ജറുസലം: യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച്ച നടത്തി.
ഗാസ നഗരം പിടിച്ചെടുക്കാൻ സൈന്യം തയ്യാറെടുക്കുന്നതിനിടെ, അവിടെ നിന്ന് പാലസ്തീനികളെ ഒഴിപ്പിക്കുന്നത് അനിവാര്യമാണെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. വാഷിങ്ടനിലുള്ള ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതേസമയം നഗരത്തിലെ പുതിയൊരു പ്രദേശത്തേക്ക് ഒറ്റരാത്രികൊണ്ട് ഇസ്രായേലി ടാങ്കുകൾ അതിക്രമിച്ചു കയറി, വീടുകൾ നശിപ്പിക്കുകയും കൂടുതൽ താമസക്കാരെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗാസ സിറ്റിയിലെ റോഡുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി ഇസ്രയേൽ ടാങ്കുകൾ കൂടുതൽ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. ആയിരക്കണക്കിനു കുടുംബങ്ങൾ നഗരം വിട്ടു. സിറ്റിയുടെ കിഴക്ക് സെയ്തൂൺ, സബ്ര, ഷെജയ്യ എന്നിവിടങ്ങളിൽ കനത്ത ബോംബിങ് തുടർന്നു.
4 വയസ്സുള്ള പെൺകുട്ടി അടക്കം 32 പാലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ ഉന്നത നേതാവ് മഹ്മൂദ് അൽ അസ്‌വദിനെ വധിച്ചതായും ഇസ്രയേൽ സേന അവകാശപ്പെട്ടു. ഗാസ സിറ്റിയുടെ വടക്കൻ മേഖലയിലെ ഇബാദ് അൽറഹ്മാൻ പ്രദേശമാണ് ടാങ്കുകൾ വളഞ്ഞത്.
അതേസമയം ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം "ഭയാനകമായ മാനുഷിക പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയും സർക്കാരിതര സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഒഴികെയുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ എല്ലാ അംഗങ്ങളും ഗാസയിലെ ക്ഷാമത്തെ "മനുഷ്യനിർമിത പ്രതിസന്ധി" എന്ന് വിളിക്കുകയും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ റിപ്പോർട്ടിൽ അഗാധമായ ആശങ്കയും ദുരിതവും പ്രകടിപ്പിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്