ടെൽ അവീവ്: ഖത്തറിനെതിരായ ആക്രമണം ഇസ്രായേലിന്റെ 'സ്വതന്ത്ര തീരുമാന'മാണെന്ന് ബെഞ്ചമിൻ നെതന്യാഹു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം.
ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു ആവർത്തിച്ചു. ഇസ്രായേൽ സന്ദർശനത്തിനിടെ നടന്ന ഉന്നതതല യോഗത്തിന് ശേഷം റൂബിയോയും നെതന്യാഹുവും സംയുക്ത പത്രസമ്മേളനം നടത്തി.
സെപ്റ്റംബർ 9 ന് ഖത്തറിലെ ദോഹയിൽ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇസ്രായേൽ സന്ദർശനം.
ഇന്നലെ ഇസ്രായേലിലെത്തിയ മാർക്കോ റൂബിയോ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ, മുതിർന്ന ഇസ്രായേൽ കാബിനറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഹമാസിനെ ലക്ഷ്യം വച്ചുള്ള ഖത്തറിലെ ആക്രമണത്തിൽ ഇസ്രയേലിനെ വിമർശിക്കുന്നതിൽ "വന്‍ കാപട്യം" ഉണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 9/11 ന് ശേഷം അംഗീകരിച്ച ഐക്യരാഷ്ട്രസഭ പ്രമേയം പ്രകാരം ഒരു രാജ്യത്തിനും 'തീവ്രവാദികളെ' വളർത്താൻ കഴിയില്ലെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി.
"നിങ്ങൾക്ക് ഒളിക്കാം, നിങ്ങൾക്ക് ഓടാം, പക്ഷേ ഞങ്ങൾ നിങ്ങളെ പിടികൂടും," നെതന്യാഹു പറഞ്ഞു. ഭീകരർക്ക് സ്ഥലമൊരുക്കുമ്പോൾ പരമാധികാരം ഇല്ലാതാകുമെന്ന് നെതന്യാഹു പറഞ്ഞു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയെ ഒപ്പം നിർത്തിക്കൊണ്ടായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം.
ഗാസയിൽ തകർക്കപ്പെടുന്ന ബഹുനില കെട്ടിടങ്ങൾ ഹമാസിന്റെ ശക്തികേന്ദ്രങ്ങളാണെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. ലോകം ഗാസയെക്കുറിച്ചുള്ള "മുൻഗണനകളും വസ്തുതകളും ശരിയാക്കണം" എന്നും ഇസ്രയേൽ അവരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നത് തുടരുമെന്നും നെതന്യാഹു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്