ബാകു: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ പ്രാദേശിക സമാധാനം തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിക്കുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പെഹല്‍ഗാമിലുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇതിന് ശേഷം പ്രകോപനപരമായ ശത്രുത പാകിസ്ഥാനോട് കാണിച്ച് മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ഇന്ത്യ ശ്രമിച്ചെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.
ഓപ്പറേഷന്‍ സിന്ദൂരിനിടെ പാക്കിസ്ഥാനെ പിന്തുണച്ച രാജ്യങ്ങളിലൊന്നായ അസര്‍ബൈജാനില്‍ നടന്ന സാമ്പത്തിക സഹകരണ സംഘടനയുടെ (ഇസിഒ) ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഷെരീഫ്. കശ്മീരില്‍ നിരപരാധികള്‍ക്കെതിരായ ക്രൂരമായ പ്രവൃത്തികളാണ് അരങ്ങേറുന്നതെന്നും അതിനെ അപലപിക്കുന്നെന്നും ഷെരീഫ് പറഞ്ഞു. ഇസ്രായേല്‍ ഗാസയിലും ഇറാനിലും നടത്തുന്ന സൈനിക നടപടികളെയും പാക് പ്രധാനമന്ത്രി അപലപിച്ചു.
'ഗാസയിലായാലും കശ്മീരിലായാലും ഇറാനിലായാലും ലോകത്തെവിടെയുമുള്ള നിരപരാധികള്‍ക്കെതിരെ പ്രാകൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പാകിസ്ഥാന്‍ ശക്തമായി നിലകൊള്ളുന്നു,' ഷെരീഫ് പറഞ്ഞു.
ഏപ്രില്‍ 22 ന്, പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയില്‍ പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍ഇതൊയ്ബയുടെ ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) നടത്തിയ ആക്രമണത്തില്‍ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നടപടിയിലൂടെ പാക് ഭീകര ക്യാംപുകളും പിന്നീട് പാക് വ്യോമ താവളങ്ങളും തകര്‍ത്ത് ഇന്ത്യ പ്രതികാരം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്