ബൂര്‍ഗന്‍സ്റ്റോക്ക് (സ്വിറ്റ്‌സര്‍ലന്‍ഡ്)/ദുബായ്: ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍ക്കായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇറാന്‍ അധികൃതരുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍, മറുവശത്ത് ഇറാന് കടുത്ത യുദ്ധ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലബനനിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു എന്ന് ആരോപിച്ച് ആഗോള ഊര്‍ജ്ജ വിപണിയുടെ നിര്‍ണ്ണായക പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചതോടെ മേഖലയില്‍ ആശങ്ക ശക്തമായി.
ഖത്തറിന്റെ മധ്യസ്ഥതയില്‍ സ്വിസ് മലയോര റിസോര്‍ട്ടായ ബൂര്‍ഗന്‍സ്റ്റോക്കിലാണ് യു.എസ്-ഇറാന്‍ പ്രതിനിധികള്‍ പങ്കെടുത്ത നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നത്. കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ ഔദ്യോഗിക ചര്‍ച്ചയായിരുന്നു ഇത്. ലബനനിലെ തങ്ങളുടെ പ്രോക്‌സി ഗ്രൂപ്പുകളെ ഇറാന്‍ നിയന്ത്രിച്ചില്ലെങ്കില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. കഴിഞ്ഞ നാല് മാസമായി ആഗോള ഇന്ധന വിതരണത്തെ ബാധിച്ച ഹോര്‍മുസ് കടലിടുക്ക്, യു.എസ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ വീണ്ടും അടച്ചു.
ലബനനിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും സമാധാന ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്നും ഇത്തരം ചര്‍ച്ചകള്‍ സ്വാഭാവികമായും സങ്കീര്‍ണ്ണമാണെന്നുമായിരുന്നു ജെ.ഡി വാന്‍സിന്റെ പ്രതികരണം. ചര്‍ച്ചകളുടെ ആദ്യ നേട്ടമായി തങ്ങളുടെ മരവിപ്പിച്ച സാമ്പത്തിക സ്രോതസുകളിലേക്ക് പ്രവേശനം ലഭിച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി.
ട്രംപിന്റെ മുന്നറിയിപ്പും ലബനന്‍ പ്രതിസന്ധിയും
മാര്‍ച്ചില്‍ യു.എസ് സഖ്യകക്ഷിയായ ഇസ്രായേല്‍ ലബനന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ കടുത്ത യുദ്ധസാഹചര്യമാണ് നിലനില്‍ക്കുന്നത്. ലബനനിലെ സംഘര്‍ഷങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കണമെന്ന കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ വാഷിംഗ്ടണിന് കഴിഞ്ഞിട്ടില്ലെന്ന് ഇറാന്‍ ആരോപിക്കുന്നു.
ഇതിനിടയിലാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നത്:
'ലബനനിലെ തങ്ങളുടെ പണം പറ്റുന്ന പ്രോക്‌സികള്‍ പ്രശ്‌നമുണ്ടാക്കുന്നത് ഇറാന്‍ ഉടനടി അവസാനിപ്പിക്കണം. ഇല്ലെങ്കില്‍, കഴിഞ്ഞ ആഴ്ച നമ്മള്‍ ചെയ്തതുപോലെ, അതിനേക്കാള്‍ കഠിനമായി ഇറാനെ നമ്മള്‍ വീണ്ടും ആക്രമിക്കും!'- എന്നായിരുന്നു ഭീഷണി.
എന്നിരുന്നാലും, തെക്കന്‍ ലബനനില്‍ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് ആളുകള്‍ തങ്ങളുടെ തകര്‍ന്ന വീടുകളിലേക്ക് തിരികെ യാത്ര തിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് കഴിഞ്ഞ ആഴ്ച യു.എസ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് എണ്ണവിലയില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച വിപണി തുറക്കുമ്പോള്‍ എണ്ണവില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഷിപ്പിംഗ് ഡാറ്റ പ്രകാരം നിലവില്‍ ഇറാന്റെ അനുമതിയില്ലാതെ കപ്പലുകള്‍ക്ക് ഈ പാതയിലൂടെ കടന്നുപോകാന്‍ സാധിക്കുന്നില്ല.
ചര്‍ച്ചകളുടെ അടുത്ത ഘട്ടം അനിശ്ചിതത്വത്തില്‍
ഇറാന്‍ ആണവ പദ്ധതികള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും പകരം അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കുന്നതിനുമായി 60 ദിവസത്തെ ചര്‍ച്ചകള്‍ക്കാണ് ധാരണാപത്രം വിഭാവനം ചെയ്യുന്നത്. എന്നാല്‍, ലബനനിലെ യുദ്ധം പൂര്‍ണ്ണമായി അവസാനിക്കുകയും തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യാതെ ആണവ പദ്ധതികളെക്കുറിച്ചുള്ള അടുത്ത ഘട്ട ചര്‍ച്ചകളിലേക്ക് കടക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
