ഒട്ടാവ: ഇന്‍ഡോനേഷ്യ, മലേഷ്യന്‍ സ്വദേശികള്‍ക്ക് വിസയില്ലാതെ കാനഡയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കി കനേഡിയന്‍ സര്‍ക്കാര്‍. ഇനി മുതല്‍ ഈ രണ്ട് രാജ്യങ്ങളിലെയും അര്‍ഹരായ പൗരന്മാര്‍ക്ക് കാനഡയിലേക്ക് പറക്കാന്‍ ടെമ്പററി റസിഡന്റ് വിസയ്ക്ക് പകരം ലളിതമായ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) എടുത്താല്‍ മതിയാകും.
കാനഡ ഇമിഗ്രേഷന്‍ വിഭാഗമായ ഐആര്‍സിസി മെയ് 25 നാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. മുന്‍പ് കാനഡ വിസ ലഭിക്കാന്‍ ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കണമായിരുന്ന സ്ഥാനത്താണ് പുതിയ ഇളവ്.
ഇന്‍ഡോനേഷ്യ, മലേഷ്യന്‍ പൗരന്മാര്‍ക്ക് കാനഡയിലേക്ക് ആകാശമാര്‍ഗം യാത്ര ചെയ്യുമ്പോള്‍ മാത്രമേ ഈ വിസയിളവ് ലഭിക്കൂ. കൂടാതെ അപേക്ഷിക്കുന്ന സമയത്ത് താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു നിബന്ധന കൂടി അവര്‍ പാലിച്ചിരിക്കണം.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കാനഡയുടെ ഏതെങ്കിലും തരത്തിലുള്ള താല്‍ക്കാലിക വിസ (വിസിറ്റര്‍ വിസ, സ്റ്റഡി/വര്‍ക്ക് വിസകള്‍) ലഭിച്ചിട്ടുള്ളവര്‍ ആയിരിക്കണം. അല്ലെങ്കില്‍, നിലവില്‍ സാധുതയുള്ള യു.എസ് നോണ്‍-ഇമിഗ്രന്റ് വിസ കൈവശമുള്ളവര്‍ ആയിരിക്കണം. ഇത്തരം യാത്രക്കാരെ കാനഡ അല്ലെങ്കില്‍ യുഎസ് ഇമിഗ്രേഷന്‍ മുന്‍പ് തന്നെ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ളതിനാല്‍ ഇവരെ 'ട്രസ്റ്റഡ് ട്രാവലേഴ്‌സ്' എന്ന വിഭാഗത്തിലാണ് കാനഡ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മേല്‍പ്പറഞ്ഞ യോഗ്യതകള്‍ ഇല്ലാത്ത ഇന്‍ഡോനേഷ്യ, മലേഷ്യന്‍ പൗരന്മാര്‍ക്ക് കാനഡയിലേക്ക് വരാന്‍ പഴയതുപോലെ തന്നെ വിസിറ്റര്‍ വിസ ആവശ്യമാണ്. റോഡ്/കടല്‍ മാര്‍ഗ്ഗമുള്ള യാത്ര, കാര്‍, ബസ്, ട്രെയിന്‍ അല്ലെങ്കില്‍ ബോട്ട് വഴി കാനഡയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഈ വിസയിളവ് ബാധകമല്ല. അവര്‍ നിര്‍ബന്ധമായും വിസ എടുക്കണം. നിലവില്‍ കൈവശം വാലിഡ് വിസയുള്ളവര്‍ക്ക് അത് കാലാവധി തീരുന്നത് വരെ ഉപയോഗിക്കാം. ഈ ഇളവ് കാനഡ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് മാത്രമാണ്. കാനഡയില്‍ പഠിക്കാനോ ജോലി ചെയ്യാനോ പോകുന്നവര്‍ അതാത് പെര്‍മിറ്റുകള്‍ക്കായി തുടര്‍ന്നും അപേക്ഷിക്കേണ്ടതുണ്ട്.
യോഗ്യരായ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മിനിറ്റുകള്‍ക്കകം ഇതിന് അംഗീകാരം ലഭിക്കും. ഫീസ് വെറും 7 കനേഡിയന്‍ ഡോളര്‍ മാത്രമാണ് ചിലവ്. വാലിഡ് പാസ്പോര്‍ട്ട്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, ഇമെയില്‍ ഐഡി എന്നിവയാണ് ആവശ്യമായ രേഖകള്‍. ഒരിക്കല്‍ ലഭിച്ചാല്‍ 5 വര്‍ഷം വരെയോ അല്ലെങ്കില്‍ പാസ്പോര്‍ട്ടിന്റെ കാലാവധി തീരുന്നത് വരെയോ (ഏതാണോ ആദ്യം) ഇടിഎയ്ക്ക് ഉപയോഗിക്കാം.
കാനഡയുടെ ഇന്തോ-പസഫിക് സ്ട്രാറ്റജിയുടെ ഭാഗമായാണ് തെക്കുകിഴക്കന്‍ ഏഷ്യയിലെ തങ്ങളുടെ പ്രധാന സാമ്പത്തിക പങ്കാളികളായ ഇന്‍ഡോനേഷ്യയ്ക്കും മലേഷ്യയ്ക്കും കാനഡ ഈ വലിയ ഇളവ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കും കാനഡ സമാനമായ വിസ ഇളവുകള്‍ നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
