കെയ്‌റോ: ഇസ്രായേൽ-ഹമാസ് ചർച്ചകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ ഈജിപ്തിലെത്തി. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനൊപ്പമാണ് ചർച്ചകൾക്കായി കുഷ്‌നർ എത്തിയത്.
വിറ്റ്കോഫും കുഷ്‌നറും ഈജിപ്തിലേക്ക് പോകുന്നതിനുമുമ്പ് ഗാസ ചർച്ചകളുടെ പുരോഗതി ചർച്ച ചെയ്യാൻ ട്രംപ് ചൊവ്വാഴ്ച തന്റെ ഉന്നത ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത 48 മണിക്കൂർ ഒരു കരാറിലെത്താനുള്ള ശ്രമങ്ങൾക്ക് നിർണായകമാകുമെന്ന് ട്രംപ് പറഞ്ഞതായി യോഗങ്ങളിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് റിപ്പോർട് ചെയ്യപ്പെട്ടു.
ചൊവ്വാഴ്ച ഈജിപ്തിൽ പിന്നിട്ട രണ്ടാം ദിവസത്തെ ചർച്ചകൾ കാര്യമായ ഫലമില്ലാതെ അവസാനിച്ചിരിക്കയാണ്. തലസ്ഥാനമായ കെയ്റോയിലാണ് ചർച്ചകൾ. പ്രധാന മധ്യസ്ഥനായ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയും തുർക്കി രഹസ്യാന്വേഷണ വിഭാഗം മേധാവിയും ചർച്ചയിൽ പങ്കാളിയാവുന്നുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉന്നത ഉപദേഷ്ടാവ് റോൺ ഡെർമറും പങ്കെടുക്കും. ഗാസവംശഹത്യയുടെ രണ്ടാം വാർഷികത്തിൽ ലോകം മുഴുവനും പലസ്തീൻ ഐക്യദാർഢ്യ റാലികൾ ഉണ്ടായി. ഇസ്രയേലിൽ ഹമാസ് ആക്രമണത്തിന്റെ വാർഷികവും പ്രഖ്യാപിച്ചു.
അതേസമയം, 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാർഷികം ഇസ്രയേൽ ആചരിക്കുന്നതിനിടെ, പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രതികരിച്ചില്ല. എങ്കിലും നിർണ്ണായകമായ തീരുമാനങ്ങളുടെ ദിവസങ്ങളിലാണ് ഇസ്രയേലെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്