സൗദി-യമന്‍ സംഘര്‍ഷം രൂക്ഷം: ഹൂതി ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

NOVEMBER 20, 2026, 7:33 PM


ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം രൂക്ഷമാകുന്നു. യമനിലെ ഹൊദെയ്ദ തുറമുഖത്തും വൈദ്യുതി നിലയങ്ങളിലും സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, വരും മണിക്കൂറുകളില്‍ സൗദി അറേബ്യയ്ക്ക് നേരെ അതിരൂക്ഷമായ പ്രത്യാക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സൗദിയിലേക്കുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുകയാണ്.

റിയാദ്, ദമാം സര്‍വീസുകള്‍ ഈ മാസം 30 വരെയും ജിദ്ദ സര്‍വീസുകള്‍ 24 വരെയും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും റദ്ദാക്കി. ഇന്‍ഡിഗോ സൗദിയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും 30 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. സൗദി വ്യോമപാത സുരക്ഷിതമല്ലെന്നും വിമാനക്കമ്പനികള്‍ ആകാശപാത ഒഴിവാക്കണമെന്നും ഹൂതി വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ നടപടി.

യമനിലെ സാദ, മോഖ വൈദ്യുതി പ്ലാന്റുകള്‍ തകര്‍ത്തതിന് തിരിച്ചടിയായി സൗദിയിലെ ഷുഖൈഖ് പവര്‍ പ്ലാന്റും ജിദ്ദ ഉള്‍പ്പെടെയുള്ള പ്രധാന തുറമുഖങ്ങളും ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി. റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്ററില്‍ നിന്ന് ജീവനക്കാരും പൊതുജനങ്ങളും ഒഴിഞ്ഞുപോകാന്‍ ഹൂതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അരാംകോയുടെ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന ജിസാനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും മൊബൈല്‍ ഫോണുകളിലേക്ക് മിസൈല്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. അതേസമയം, മക്കയെയും മദീനയെയും ആക്രമണങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബാലിസ്റ്റിക് മിസൈലുകളും ആയുധങ്ങളും കടത്തുന്നത് തടയാനായി യെമനിലെ ഹൊദെയ്ദ തുറമുഖത്ത് സൗദി സഖ്യസേന ശക്തമായ ആക്രമണം നടത്തി. സാധാരണക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സുരക്ഷിത പാത ഒരുക്കിയ ശേഷമായിരുന്നു സൈനിക നടപടി. സനാ, സാദ, തായിസ് എന്നിവിടങ്ങളിലെ ഹൂതി ആയുധസംഭരണ കേന്ദ്രങ്ങള്‍ തകര്‍ത്തതായും സൈനിക ശേഷി പൂര്‍ണ്ണമായി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam