ഒട്ടാവ: എയർ കാനഡ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് സിഇഒ മൈക്കൽ റൂസോ നൽകിയ അനുശോചന സന്ദേശം കാനഡയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വിമാനാപകടത്തിൽ മരിച്ച പൈലറ്റുമാരിൽ ഒരാൾ ഫ്രഞ്ച് സംസാരിക്കുന്ന ക്യൂബെക് സ്വദേശിയായിരുന്നിട്ടും, സിഇഒ ഇംഗ്ലീഷിൽ മാത്രം സന്ദേശം നൽകിയത് വിവേകശൂന്യവും അനുകമ്പയില്ലാത്തതുമായ നടപടി ആണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തുറന്നടിച്ചു.
കാനഡ ഒരു ദ്വിഭാഷാ രാഷ്ട്രമാണെന്നും എയർ കാനഡയെപ്പോലുള്ള കമ്പനികൾക്ക് രണ്ട് ഔദ്യോഗിക ഭാഷകളിലും (ഇംഗ്ലീഷ്, ഫ്രഞ്ച്) ആശയവിനിമയം നടത്താൻ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം ഫയർ ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പൈലറ്റുമാർ മരിക്കുകയും 40-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിഇഒ പുറത്തുവിട്ട വീഡിയോയിൽ ഫ്രഞ്ച് സബ്ടൈറ്റിലുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിനെതിരെ കാനഡയിലെ ഒഫീഷ്യൽ ലാംഗ്വേജസ് കമ്മീഷണർക്ക് 800-ഓളം പരാതികൾ ലഭിച്ചു കഴിഞ്ഞു. റൂസോയുടെ രാജിക്കായി ക്യൂബെക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട് ആവശ്യപ്പെട്ടപ്പോൾ, സിഇഒയെ പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്. എന്നാൽ, സെൻസിറ്റീവ് ആയ ഒരു സന്ദേശം ഏറ്റവും ഫലപ്രദമായി നൽകാനാണ് താൻ ഇംഗ്ലീഷ് തിരഞ്ഞെടുത്തതെന്നാണ് സിഇഒയുടെ വിശദീകരണം.
കാനഡയിലെ ഔദ്യോഗിക ഭാഷാ നിയമപ്രകാരം (Official Languages Act) പൊതുസേവന മേഖലയിലുള്ള സ്ഥാപനങ്ങൾ ഇംഗ്ലീഷിലും ഫ്രഞ്ചിലും തുല്യമായി ആശയവിനിമയം നടത്താൻ ബാധ്യസ്ഥരാണ്. ഇതിനുമുൻപും ഫ്രഞ്ച് ഭാഷ പഠിക്കാത്തതിന്റെ പേരിൽ മൈക്കൽ റൂസോ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
