സിഡ്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആരോണ്‍ സമ്മേഴ്‌സ് കുറ്റം സമ്മതിച്ചു. ബിഗ് ബാഷ് ലീഗിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുള്ള മുപ്പതുകാരനായ ഈ ഫാസ്റ്റ് ബോളര്‍, പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് കേസുകളിലും അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് കുട്ടിയെ ചൂഷണം ചെയ്യാന്‍ വശീകരിച്ച കേസിലുമാണ് ഇപ്പോള്‍ കുറ്റം സമ്മതിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മുന്‍പ് ജാമ്യത്തിലായിരുന്ന സമ്മേഴ്‌സിനെ കോടതി റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ ശിക്ഷാ വിധി ഓഗസ്റ്റില്‍ പ്രഖ്യാപിക്കും.
ഹോബാര്‍ട്ട് ഹറികെയ്ന്‍സിന് വേണ്ടി സമ്മേഴ്‌സ് കളിക്കാനിറങ്ങിയ 2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. അക്കാലത്ത് കടുത്ത മാനസിക വിഷമങ്ങളിലൂടെയും സാമൂഹിക ഒറ്റപ്പെടലിലൂടെയും കടന്നുപോവുകയായിരുന്ന 22 കാരനായ സമ്മേഴ്‌സ്, സോഷ്യല്‍ മീഡിയ വഴിയാണ് 15 വയസുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് കോടതിയില്‍ ഇയാളുടെ അഭിഭാഷക കരോളിന്‍ ഗ്രേവ്‌സ് വാദിച്ചു.
ആ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരില്‍ ഒരാളായിരുന്ന സമ്മേഴ്‌സിനെ രാജ്യാന്തര തലത്തിലേക്ക് വരെ പരിഗണിച്ചിരുന്നതാണെന്നും അഭിഭാഷക ഓര്‍മ്മിപ്പിച്ചു. ചെയ്ത തെറ്റ് സമ്മേഴ്‌സിന്റെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ലെന്നും എന്നാല്‍ അയാള്‍ക്ക് ജീവിതവുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും വ്യക്തമാക്കിയ പ്രതിഭാഗം, ഇയാള്‍ ഇനി ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും കോടതിയെ ബോധിപ്പിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ സമ്മേഴ്‌സ് മുന്‍പും നിയമനടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈവശം വയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ 2021 ല്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടാസ്‌മേനിയയെ പ്രതിനിധീകരിച്ചിട്ടുള്ള സമ്മേഴ്‌സ്, ബിഗ് ബാഷ് ലീഗില്‍ ഹോബാര്‍ട്ട് ഹറികെയ്ന്‍സിനായും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്സിനായും കളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
