കാനഡയിലെ പ്രഥമ സിറോ മലബാർ ഇടവകയായ സെയിന്റ് തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ പിൽഗ്രിം ദേവാലയത്തിന്റെ പുതിയ വികാരിയും പിൽഗ്രിം സെന്ററിന്റെ റെക്ടറുമായ റവ. ഫാ. ജോജോ (ജോർജ് ജോസഫ്) ചങ്ങനാംതുണ്ടത്തിൽ ചുമതലയേറ്റു.
മിസ്സിസാഗ രൂപതയുടെ വികാരി ജനറൽ റവ. ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, പുതിയ അസോസിയേറ്റ് വികാരി റവ. ഫാ. ഫ്രാൻസിസ് അക്കരപറ്റിയക്കൽ, ട്രസ്റ്റിമാരായ ജോൺ ചേന്നോത്ത്, സജി തോമസ്, സിനോ നടുവിലേക്കൂട്ട് എന്നിവരുടെ നേതൃത്വത്തിൽ പുതിയ വികാരിയെ ദേവാലയ കവാടത്തിൽ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
സന്നിഹിതരായവരുമായി സൗഹൃദ സംഭാഷണം നടത്തിയ ശേഷം ഫാ. ജോജോ ദേവാലയത്തിലേക്ക് പ്രവേശിക്കുകയും ബലിപീഠത്തെ ചുംബിച്ച് ആദരവ് അർപ്പിക്കുകയും ചെയ്തു. തുടർന്ന് ഇടവകയുടെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും അഭ്യർഥിച്ചു. വിശ്വാസികളുടെ കൂട്ടായ്മയിലൂടെയും ദൈവാനുഗ്രഹത്തിലൂടെയും ഇടവകയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് അവിടെ കൂടിയിരുന്ന വിശ്വാസികൾക്ക് ആശീർവാദം നൽകി.
പ്രാർത്ഥനയ്ക്ക് ശേഷം ട്രസ്റ്റിമാരും അസോസിയേറ്റ് വികാരിയും ചേർന്ന് ഇടവക കെട്ടിടത്തിന്റെയും ഓഫീസ് സംവിധാനങ്ങളുടെയും താക്കോലുകൾ പുതിയ വികാരി ഫാ. ജോജോ ചങ്ങനാംതുണ്ടത്തിലിന് ഔപചാരികമായി കൈമാറി. ഈ അവസരത്തിൽ സംസാരിച്ച വികാരി ജനറൽ ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ, ഇടവകയുടെ ആത്മീയ വളർച്ചയ്ക്കും തീർത്ഥാടന കേന്ദ്രത്തിന്റെ വികസനത്തിനും പുതിയ വികാരിയുടെ നേതൃത്വവും സേവനവും വലിയ അനുഗ്രഹമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
മോൺട്രിയലിൽ നിന്നെത്തിയ അദ്ദേഹത്തിന്റെ മുൻ ഇടവകാംഗങ്ങളും സുഹൃത്തുക്കളും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു. അവർ പുതിയ വികാരി ഫാ. ജോജോ ചങ്ങനാംതുണ്ടത്തിനായി പ്രാർത്ഥനകൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ പുതിയ ശുശ്രൂഷയ്ക്ക് ദൈവാനുഗ്രഹം അഭ്യർഥിക്കുകയും ചെയ്തു.
തുടർന്ന്, വിശ്വാസിസമൂഹത്തിനും മോൺട്രിയലിൽ നിന്ന് എത്തിയ അതിഥികൾക്കുമായി സ്‌നേഹവിരുന്ന് ഒരുക്കിയിരുന്നു. സൗഹൃദത്തിന്റെയും സഹോദരസ്‌നേഹത്തിന്റെയും അന്തരീക്ഷത്തിൽ നടന്ന ഈ സംഗമം പുതിയ വികാരിക്ക് ഇടവക കുടുംബം നൽകിയ ഹൃദയംഗമമായ സ്വീകരണമായി മാറി.
സെയിന്റ് തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ പിൽഗ്രിം ദേവാലയത്തിന്റെ പുതിയ വികാരിയായി ചുമതലയേറ്റ ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ അച്ചന് ഇടവക സമൂഹം പ്രാർത്ഥനാപൂർവ്വമായ ആശംസകൾ നേർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
