മോണ്‍ട്രിയല്‍: കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനം എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങളെ തള്ളി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ട്രംപിന്റെ എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളോടും പ്രതികരിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും കാനഡയെ സംബന്ധിച്ച് അമേരിക്കയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
'സോഷ്യല്‍ മീഡിയയില്‍ അസാധാരണമാം വിധം സജീവമായ ഒരു ഉപയോക്താവ് മാത്രമാണ് ട്രംപ്. സമീപ മാസങ്ങളില്‍ അദ്ദേഹത്തിന്റെ ഇത്തരം പോസ്റ്റുകള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാറ്റിനോടും പ്രതികരിക്കാന്‍ കാനഡയ്ക്ക് കഴിയില്ല. ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു ഭരണകൂടമാണിത്,' ക്യൂബെക്കില്‍ പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാര്‍ണി പറഞ്ഞു.
കാനഡയുടെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചുള്ള ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചാണ് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ '51st state!' എന്ന് പോസ്റ്റ് ചെയ്തത്. കാനഡയിലെ യു.എസ് അംബാസഡര്‍ പീറ്റ് ഹോക്ക്‌സ്ട്ര ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചതോടെയാണ് വിഷയം വീണ്ടും കാനഡയില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചയായത്.
ട്രംപിന്റെ ഇത്തരം പ്രകോപനങ്ങള്‍ നിലവിലെ ചര്‍ച്ചകളെ ബാധിക്കുമോ എന്ന ചോദ്യത്തിന്, 'ഇത് നമ്മുടെ ഏറ്റവും വലിയ വ്യാപാര-സുരക്ഷാ പങ്കാളിയാണ്. ആ ഭരണകൂടത്തെ അത് എങ്ങനെയോ അങ്ങനെ തന്നെ ഉള്‍ക്കൊണ്ട് ഞങ്ങള്‍ മുന്നോട്ട് പോകും,' എന്നായിരുന്നു കാര്‍ണിയുടെ മറുപടി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യു.എസ് അംബാസഡര്‍ ഹോക്ക്‌സ്ട്ര കാനഡ വിടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
വരാനിരിക്കുന്ന ജൂലൈ ഒന്നിലെ പുനരവലോകനത്തിന് മുന്നോടിയായി കാനഡ-യു.എസ്-മെക്‌സിക്കോ വ്യാപാര കരാര്‍' (CUSMA) പുനര്‍വിന്യാസം ചെയ്യുന്നതിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ വാഷിംഗ്ടണില്‍ പുരോഗമിക്കുകയാണ്. കാനഡ-യു.എസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി വരികയാണ്.
അമേരിക്കന്‍ അധികൃതരുമായുള്ള കൂടിക്കാഴ്ചകള്‍ ശുഭസൂചന നല്‍കുന്നതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ താന്‍ പൂര്‍ണ്ണ ശുഭാപ്തിവിശ്വാസി ആണെന്നും മന്ത്രി ലെബ്ലാങ്ക് വാഷിംഗ്ടണില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
