കാൽഗറി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ കടുത്ത മത്സരത്തിനിടയിൽ തങ്ങളുടെ കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനായി കാനഡയിൽ ആദ്യമായി വമ്പൻ ഡാറ്റാ സെന്റർ നിർമ്മിക്കാൻ ഒരുങ്ങി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. മധ്യ ആൽബർട്ടയിലെ സ്റ്റർജൻ കൗണ്ടിയിൽ നിർമ്മിക്കുന്ന ഈ പദ്ധതിക്കായി 13 ബില്യൺ കനേഡിയൻ ഡോളറാണ് (ഏകദേശം 9.17 ബില്യൺ യു.എസ് ഡോളർ) കമ്പനി നിക്ഷേപിക്കുന്നത്. 1 ഗിഗാവാട്ട് ശേഷിയുള്ള ഈ ഡാറ്റാ സെന്റർ ഭാവിയിൽ 1.8 ഗിഗാവാട്ട് വരെയായി ഉയർത്താൻ സാധിക്കും. ആഗോളതലത്തിൽ മെറ്റായുടെ 33-ാമത്തെ ഡാറ്റാ സെന്ററാണിത്.
ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ കാൽഗറിയിൽ വെച്ചാണ് മെറ്റാ അധികൃതർ ഈ പ്രഖ്യാപനം നടത്തിയത്. സിലിക്കൺ വാലിയിലെ വൻകിട കമ്പനികളെ തങ്ങളുടെ പ്രവിശ്യയിലേക്ക് ആകർഷിക്കാൻ ആൽബർട്ട സർക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. പ്രവിശ്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ വലിയ പദ്ധതിയാണിതെന്നും എന്നാൽ ഇത് അവസാനത്തേതല്ലെന്നും ആൽബർട്ടയുടെ സാങ്കേതികവിദ്യാ മന്ത്രി നേറ്റ് ഗ്ലൂബിഷ് വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയോടെ വൻകിട ടെക് കമ്പനികളുടെ ഊർജ്ജ ആവശ്യങ്ങൾ കുത്തനെ ഉയർന്നിട്ടുണ്ട്. യു.എസിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ പ്രകൃതിവാതകം ലഭ്യമാണെന്നതാണ് ഡാറ്റാ സെന്ററിനായി ആൽബർട്ടയെ തിരഞ്ഞെടുക്കാൻ മെറ്റായെ പ്രേരിപ്പിച്ചത്. കൂടാതെ, ഇവിടുത്തെ തണുത്ത കാലാവസ്ഥ സൂപ്പർ കമ്പ്യൂട്ടറുകളെ തണുപ്പിച്ചു നിർത്തുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ഏകദേശം 8,00,000 വീടുകൾക്ക് ആവശ്യമായ അത്രയും വൈദ്യുതി ഈ ഡാറ്റാ സെന്ററിന് ആവശ്യമായി വരും. ഇതിനായി പുതിയ പവർ ഗ്രിഡ് ഇൻഫ്രാസ്ട്രക്ചറിനുള്ള തുക മെറ്റാ തന്നെയാണ് പൂർണ്ണമായും മുടക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ക്ലീൻ ആന്റ് റിന്യൂവബിൾ എനർജിയിലും കമ്പനി നിക്ഷേപം നടത്തും. അതോടൊപ്പം, ഡാറ്റാ സെന്റർ തണുപ്പിക്കുന്നതിനായി 'ക്ലോസ്ഡ് ലൂപ്പ് ലിക്വിഡ് കൂളിംഗ്' സിസ്റ്റം ഉപയോഗിക്കുന്നതിനാൽ ഒരു സാധാരണ ഗോൾഫ് കോഴ്സിന് ആവശ്യമായതിനേക്കാൾ കുറഞ്ഞ വെള്ളം മാത്രമേ ഇവിടെ ഉപയോഗിക്കൂ എന്നും മെറ്റാ വ്യക്തമാക്കി.
വൈദ്യുതി ആവശ്യങ്ങൾക്കായി ആൽബർട്ട ആസ്ഥാനമായുള്ള പെമ്പിന പൈപ്പ്‌ലൈൻ, കാപ്പിറ്റൽ പവർ എന്നീ കമ്പനികളുമായി മെറ്റാ ധാരണയിലെത്തിയിട്ടുണ്ട്. 2030 അവസാനത്തോടെ പൂർണ്ണ സജ്ജമാകുന്ന പുതിയ പ്രകൃതിവാതക പവർ പ്ലാന്റിൽ നിന്നാകും മെറ്റയ്ക്ക് പ്രധാനമായും വൈദ്യുതി ലഭിക്കുക. ഇത് വെസ്റ്റേൺ കാനഡയിലെ പ്രകൃതിവാതക ഉത്പാദകർക്ക് വലിയ വിപണി തുറന്നുനൽകും.
കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആൽബർട്ടയിലെ പവർ ഗ്രിഡുകൾ 60 ശതമാനവും പ്രകൃതിവാതകത്തെയാണ് ആശ്രയിക്കുന്നത്. ഇത് ദേശീയ ശരാശരിയേക്കാൾ അഞ്ചിരട്ടി അധികം കാർബൺ പുറന്തള്ളലിന് കാരണമാകുന്നുണ്ട്. അതിനാൽ തന്നെ മെറ്റയുടെ പുതിയ നീക്കത്തിനെതിരെ കാനഡയിലെ പരിസ്ഥിതി പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
