സ്റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുരസ്‌കാരം ലഭിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നാണ് പുരസ്‌കാര പ്രഖ്യാപനം. നൊബേല്‍ സമ്മാനത്തിന് ഇത്തവണ 338 നാമനിര്‍ദേശങ്ങളാണുള്ളത്.
താന്‍ ഇടപെട്ട് ഏഴ് യുദ്ധങ്ങളാണ് അവസാനിപ്പിച്ചതെന്നും അതുകൊണ്ടു തന്നെ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. നൊബേല്‍ സമ്മാനം ലഭിച്ചില്ലെങ്കില്‍ അത് തന്റെ രാജ്യത്തിന് അപമാനമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേലും ഹമാസും തമ്മില്‍ രണ്ട് വര്‍ഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയില്‍ സമാധാന കരാര്‍ സാധ്യമാക്കിയതോടെ ട്രംപിനെ അനുകൂല നിലപാടുമായി നിരവധി ലോകനേതാക്കളും എത്തി.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് എന്നിവര്‍ പുരസ്‌കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്തവരില്‍പ്പെടുന്നു. നൊബേല്‍ പുരസ്‌കാര സമിതിക്ക് ഇതുവരെ ലഭിച്ച നാമ നിര്‍ദേശങ്ങളില്‍ 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
അടുത്തിടെ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ശതകോടീശ്വരനായ വ്യവസായി ഇലോണ്‍ മസ്‌ക്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം തുടങ്ങിയവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാനിലെ മനുഷ്യാവകാശ, ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് നിലവില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍ വേള്‍ഡ് അലയന്‍സ് അംഗങ്ങളും നോര്‍വേയിലെ രാഷ്ട്രീയ പാര്‍ട്ടിയായ പാര്‍ട്ടിയറ്റ് സെന്‍ട്രം സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്