നീണ്ട കാത്തിരിപ്പ്; എന്‍ഡോമെട്രിയോസിസ് ചികിത്സ തേടി മെക്‌സിക്കോയിലേക്ക് വണ്ടി കയറി കനേഡിയന്‍ വനിതകള്‍

OCTOBER 12, 2026, 10:24 AM

ഓട്ടവ: കാനഡയിലെ പൊതുജനാരോഗ്യ മേഖലയിലെ ദീര്‍ഘമായ കാത്തിരിപ്പ് കാലയളവും അനാസ്ഥയും കാരണം, കടുത്ത ആര്‍ത്തവസംബന്ധിയായ രോഗങ്ങള്‍ അനുഭവിക്കുന്ന കനേഡിയന്‍ സ്ത്രീകള്‍ സ്വകാര്യ ചികിത്സ തേടി മെക്‌സിക്കോയിലേക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭാശയ സംബന്ധിയായ 'എന്‍ഡോമെട്രിയോസിസ്' എന്ന ഗുരുതരമായ അവസ്ഥ ബാധിച്ച രോഗികള്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണാനും ശസ്ത്രക്രിയയ്ക്കുമായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കനത്ത സാമ്പത്തിക ബാധ്യതകള്‍ സഹിച്ചും ഇവര്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അവസാന പ്രതീക്ഷയും അസ്തമിച്ച് മെക്‌സിക്കോയിലെ ടിഹ്വാനയിലുള്ള എന്‍ഡോ ഗ്ലോബല്‍ സെന്ററില്‍ ചികിത്സ തേടിയെത്തിയ നോയല്‍ മെനു എന്ന 37 കാരിയുടെ അനുഭവം ക്യാനഡയിലെ ആരോഗ്യമേഖലയുടെ ദയനീയ ചിത്രം വെളിപ്പെടുത്തുന്നതാണ്. വര്‍ഷങ്ങളായി കഠിനമായ ശാരീരിക വേദന അനുഭവിക്കുന്ന നോയലിന് ക്യാനഡയില്‍ ഒരു വിദഗ്ദ്ധ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ മൂന്ന് മുതല്‍ നാല് വര്‍ഷം വരെ കാത്തിരിക്കണമെന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് സ്വന്തം സമ്പാദ്യത്തില്‍ നിന്നും വായ്പയെടുത്തും ഏകദേശം 35,000 കനേഡിയന്‍ ഡോളര്‍ ചെലവഴിച്ചാണ് ഇവര്‍ മെക്‌സിക്കോയില്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടലില്‍ ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ വലിയൊരു മുഴ കണ്ടെത്തുകയും അത് വിജയകരമായി നീക്കം ചെയ്യുകയും ചെയ്തു.

മറ്റൊരു രോഗിയായ വനേസ പേപ്പര്‍നിക്ക് എന്ന വെറ്ററിനറി ഡോക്ടറുടെ അവസ്ഥയും സമാനമായിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടലില്‍ മുഴ കണ്ടെത്തുകയും അത് ക്യാന്‍സറാണെന്ന് ഭയപ്പെടുകയും ചെയ്‌തെങ്കിലും, പിന്നീട് എന്‍ഡോമെട്രിയോസിസ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ രോഗനിര്‍ണയം നടത്താന്‍ തന്നെ 30 വര്‍ഷത്തോളം സമയമെടുത്ത ക്യാനഡയില്‍, ശസ്ത്രക്രിയയ്ക്കായി വീണ്ടും രണ്ട് വര്‍ഷത്തോളം കാത്തിരിക്കണമെന്ന് വ്യക്തമായതോടെയാണ് വനേസയും മെക്‌സിക്കോയിലേക്ക് തിരിക്കാന്‍ നിര്‍ബന്ധിതയായത്.

കനേഡിയന്‍ ആശുപത്രികളില്‍ മതിയായ പരിചരണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇത്തരത്തില്‍ മുപ്പതിലേറെ സ്ത്രീകളാണ് മെക്‌സിക്കോയിലെ ഒറ്റ കേന്ദ്രത്തില്‍ മാത്രം നിലവില്‍ ചികിത്സ തേടിയെത്തിയിരിക്കുന്നത്. സ്ത്രീകളുടെ ആര്‍ത്തവബന്ധിയായ കഠിനമായ വേദനകളെയും ആരോഗ്യപ്രശ്‌നങ്ങളെയും നിസ്സാരവല്‍ക്കരിക്കുന്ന സമൂഹത്തിന്റെയും വൈദ്യശാസ്ത്ര രംഗത്തിന്റെയും മനോഭാവമാണ് ഈ കാലതാമസത്തിന് പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭാശയത്തിന് പുറത്ത് കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന ഈ അവസ്ഥ ഒരു സ്ത്രീക്ക് സ്ഥിരീകരിക്കാന്‍ ക്യാനഡയില്‍ ശരാശരി അഞ്ച് വര്‍ഷവും, ശസ്ത്രക്രിയയ്ക്ക് രണ്ട് വര്‍ഷം വരെയുമാണ് സമയമെടുക്കുന്നത്.

രാജ്യത്തെ ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് സംഘടനയുടെ പ്രസിഡന്റ് ഡോ. നിക്കോളാസ് ലെയ്ലന്‍ഡ് ചൂണ്ടിക്കാണിച്ചതുപോലെ, സമാനമായ രീതിയിലുള്ള കഠിനമായ വേദന ഒരു പുരുഷനാണ് അനുഭവിക്കേണ്ടി വന്നിരുന്നതെങ്കില്‍ ഈ പ്രതിസന്ധി പണ്ടേ പരിഹരിക്കപ്പെടുമായിരുന്നു എന്ന വസ്തുത നിലവിലെ ലിംഗവിവേചനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു എന്ന് വേണം കരുതാന്‍.

കനേഡിയന്‍ പാര്‍ലമെന്ററി ഹെല്‍ത്ത് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പത്തില്‍ ഒരു സ്ത്രീക്ക് എന്‍ഡോമെട്രിയോസിസ് ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. രോഗം മൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടവും വ്യക്തിഗത ഉല്‍പ്പാദനക്ഷമതക്കുറവും കാരണം പ്രതിവര്‍ഷം 2.5 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് അടിയന്തരമായി എന്‍ഡോമെട്രിയോസിസ് ദേശീയ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കണമെന്നും, ആവശ്യത്തിന് വിദഗ്ദ്ധ ഡോക്ടര്‍മാരെയും ശസ്ത്രക്രിയാ കേന്ദ്രങ്ങളെയും അനുവദിച്ച് രാജ്യത്തെ സ്ത്രീകളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് ജനങ്ങളുടെ ശക്തമായ ആവശ്യം.

English summary

Unable to access healthcare at home, a growing number of Canadian women with endometriosis are going into debt to travel to Mexico for timely surgical care due to multi-year waitlists and diagnostic delays in Canada. The chronic, debilitating condition affects one in ten women, yet standard care in Canada can take years to access—a failure experts attribute to a lack of specialized surgeons, inadequate awareness, and systemic gender bias in medicine that often dismisses severe menstrual pain.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam