മെല്‍ബണ്‍: ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം. മോദി തങ്ങിയിരുന്ന മെല്‍ബണിലെ പ്രമുഖ ഹോട്ടല്‍ ലോബിയിലാണ് സുരക്ഷാ വീഴ്ച സൃഷ്ടിച്ച് ചെറുപ്പക്കാരന്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എത്തിയത്.
ദ്വിദിന സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി ഹോട്ടലിന്റെ ലോബിയില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാരന്‍ മോദിയെ ലക്ഷ്യമാക്കി ഉറക്കെ ബഹളം വയ്ക്കുകയായിരുന്നു. 'ഇത് ഓസ്ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്ട്രേലിയക്കാര്‍ക്കുള്ളതാണ്' എന്ന് ഇയാള്‍ ആക്രോശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സോഷ്യല്‍ മീഡിയ പ്രമുഖനായ ഹ്യൂഗോ ലെനോണ്‍ (22) ആണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബഹളം തുടങ്ങിയ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ബലപ്രയോഗത്തിലൂടെ സംഭവസ്ഥലത്ത് നിന്ന് മാറ്റുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുന്‍പും പ്രധാനമന്ത്രി പങ്കെടുത്ത ഔദ്യോഗിക സ്വീകരണ ചടങ്ങില്‍ ഇയാള്‍ സമാനമായ രീതിയില്‍ അനാവശ്യമായി ബഹളമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നതായി വിവരമുണ്ട്.
പ്രധാനമന്ത്രി താമസിക്കുന്ന അതീവ സുരക്ഷാ മേഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നതും, ബഹുനില ഹോട്ടലിലെ സുരക്ഷാ വലയം ഭേദിച്ച് എങ്ങനെ ബാല്‍ക്കണിയിലെത്തി എന്നതും വ്യക്തമല്ല. സംഭവത്തില്‍ മെല്‍ബണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
