കുവൈറ്റിലെ ചാലറ്റ് നിയമം കടുക്കുന്നു: വാരാന്ത്യ ഒത്തുചേരലുകള്‍ ഇനി എവിടെ? പ്രവാസികള്‍ ആശങ്കയില്‍

JUNE 16, 2026, 5:26 AM

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രാജ്യാതിര്‍ത്തി മേഖലകളിലും തീരപ്രദേശങ്ങളിലും അവധിക്കാലം ആഘോഷിക്കാന്‍ ഉപയോഗിക്കുന്ന ചാലറ്റുകള്‍ക്കും (Chalets) റെസ്റ്റ് ഹൗസുകള്‍ക്കും ഇനി കനത്ത നിരീക്ഷണം. ലൈസന്‍സ് ഉടമകള്‍ക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ നിയന്ത്രണങ്ങളാണ് ധനമന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

അനുവദിച്ച സൈറ്റുകള്‍ മൂന്നാം കക്ഷികള്‍ക്ക് മറിച്ചു വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ പാടുള്ളതല്ലെന്ന് മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് വ്യവസ്ഥകളില്‍ എന്തെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാല്‍ മുന്‍കൂര്‍ നോട്ടീസോ മുന്നറിയിപ്പോ നല്‍കാതെ തന്നെ ലൈസന്‍സ് റദ്ദാക്കാനും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനും അധികൃതര്‍ക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കും.

സര്‍ക്കാരില്‍ നിന്ന് കുറഞ്ഞ തുകയ്ക്ക് ലീസിനെടുക്കുന്ന ചാലറ്റുകള്‍, വന്‍ തുകയ്ക്ക് മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കി ലക്ഷക്കണക്കിന് ദിനാറിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ നടത്തി വന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം അനധികൃത ഇടപാടുകള്‍ക്ക് പൂര്‍ണമായി പൂട്ടുവീഴും. മൂന്നാം കക്ഷികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന പല ചാലറ്റുകളും സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇവിടെ ലഹരി പാര്‍ട്ടികളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി സുരക്ഷാ വിഭാഗത്തിന് രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കൃത്യമായ നികുതി ഈടാക്കാനുമാണ് ഇപ്പോള്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് മന്ത്രാലയം കടന്നിരിക്കുന്നത്.

മന്ത്രാലയത്തിന്റെ ഈ കടുത്ത തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് സാധാരണക്കാരായ പ്രവാസികളെയാണ്. കുവൈറ്റിലെ കടുത്ത ചൂടില്‍ നിന്നും കഠിനമായ ജോലിത്തിരക്കുകളില്‍ നിന്നും മാറി, വാരാന്ത്യങ്ങളില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുകൂടാന്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഇത്തരം ചാലറ്റുകളെയായിരുന്നു.

പുതിയ കടുത്ത നിയമം വരുന്നതോടെ ലൈസന്‍സ് റദ്ദാക്കപ്പെടുമെന്ന ഭയത്താല്‍ ഉടമകള്‍ ചാലറ്റുകള്‍ പ്രവാസികള്‍ക്കോ മറ്റ് കൂട്ടായ്മകള്‍ക്കോ വാടകയ്ക്ക് നല്‍കാന്‍ മടിക്കും. ഇത് വരും ദിവസങ്ങളില്‍ പ്രവാസികളുടെ വീക്കെന്‍ഡ് ആഘോഷങ്ങളുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും നിറം കെടുത്തുമെന്ന് ഉറപ്പാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam