മോസ്കോ: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തെ അതിശക്തമായി അപലപിച്ച് റഷ്യ. പരമാധികാരമുള്ള ഒരു യുഎൻ അംഗരാജ്യത്തിന് നേരെ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തുന്ന സായുധ അധിനിവേശം ആണിതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. സൈനിക നടപടികൾ ഉടനടി നിർത്തിവെച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
ഇറാന്റെ ആണവ പദ്ധതിയോടുള്ള ആശങ്ക വെറും പുകമറ മാത്രമാണെന്നും, യഥാർത്ഥത്തിൽ ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കുകയാണ് (Regime Change) വാഷിംഗ്ടണിന്റെയും തെൽ അവീവിന്റെയും ലക്ഷ്യമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ടെലിഗ്രാമിലൂടെ അറിയിച്ചു.
ഈ ആക്രമണങ്ങൾ പശ്ചിമേഷ്യയെ വലിയൊരു മാനുഷിക-സാമ്പത്തിക പ്രതിസന്ധിയിലേക്കും ഒരുപക്ഷേ റേഡിയോളജിക്കൽ ദുരന്തത്തിലേക്കും തള്ളിവിടുമെന്ന് മോസ്കോ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ആണവ കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് റഷ്യ വ്യക്തമാക്കി.
നയതന്ത്ര ശ്രമങ്ങളെ പാടെ ഉപേക്ഷിച്ച അമേരിക്കയുടെയും ട്രംപിന്റെയും യഥാർത്ഥ മുഖമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദെവ് ആഞ്ഞടിച്ചു.
മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന ഇസ്രയേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യ, നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായും നയതന്ത്രപരമായും പരിഹരിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം വഴി വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
