പുടിനുമായി ചര്‍ച്ച നടത്തി ഫിന്‍ലാന്‍ഡ്-നോര്‍വേ നേതാക്കള്‍; ഉക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക നീക്കം

OCTOBER 27, 2026, 12:26 PM

ഹെല്‍സിങ്കി / ഓസ്ലോ: ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംയുക്ത ഫോണ്‍ സംഭാഷണം നടത്തി ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബും നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറും. 2025 ജൂലൈയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ സംഭാഷണത്തിന് ശേഷം ആദ്യമായാണ് ഒരു യൂറോപ്യന്‍ നേതാവ് പുടിനുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നത്.

ചൊവ്വാഴ്ച ഫിന്നിഷ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നിന്ന് നടന്ന 90 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം തികച്ചും തുറന്നതും കാതലായതുമായിരുന്നു എന്ന് നേതാക്കള്‍ വ്യക്തമാക്കി. മുഴുവന്‍ യൂറോപ്പിന്റെയും പേരില്‍, മേഖലയിലെ സമാധാനവും സ്ഥിരതയും മുന്‍നിര്‍ത്തിയാണ് റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്.

സംഭാഷണത്തിനിടയില്‍ ഇരുപക്ഷവും തമ്മില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നതായി നോര്‍വേ പ്രധാനമന്ത്രി സ്റ്റോര്‍ അറിയിച്ചു. യുദ്ധം വരുത്തിവെക്കുന്ന വലിയ നാശനഷ്ടങ്ങള്‍ വരും തലമുറകളെപ്പോലും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെയും നാറ്റോയുടെയും ഏറ്റുമുട്ടല്‍ നയങ്ങളാണ് യുദ്ധം നീണ്ടുപോകാന്‍ കാരണമെന്നായിരുന്നു പുടിന്റെ കുറ്റപ്പെടുത്തല്‍. റഷ്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാല്‍ മാത്രമേ ശാശ്വതമായ സമാധാനം സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. നവംബറില്‍ അബുദാബിയില്‍ നടക്കാനിരിക്കുന്ന ഉക്രെയ്ന്‍-റഷ്യ-യുഎസ് ത്രികക്ഷി ചര്‍ച്ചകളെക്കുറിച്ചും ഈ സംഭാഷണത്തില്‍ പ്രധാന വിഷയമായി.

റഷ്യന്‍ പ്രസിഡന്റുമായുള്ള സംഭാഷണത്തിന് ശേഷം ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി നോര്‍ഡിക് നേതാക്കളുമായി സംസാരിക്കുകയും അവരുടെ സജീവ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. അബുദാബി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യൂറോപ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഈ നീക്കത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മറ്റ് സഖ്യകക്ഷികളുമായി ഏകോപിപ്പിക്കാതെ നടത്തിയ ഈ ചര്‍ച്ചയെ വലിയ സംശയത്തോടെയാണ് കാണുന്നതെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ പ്രതികരിച്ചു. എന്നാല്‍, വരാനിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ച് യൂറോപ്പിന്റെ നിലപാട് മിതമായ ശുഭാപ്തിവിശ്വാസം നല്‍കുന്നതാണെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് തുസ്‌ക് അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യക്ക് മേലുള്ള ചില ഉപരോധങ്ങളില്‍ അയവ് വരുത്തുകയും റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് അനുമതി നല്‍കുകയും ചെയ്തതോടെ യുഎസും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തില്‍ അല്പം അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, സമാധാന ചര്‍ച്ചകളില്‍ ഒരു യൂറോപ്യന്‍ മധ്യസ്ഥന്റെ സാന്നിധ്യം നല്ലതായിരിക്കുമെന്ന ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രസ്താവന വരാനിരിക്കുന്ന നയതന്ത്ര നീക്കങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam