കാനഡയില്‍ വന്‍ ലഹരിവേട്ട: 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 പേര്‍ അറസ്റ്റില്‍; പിടികൂടിയത് 1342 കോടി രൂപയുടെ മയക്കുമരുന്ന്

JULY 26, 2026, 7:19 AM

ഒന്റാറിയോ: കാനഡയും അമേരിക്കയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെ തകര്‍ത്ത് പോലീസ്. അതിര്‍ത്തി കടന്നുള്ള വന്‍ ലഹരിക്കടത്ത് അന്വേഷണത്തിനൊടുവില്‍ ഏകദേശം 1342 കോടി രൂപ (139 മില്യണ്‍ കനേഡിയന്‍ ഡോളര്‍) വിലമതിക്കുന്ന 1.7 ടണ്ണോളം വരും നിരോധിത മയക്കുമരുന്നുകളാണ് സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ 11 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 19 പേരെ കാനഡ പോലീസ് അറസ്റ്റ് ചെയ്തു.

അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതിനായി ആരംഭിച്ച പ്രോജക്റ്റ് ബേ എന്ന സംയുക്ത റെയ്ഡിലൂടെയാണ് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയും മറ്റ് അന്വേഷണ സംഘങ്ങളും ചേര്‍ന്ന് വന്‍ ശൃംഖലയുടെ വേരറുത്തത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചരക്ക് ട്രക്കുകള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. നിയമപരമായ ചരക്ക് നീക്കങ്ങളുടെ മറവില്‍, കാനഡയ്ക്കും യുഎസിനുമിടയില്‍ രഹസ്യമായി ലഹരിമരുന്ന് കടത്താന്‍ പ്രത്യേക മോഡല്‍ ഉപയോഗിച്ച് ഡ്രൈവര്‍മാരെ സംഘം നിയോഗിക്കുകയായിരുന്നു.

ഒന്റാറിയോയിലെ വിന്‍ഡ്‌സര്‍, ലസാല്‍, ബ്രാംപ്ടണ്‍, മാര്‍ക്ക്ഹാം, കാലിഡണ്‍ തുടങ്ങിയ 22 കേന്ദ്രങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. റെയ്ഡില്‍ 973 കിലോ കൊക്കെയ്ന്‍, 660 കിലോ മെത്താംഫെറ്റാമൈന്‍, 49 കിലോ കറുപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. ലഹരിവസ്തുക്കള്‍ക്ക് പുറമെ മാരകശേഷിയുള്ള ഒരു ആന്റി ടാങ്ക് റൈഫിള്‍ അടക്കം 17 ആയുധങ്ങളും, ലക്ഷക്കണക്കിന് പണവും, ആഡംബര ആഭരണങ്ങളും, 43 മൊബൈല്‍ ഫോണുകളും, 6 ലാപ്‌ടോപ്പുകളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കാനഡയില്‍ വാണിജ്യ ട്രക്ക് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജരാണ്. ഗഗന്‍ദീപ് തിന്‍ഡാല്‍, സിമര്‍ജിത് സിങ്, കന്‍വാര്‍പാല്‍ കുലാര്‍, ജതീന്ദര്‍പാല്‍ സിങ്, ജസ്വിന്ദര്‍ സോഹി, തേജവിന്ദര്‍ സന്ധു, ഹര്‍ജവിന്ദര്‍ സന്ധു, ടര്‍മിന്ദര്‍ സിങ്, ഗുന്ദീപ് തരിവാള്‍, മെഹക്പ്രീത് സിങ്, കാരാന്‍ദീപ് സിങ് എന്നിവരാണ് പിടിയിലായ ഇന്ത്യന്‍ വംശജര്‍.

അമേരിക്കന്‍ അന്വേഷണ ഏജന്‍സികളായ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ്, ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ എന്നിവരുമായി സഹകരിച്ച് മാസങ്ങളോളം നടത്തിയ അതീവ രഹസ്യ നീക്കത്തിലൂടെയാണ് അന്താരാഷ്ട്ര തലത്തില്‍ പടര്‍ന്നുപന്തലിച്ച ഈ ലഹരി മാഫിയയെ പൂട്ടാന്‍ സാധിച്ചത്. പിടിയിലായവര്‍ക്കെതിരെ മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധ ആയുധ കൈവശം വെയ്ക്കല്‍ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കാനഡ പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam