ന്യൂഡല്‍ഹി: മാലിദ്വീപില്‍ നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കാവുന്ന പണത്തിന്റെ പരിധി വെട്ടിച്ചുരുക്കുന്നതില്‍ മലയാളികള്‍ ഉള്‍പ്പടെ പ്രവാസികള്‍ ആശങ്കയില്‍. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാലിദ്വീപ് വഴി നിയന്ത്രണങ്ങളിലാതെ പണമയക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോഴത് പ്രതിമാസം 150 ഡോളറായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നു. മാലിദ്വീപില്‍ ആറായിരത്തോളം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ തന്നെ രണ്ടായിരത്തോളം പേര്‍ മലയാളികളാണ്.
അതേസമയം മാലിദ്വീപിലുള്ള ഡോളറിന്റെ ലഭ്യതക്കുറവാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നാണ് എസ്ബിഐ പറയുന്നത്. പതിനായിരം രൂപ നാട്ടിലയക്കുന്നതിന് പന്ത്രണ്ടായിരം രൂപയാണ് ഏജന്റുമര്‍ ആവശ്യപ്പെടുന്നത്. അധ്യാപക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഇതിനിടയിലാണ് പണമയക്കുന്നതിന് കൂടി കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ മാലിദ്വീപ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി എസ് ബി ഐക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം സൃഷ്ടിക്കണമെന്നാണ് മാലിദ്വീപിലെ പ്രവാസികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മലയാളികള്‍ കേരളത്തിലെ എംപി മാര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇവരുടെ ഇടപെടലിലൂടെ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മാലിദ്വീപിലെ സാമ്പത്തിക പ്രതിസന്ധിയാണ് ബാങ്കുകള്‍ക്ക് ആവശ്യമായ ഡോളര്‍ ലഭ്യമാക്കുന്നതില്‍ കുറവ് വരുന്നതിന് കാരണമാകുന്നത്.
അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍ മേഖലകളിലാണ് കൂടുതല്‍ പേരും ജോലി നോക്കുന്നത്. പ്രതിമാസം മാലിദ്വീപ് റുഫിയയില്‍ ലഭിക്കുന്ന ശമ്പളം, ഇന്ത്യന്‍ രൂപയാക്കി നാട്ടിലേക്ക് അയക്കുന്നതിനുള്ള ഏക മാര്‍ഗം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാലിദ്വീപ് ബ്രാഞ്ചായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ മാലിദ്വീപ്‌സ് ആണ്. 2023 മുതല്‍ ഇത്തരത്തില്‍ പണമയക്കുന്നത് 500 ഡോളറാക്കി പരിമിതിപ്പെടുത്തിയിരുന്നു. 2024 ഇത് വീണ്ടും കുറച്ച് 400 ഡോളറാക്കി നിശ്ചയിച്ചു. എന്നാല്‍ 2025 ഒക്ടോബര്‍ 25 മുതല്‍ ഇത് 150 ഡോളറായി കുറയ്ക്കുകയാണന്നാണ് എസ്ബിഐ മാലിദ്വീപ്‌സ് ബ്രാഞ്ച് ഉപഭോക്താക്കള അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്