തിന്റെ പൊതുവായ നിലപാടിനെ സൂചിപ്പിക്കുന്നു.
യുഎസിലെ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും, ഫെഡറൽ റിസർവിന്റെ ലക്ഷ്യമായ 2% ൽ എത്തിയിട്ടില്ല. 2025 മാർച്ചിലെ കണക്കുകൾ കാണിക്കുന്നത് കോർ പണപ്പെരുപ്പം 3.1% ആയി കുറഞ്ഞുവെന്നാണ്. ഏകദേശം നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശ നിരക്കുകൾ ഉടനടി കുറയ്ക്കാൻ ഇത് പര്യാപ്തമല്ല.
യുഎഇ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ ഫെഡറൽ റിസർവിൻ്റെ അതേ രീതിയിൽ ക്രമീകരിക്കുന്നതിനാൽ, മെയ് മാസത്തിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. കഴിഞ്ഞ വർഷം ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയതിനനുസരിച്ച് യുഎഇയിലെ നിക്ഷേപ പലിശ നിരക്കുകളും മെച്ചപ്പെട്ടു.
ഫെഡറൽ റിസർവ് മെയ് മാസത്തിൽ പലിശ നിരക്ക് കുറയ്ക്കാതിരുന്നാൽ, സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഇത്പോലെ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് ദുബായിലെ ബാങ്കിംഗ് വിദഗ്ധനായ അബ്ബുദ് ഷെരീഫിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇനി വായ്പയെടുത്തവർ ആണെങ്കിലോ, കൂടുതൽ പലിശ നൽകേണ്ടി വരും. വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ക്രെഡിറ്റ് കാർഡ് കടങ്ങൾ എന്നിവയെ ഉയർന്ന പലിശ നിരക്ക് പ്രതികൂലമായി ബാധിക്കും. കൂടിയ പലിശ നിരക്ക് കാരണം യുഎഇയിലെ താമസക്കാർ പുതിയ കടങ്ങൾ എടുക്കുന്നതിന് മുൻപ് രണ്ടുതവണ ആലോചിക്കുന്നുണ്ടെന്ന് യുഎഇയിലെ സാമ്പത്തിക വിദഗ്ദർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്