റെജീന(കാനഡ): കാനഡയില്‍ അംഗീകാരമില്ലാതെ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് ലക്ഷക്കണക്കിന് ഡോളര്‍ വരുമാനം മറച്ചുവെച്ച വ്യക്തിക്ക് കനത്ത പിഴയും തടവുശിക്ഷയും. ബ്രിട്ടീഷ് കൊളംബിയയിലെ റോബര്‍ട്ട്‌സ് ക്രീക്ക് സ്വദേശിയായ ക്വി വാങ് എന്നയാളെയാണ് കാനഡ റവന്യൂ ഏജന്‍സി പിടികൂടിയത്. ആദായനികുതി നിയമപ്രകാരം രണ്ട് കൗണ്ടുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റെജീന കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.
ഏകദേശം 1,12,627 കനേഡിയന്‍ ഡോളര്‍ (ഏകദേശം 95 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ഇയാള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ ആറുമാസത്തെ സോപാധിക തടവ് ശിക്ഷയ്ക്കും കോടതി ഉത്തരവിട്ടു. കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിച്ച വിദേശ പൗരന്മാരെ സഹായിച്ച വകയില്‍ വലിയ തുകയാണ് വാങ് കൈപ്പറ്റിയിരുന്നത്. 2013 നും 2016 നും ഇടയില്‍ ഇത്തരത്തില്‍ 494,891 ഡോളര്‍ ഇയാള്‍ സമ്പാദിച്ചതായി റവന്യൂ ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ ഭൂരിഭാഗം തുകയും ഇയാള്‍ സമ്പാദിച്ചത് അനധികൃതമായി ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടസി നടത്തിയതിലൂടെയായിരുന്നു. ഈ വരുമാന വിവരങ്ങളൊന്നും തന്നെ ഇയാള്‍ നികുതി വകുപ്പിനെ അറിയിക്കുകയോ കൃത്യമായി ടാക്‌സ് ഫയല്‍ ചെയ്യുകയോ ചെയ്തിരുന്നില്ല.
നികുതി വെട്ടിപ്പ് നടത്താന്‍ ഇയാള്‍ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും കോടതി കണ്ടെത്തിയിട്ടുണ്ട്. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് റവന്യൂ ഏജന്‍സി അന്വേഷണം ആരംഭിച്ചത്. 15 വര്‍ഷത്തോളം നീണ്ട സങ്കീര്‍ണ്ണമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. നികുതി വെട്ടിപ്പ് നടത്തുന്നത് രാജ്യത്തെ ജനങ്ങള്‍ ആശ്രയിക്കുന്ന പൊതു സേവനങ്ങളെയും ക്ഷേമപദ്ധതികളെയും തകര്‍ക്കുന്നതിന് തുല്യമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് കാനഡ റവന്യൂ ഏജന്‍സി വ്യക്തമാക്കി.
അനധികൃത ഇമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചട്ടലംഘനങ്ങള്‍ക്കായി പ്രത്യേകമായി 2 ലക്ഷം ഡോളര്‍ പിഴയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ വെട്ടിച്ച നികുതി തുകയും അതിന്റെ പലിശയും ഇയാള്‍ പ്രത്യേകം അടയ്‌ക്കേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
