ദുബായ്: ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഏകദേശം 20,000 പുതിയ ജീവനക്കാരെ നിയമിക്കും. വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ രാജ്യങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുമുള്ള മുന്നോടിയാണിത്. ബുധനാഴ്ച ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ ആദേൽ അൽ റെദ ഇക്കാര്യം പ്രഖ്യാപിച്ചു.
പ്രധാനമായും ഓപ്പറേഷൻസ് വിഭാഗത്തിലാണ് തൊഴിലവസരങ്ങൾ. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, ടെക്‌നീഷ്യൻമാർ, വിമാനത്താവള ജീവനക്കാർ, ഇതിനുപുറമെ, ഐടി, അഡ്മിനിസ്ട്രേഷൻ വകുപ്പുകളിൽ കൂടുതൽ ആളുകളെ നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയിൽ നിന്നും രാജ്യത്തിന് പുറത്തുനിന്നും അപേക്ഷകൾ സ്വീകരിക്കും. ദേശസാൽക്കരണത്തിന്റെ ഭാഗമായി എമിറാത്തി പൗരന്മാർക്കായി പ്രത്യേക പരിശീലന പരിപാടികളും എമിറേറ്റ്‌സ് തയ്യാറാക്കുന്നുണ്ട്.
ഈ വർഷം മാത്രം 17 പുതിയ എയർബസ് A350 വിമാനങ്ങൾ എമിറേറ്റ്‌സ് നിരയിൽ ചേരും. 2027-ഓടെ ബോയിംഗ് 777X വിമാനങ്ങളും എത്തിത്തുടങ്ങും. പുതിയ വിമാനങ്ങൾ എത്തുന്നതോടെ കൂടുതൽ റൂട്ടുകൾ ആരംഭിക്കാനും നിലവിലെ സർവീസുകളുടെ എണ്ണം കൂട്ടാനും ജീവനക്കാരുടെ വർധനവ് അത്യാവശ്യമാണ്. ഇതോടെയാണ് പുതിയ ജീവനക്കാരെ നിയമിക്കാൻ കമ്പനി ഒരുങ്ങുന്നത്.
പല അന്താരാഷ്ട്ര എയർലൈനുകളും പൈലറ്റുമാരുടെ ക്ഷാമം നേരിടുമ്പോൾ എമിറേറ്റ്‌സിന് അത്തരം പ്രതിസന്ധികളില്ലെന്ന് അൽ റെദ പറഞ്ഞു. ദുബൈ നൽകുന്ന സുരക്ഷയും ജീവിതസൗകര്യങ്ങളും ലോകമെമ്പാടുമുള്ള ഉദ്യോഗാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
