ഗാസയില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടരുകയാണ്. ഇതിനിടെ ഇസ്രായേല്‍ ഭരണകൂടം നിര്‍ണായക രഹസ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഗാസയിലെ പാലസ്തീന്‍കാരെ പൂര്‍ണമായും കുടിയിറക്കുന്ന ചര്‍ച്ചയാണത്രെ നടക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് ഗാസയിലുള്ളവരെ മാറ്റുകയാണ് ശ്രമം. ഇതിന് വേണ്ടി ചില ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇസ്രായേല്‍ ഭരണകൂടം ചര്‍ച്ച നടത്തിയെന്ന് ഇസ്രായേലി മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു.
ഇസ്രായേലിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമാണ് ടൈംസ് ഓഫ് ഇസ്രായേല്‍. ഇവരുടെ ഹീബ്രു വെബ്സൈറ്റായ ഇസഡ് മാന്‍ ഇസ്രായേല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയുമായി ഇസ്രായേല്‍ രഹസ്യ ചര്‍ച്ച നടത്തി എന്നാണ് വിവരം. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ 22000ത്തിലധികം പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരിക്കെയാണ് പുതിയ ചര്‍ച്ചകള്‍.
ആദ്യം തെക്കന്‍ ഗാസയിലും പിന്നീട് വടക്കന്‍ ഗാസയിലും വ്യാപകമായ ആക്രമണം നടത്തി വരികയാണ് ഇസ്രായേല്‍. ലോകരാജ്യങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ആക്രമണം നിര്‍ത്തിയിട്ടില്ല. 80 ശതമാനം കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നാണ് കണക്ക്. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ഫ്ളാറ്റുകള്‍, അഭയാര്‍ഥി ക്യാമ്പുകള്‍ എന്നിവയെല്ലാം തകര്‍ന്നു. 20 ലക്ഷത്തിലധികം പലസ്തീന്‍കാര്‍ താമസിക്കുന്ന പ്രദേശമാണ് ഗാസ. ഭൂരിഭാഗം പേരും ഇപ്പോള്‍ ഭവനരഹിതരായി.
റഫാ അതിര്‍ത്തി കടന്ന് ഈജിപ്തിലെ സിനായ് മരുഭൂമിയിലേക്ക് ഗാസയിലുള്ളവരെ മാറ്റുമെന്ന് നേരത്തെ ചില ഇസ്രായേല്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ ഈജിപ്ത് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ രംഗത്തുവരികയും ചെയ്തു. പിന്നീടാണ് കോംഗോ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ തന്നെ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരം എന്ന് വിവരിച്ചാണ് വാര്‍ത്ത. ഗാസയില്‍ നിന്നുള്ളവരെ കോംഗോ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ചര്‍ച്ച നടക്കുന്നുണ്ടെന്നും സുരക്ഷാ ക്യാബിനറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കടുത്ത പ്രതിസന്ധിയിലുള്ള രാജ്യമാണ് കോംഗോ എന്നത് മറ്റൊരു കാര്യം.
52 ശതമാനം ജനങ്ങളും പട്ടിണിയില്‍ കഴിയുന്ന രാജ്യമാണ് കോംഗോ. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കു പ്രകാരം ഗാസയിലുള്ളവരെ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് ഇസ്രായേല്‍ ധനമന്ത്രി ബിസലില്‍ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇതമര്‍ ബെന്‍ വിറും അടുത്തിടെ പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ആഗോള സമൂഹത്തില്‍ നിന്ന് ഉണ്ടായത്.
തേസമയം, ഗാസയിലെ പലസ്തീന്‍കാരെ കോംഗോയിലേക്ക് മാറ്റുന്ന ചര്‍ച്ചയില്‍ ഇസ്രായേല്‍ ഭാഗമായിട്ടില്ലെന്ന് ഇസ്രായേലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലുള്ള കൂട്ട ഒഴിപ്പിക്കല്‍ സാധിക്കുമെന്ന് കരുതുന്നില്ല. വാര്‍ത്ത തെറ്റാണെന്ന് പറയുന്നില്ല. എന്നാല്‍ ഇസ്രായേല്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നില്ല. മറ്റാരെങ്കിലും നടത്തുന്നുണ്ടോ എന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1