വാഷിംഗ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക സ്വർണ്ണനാണയത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തുന്നു.
അധികാരത്തിൽ ഇരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം നാണയത്തിൽ പതിപ്പിക്കുന്നത് അമേരിക്കൻ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ്. വൈറ്റ് ഹൗസിലെ 'റെസല്യൂട്ട് ഡെസ്കിൽ' കൈകൾ മുറുക്കിപ്പിടിച്ച് നിൽക്കുന്ന ട്രംപിന്റെ രൂപമാണ് 24 കാരറ്റ് സ്വർണ്ണനാണയത്തിൽ ഉണ്ടാവുക. മാർച്ച് 19-ന് ചേർന്ന യുഎസ് കമ്മീഷൻ ഓൺ ഫൈൻ ആർട്സ് യോഗം നാണയത്തിന്റെ രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകി.
നേരത്തെ, 1926-ൽ അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 150-ാം വാർഷിക വേളയിൽ അന്നത്തെ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജിന്റെ ചിത്രം ജോർജ്ജ് വാഷിംഗ്ടണിനൊപ്പം നാണയത്തിൽ ഉൾപ്പെടുത്തിയിരുന്നു.
നിലവിലുള്ള നിയമപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്താൻ പാടില്ലെങ്കിലും, ഇത് വിനിമയത്തിനുള്ള നാണയമല്ലെന്നാണ് ട്രഷറി വിഭാഗത്തിന്റെ വിശദീകരണം. രാജ്യത്തിന്റെ ആത്മവീര്യം പ്രതിഫലിപ്പിക്കാൻ ട്രംപിന്റെ ചിത്രം അനുയോജ്യമാണെന്ന് യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ച് പറഞ്ഞു.
അതേസമയം, ട്രംപിന്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വേച്ഛാധിപതികളും രാജാക്കന്മാരുമാണ് നാണയങ്ങളിൽ സ്വന്തം ചിത്രം പതിപ്പിക്കാറുള്ളതെന്നും ജനാധിപത്യ രാജ്യത്തിന് ഇത് അപമാനമാണെന്നും സെനറ്റർ ജെഫ് മെർക്ക്ലി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
