വാഷിംഗ്ടൺ/ഒട്ടാവ: യുഎസ്-കാനഡ അതിർത്തിയിലുള്ള കനേഡിയൻ പ്രദേശങ്ങൾ അമേരിക്കയോട് ചേർക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിച്ചിരുന്നതായി പ്രമുഖ ബ്രിട്ടീഷ് റോയൽ കമന്റേറ്റർ റോബർട്ട് ഹാർഡ്‌മാന്റെ പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തൽ.
എന്നാൽ ബ്രിട്ടനിലെ ചാൾസ് രാജാവിനോടുള്ള ബഹുമാനം കാരണമാണ് ട്രംപ് ഈ നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞതെന്നും 'എലിസബത്ത് II: ഇൻ പ്രൈവറ്റ്. ഇൻ പബ്ലിക്. ദി ഇൻസൈഡ് സ്റ്റോറി' (Elizabeth II: In Private. In Public. The Inside Story) എന്ന പുസ്തകത്തിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ ഫ്ലോറിഡയിൽ വെച്ച് ഹാർഡ്‌മാനുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ട്രംപ് തന്റെ വിവാദപരമായ താല്പര്യം പങ്കുവെച്ചത്.
കാനഡയുടെ ഭരണത്തലവനായി ഇപ്പോഴും ചാൾസ് രാജാവിനെ അംഗീകരിക്കുന്നുണ്ടോ എന്ന് ട്രംപ് ചോദിച്ചതായും, ഉണ്ടെന്ന മറുപടി കേട്ടപ്പോൾ അദ്ദേഹം തന്റെ പദ്ധതിയിൽ നിന്ന് അയഞ്ഞതായും ഹാർഡ്‌മാൻ കുറിക്കുന്നു.
"കാനഡയ്ക്ക് മോശം രാഷ്ട്രീയക്കാരാണുള്ളത്. അതിർത്തി രേഖ 50 മൈൽ കൂടി വടക്കോട്ട് മാറ്റി വരച്ചിരുന്നെങ്കിൽ പ്രശ്നമുണ്ടാകില്ലായിരുന്നു" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ചാൾസ് രാജാവ് ഉള്ളിടത്തോളം കാലം കാനഡയുടെ പരമാധികാരത്തെ ട്രംപ് വെല്ലുവിളിക്കില്ലെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് പുസ്തകം നിരീക്ഷിക്കുന്നു. നേരത്തെ കാനഡയ്ക്ക് മേൽ 'സാമ്പത്തിക ശക്തി' ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ട്രംപ്, ഇപ്പോൾ കനേഡിയൻ പ്രധാനമന്ത്രിയെ 'ഗവർണർ കാർണി' എന്ന് പരിഹസിച്ചാണ് സംസാരിക്കുന്നത്.
ഏപ്രിലിൽ ചാൾസ് രാജാവ് അമേരിക്ക സന്ദർശിക്കാനിരിക്കെ പുറത്തുവന്ന ഈ വെളിപ്പെടുത്തൽ നയതന്ത്ര വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
