ഇക്കുറി മമത ബാനർജി വളരുമോ തളരുമോ..?

APRIL 22, 2026, 7:31 AM

മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസിന് പശ്ചിമ ബംഗാളിൽ നാലം തവണ അധികാരത്തിൽ കയറാനാകുമോ..?  മമതയ്ക്ക് തുടർച്ചയായി, 15 വർഷം, അധികാരത്തിൽ തുടരാൻ കഴിഞ്ഞു. എന്താണ് അതിന് കാരണം.? 

30 വർഷത്തോളം ഇടതുപക്ഷത്തിന്റെ സമ്പൂർണ അധികാരത്തിൽ വീർപ്പുമുട്ടിപ്പോയിരുന്നു പശ്ചിമ ബംഗാൾ. രാഷ്ട്രീയമായി ഒരു ശൂന്യത ആ നാട്ടിലാകെ പടർന്നു. അത് പൂർണമായും സ്വന്തമാക്കാനായത് തൃണമുൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിക്കാണ്. ഒരുകാലത്ത് മമതാ ബാനർജി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇന്ദിര എന്ന പാർട്ടിയിലായിരുന്നു. ആയിരുന്നു. അത് പിന്ന അവർക്കൊരു ബാധ്യതയായി മാറി. ഉടൻ അവർ ഇന്ദിരകോൺഗ്രസിന്റെ കുപ്പായം വലിച്ചെറിഞ്ഞ് പുതിയൊരു കോൺഗ്രസ് ഉണ്ടാക്കി. അതാണ് തൃണമുൽ കോൺഗ്രസ്.

പശ്ചിമ ബംഗാളിലെ ഏറ്റവും അടിത്തട്ടിലെ മനുഷ്യരെ വരെ പ്രതിനിധീകരിക്കുന്ന പാർട്ടിയാണ് തങ്ങളുടേത് എന്നുവരുത്തിതീർക്കാൻ മമതയ്ക്ക് പെട്ടെന്നുതന്നെ കഴിഞ്ഞു. അതോടെ ഇടതുപക്ഷത്തിന്റെ സ്ഥാനം തന്ത്രപരമായി അടിച്ചു മാറ്റാൻ മമതയ്ക്കു കഴിഞ്ഞു. ടാറ്റയുടെ നാനോ കാർ പ്ലാന്റിനായി സിംഗൂരിലും സലിം ഗ്രൂപ്പിനുവേണ്ടി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാൻ നന്ദിഗ്രാമിലും സ്ഥലമെടുപ്പ് നടന്നപ്പോൾ, അതിനെതിരായ പ്രതിഷേധങ്ങളെ മമതയ്ക്ക് ഒരു ജനകീയ ശക്തിയാക്കി മാറ്റാൻ അതിവേഗം കഴിഞ്ഞു. തീവ്ര ഇടതുപക്ഷ ശക്തികളെ പോലും ഉൾക്കൊള്ളിച്ച് അവരെയെല്ലാം ഒരു കുടക്കീഴിലാക്കി വിശാല രാഷ്ട്രീയ ഐക്യമുണ്ടാക്കാൻ അവർക്കുകഴിഞ്ഞു.

vachakam
vachakam
vachakam

നീണ്ട 30 സംവത്സരക്കാലത്തെ ഇടതുപക്ഷ വാഴ്ച കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി കരുതിയത്, ബംഗാളിന്റെ രാഷ്ട്രീയ സ്വഭാവം അപ്പാടെ മാറി എന്നാണ്. അത് തികച്ചും തെറ്റായിരുന്നു. ഏത് രാഷ്ട്രീയ സ്വഭാവമണോ ഇടതുപക്ഷത്തെ തുണച്ചത്, അത് ശക്തമായി നിലനിന്നിരുന്നു. ഔദ്യോഗിക ഇടതുപക്ഷത്തിൽനിന്ന് മമതതയുടെ പാർട്ടിയിലേക്ക് പിന്നെയൊരു ഒഴുക്കാണുണ്ടായത്.  അതിന് തടയിടാൻ ഇടതു പക്ഷത്തിന് കഴിഞ്ഞതുമില്ല. 

ക്ഷേമപ്രവർത്തനങ്ങളാണ് മമത ബാനർജിയുടെ സർക്കാറിനെ നിലനിർത്തിയ പ്രധാന ഘടകം, സംസ്ഥാന ജനസംഖ്യയിലെ 83 ശതമാനത്തോളം പേർ സർക്കാറിന്റെ ഏതെങ്കിലുമൊരു ക്ഷേമപ്രവർത്തനത്തിന്റെ ഗുണഭോക്താക്കളാണ്. സ്വകാര്യ ആശുപത്രികളിൽ പോലും ഇൻഷൂറൻസ് പദ്ധതി കൊണ്ടുവന്ന് ഉപരി വർഗങ്ങളെ പോലും മമത പാട്ടിലാക്കിക്കളഞ്ഞു. തികച്ചും പാർശ്വവൽക്കരിക്കപ്പെട്ടവരേയും ദരിദ്രരേയുമൊക്കെയാണ് മമത വലവീശിപ്പിടിച്ചത്.

സമരം ചെയ്ത ജനങ്ങൾക്കുനേരെ പൊലീസിനെക്കൊണ്ട് വെടിവെപ്പിക്കാൻ മടിക്കാത്ത ഔദ്യോഗിക ഇടതുപക്ഷത്തിന്റെ കാർക്കശ്യമില്ലാത്തും കോൺഗ്രസിന്റെ പൂർവഭാരങ്ങളില്ലാത്തതുമായ ഒരു പുതിയ ഇടതുപക്ഷ പ്രസ്ഥാനമാണ് മമത സൃഷ്ടിച്ചെടുത്തത്. നീണ്ട 15 വർഷമായി അധികാരത്തിൽ തുടരുന്ന പാർട്ടിയെന്ന നിലയ്ക്ക്, തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തുടർച്ചയ്ക്ക് പഴയ സി.പി.എമ്മിന്റെ ഭരണത്തുടർച്ചയുമായി സാമ്യമുണ്ടോ എന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്.

vachakam
vachakam
vachakam

ബംഗാളിൽ ഇടതുപക്ഷത്തിന്റെ തോൽവി അപ്രതീക്ഷിതവും അതി ഭീകരവുമായിരുന്നു. 2009ലെ ലോക്‌സഭാ ഇലക്ഷനിൽ ഇടതുപക്ഷത്തിന്റെ തകർച്ച പ്രകടമായിരുന്നു. തുടർന്ന്, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം തകർന്നടിഞ്ഞത്. അവിടെ പാർട്ടി തോൽവി അറിഞ്ഞ നിമിഷം മുതൽ പാർട്ടിഓഫീസുകളിൽ ആളില്ലാതായി, എന്തിനേറെ പാർട്ടിഓഫീസുകൾ തന്നെ ഇല്ലാതായി. അതോടെ മമതയ്ക്ക് ഇടതു പക്ഷ പാർട്ടിയെ  ഇല്ലാതാക്കാനായി.

എന്നാൽ, 2016 ആയപ്പേഴേക്കും മമതയ്ക്ക് താൻ കാണിച്ചുകിട്ടിയതിന്റെ അപകടം മനസ്സിലായി. ഇടതുപക്ഷം കൊഴിഞ്ഞുപോയ ശൂന്യത നികത്താനുള്ള ശേഷി കോൺഗ്രസിനുണ്ടായിരുന്നില്ല, ബി.ജെ.പിയാണ് ആ ഇടം കൈയേറാൻ ശ്രമിക്കുന്നതെന്നു മമത  മനസ്സിലാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുമാത്രം ഉണ്ടായിരുന്ന ബി.ജെ.പി 2021ൽ 77 സീറ്റാണ് നേടിയത്. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആ പ്രകടനം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കാഴ്ചവെച്ചിരുന്നുവെങ്കിൽ മമതയ്ക്ക് ഒരുപക്ഷേ, ഭരണം പോലും കിട്ടുമായിരുന്നില്ല. ഒരു പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടെന്ന പാഠം മമത തിരിച്ചറിയുന്നത് അങ്ങനെയാണ്. ഇപ്പോഴും സംസ്ഥാനത്ത് ഇടതുപക്ഷവും കോൺഗ്രസും  തികച്ചും പരിതാപകരമായ നിലയിലാണ്, പ്രതിപക്ഷത്തിന്റെ രാഷ്ടീയ ശൂന്യത ഇപ്പോഴും പൂർണമായും നികത്തപ്പെട്ടിട്ടില്ല. ബി.ജെ.പി തന്നെയാണ് ശക്തമായി പ്രതിപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത്.  

vachakam
vachakam
vachakam

അതുകൊണ്ട് അൽപമെങ്കിലും ശക്തമായ ഇടതുപക്ഷം മമതയ്ക്ക് യഥാർഥത്തിൽ അനുഗ്രഹമാണ്. ശക്തമായ ഇടതുപക്ഷവും കോൺഗ്രസുമുണ്ടെങ്കിൽ മമതക്കെതിരായ ഭരണവിരുദ്ധവികാരം രണ്ടായി തിരിയും. അല്ലാത്തപക്ഷം, മമതക്കെതിരായ വോട്ട് മുഴുവൻ ബി.ജെ.പി കൈക്കലാക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ തന്നെ അത് മാറ്റിമറിക്കും. അതുകൊണ്ട്, അൽപം ശക്തിയുള്ള ഇടതുപക്ഷം ബംഗാളിൽ ഇപ്പോൾ ആവശ്യമാണ്. അത് മമതയും മനസിലാക്കിയിട്ടുണ്ട്.

മമതയ്ക്കുമാത്രമല്ല, ജനാധിപത്യത്തിനുതന്നെ അത് ആരോഗ്യകരമാണ്. അതുകൊണ്ടാണ്, ബി.ജെ.പിയുടെ വളർച്ച തടയാൻ തദ്ദേശ തെരഞ്ഞെടുപ്പിലും മറ്റും തൃണമൂൽ ഇടതുപക്ഷവും കോൺഗ്രസുമായും ചില നീക്കുപോക്ക് നടത്തി എന്ന് രഹസ്യമായി പറയപ്പെട്ടിരുന്നത്.

ഭരണത്തിന്റെ അവസാനകാലത്ത് സി.പി.എം നേരിട്ട ഏറ്റവും വലിയ ആരോപണം, വ്യക്തിഗതജീവിതത്തിൽ 'കുട്ടി സഖാക്കൾ' ഇടപെടാൻ തുടങ്ങി എന്നതാണ്, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ. നീണ്ട 30 സംവത്സരക്കാലം ഒരു പാർട്ടി തന്നെ അധികാരത്തിലിരുന്നാൽ, പാർട്ടിയും സർക്കാറും തമ്മിലുള്ള വിഭജനരേഖ ഇല്ലാതാകും.

ജ്യോതിബസുവിന്റെ കാലത്തുപോലും, വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുന്ന തരത്തിലുള്ള ചില നടപടികളുണ്ടായിട്ടുണ്ട്. അതുമായി താരതമ്യം ചെയ്താൽ ഇപ്പോൾ വലിയ വ്യത്യാസമുണ്ടെന്നു പറയാം. അതേസമയം, സാധാരണക്കാരിൽനിന്ന് പണം ഊറ്റുന്നതുപോലുള്ള പരിപാടികൾ തുടരുന്നുണ്ട്. മുമ്പ്, ഏതു കച്ചവടത്തിലും നിശ്ചിത തുക സി.പി.എം പ്രവർത്തകർക്ക് കൊടുക്കണമായിരുന്നു, ഇപ്പോൾ അത് തൃണമൂൽ കോൺഗ്രസിലുള്ളവരാണ് വാങ്ങുന്നതെന്ന വ്യത്യാസമെ ഉള്ളൂ.

മമത ആദ്യം ആധികാരത്തിലേറിയ നാളുകളിൽ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് നടന്ന പല നടപടികളും വലിയ വിവാദമായിരുന്നു. ബിൽഡറുടെ കൈയിൽനിന്ന് ഒരു തൃണമൂൽ നേതാവ് പണം വാങ്ങുന്നു. തൊട്ടു പുറകേ മറ്റൊരാൾ വന്ന്, താനാണ് ശരിക്കുമുള്ള നേതാവ് എന്നുപറഞ്ഞ് വീണ്ടും പണം വാങ്ങുന്നു. ഇത്തരം ഇടപാടുകൾക്ക് സിൻഡിക്കേറ്റ് എന്ന പുതിയ വാക്കു തന്നെയുണ്ടായി. ഒരു കെട്ടിടം പണി തുടങ്ങുമ്പോൾ ബിൽഡർമാർ സാധനങ്ങൾ തൃണമൂലിന്റെ ഒത്താശയുള്ള സിൻഡിക്കേറ്റ് വഴി, അവർ പറയുന്ന സ്ഥലത്തുനിന്ന് വാങ്ങണം. അപ്പോൾ ഗുണനിലവാരം ഉണ്ടായെന്നു വരില്ല. വിലയും പ്രശ്‌നമാണ്.

സത്യത്തിൽ ഉപരി മധ്യവർഗങ്ങൾക്ക് മമത അങ്ങനെയാണ് ശത്രുവായത്. എന്നാൽ അടുത്തകാലത്തായി ഇത്തരം കാര്യങ്ങൾ ഒരു പരിധി വരെ ഇല്ലാതായിട്ടുണ്ട്. ഇങ്ങനെയൊക്ക ആണെങ്കിലും പട്ടിണിപ്പാവങ്ങൾക്കിടയിൽ മമതയെ മറികടക്കാൻ മറ്റൊരു നേതാവില്ല. സാധാരണക്കരോട് യഥാർത്ഥ അടുപ്പമുള്ള നേതാവാണ് അവർ. മമത വളരെ ദരിദ്രമായ ചുറ്റുപാടിൽനിന്ന് വന്ന ഒരാളാണ്. അവരുടെ അമ്മ ഗായത്രിദേവി കൂലിപ്പണിക്കാരിയായിരുന്നു. സഹോദരങ്ങളെ നോക്കി വളർത്തിയത് മമതയാണ്. അതുകൊണ്ടുതന്നെ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ കാര്യത്തിൽ അവർക്ക് ആശങ്കയുണ്ട് എന്നത് സത്യമാണ്.

1970ൽ പതിനഞ്ച് വയസുള്ളപ്പോഴെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച മമത കോൺഗ്രസ് (ഐ)യുടെ ബംഗാളിലെ വിദ്യാർത്ഥി സംഘടനയായ ഛത്ര പരിഷത്ത് യൂണിയൻ രൂപീകരിച്ചുകൊണ്ടാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. മഹിള കോൺഗ്രസ് നേതാവായാണ് പൊതുരംഗ പ്രവേശനം. പിന്നീട് യുവജന സംഘടനയായ യൂത്ത് കോൺഗ്രസിന്റെ സജീവപ്രവർത്തകയായിരുന്നു. 1990കളുടെ ആരംഭത്തിൽ  ബംഗാൾ കോൺഗ്രസിലെ അനിഷേധ്യ നേതാവായി വളരുകയായിരുന്നു. 1997ൽ ബംഗാൾ കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് പാർട്ടി രൂപീകരിച്ചു മമത.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളികൾ വെജിറ്റേറിയനാകണം എന്ന തരത്തിലുള്ള കാമ്പയിൻ ചില ബി.ജെ.പി നേതാക്കൾ നടത്തുകയുണ്ടായി. എന്നാൽ, ഇത്തവണ ബിധാൻ നഗറിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഡോ. ശരാവത് മുഖോപാധ്യായ കൈയിൽ വലിയൊരു പച്ചമീനും പിടിച്ചാണ് കാമ്പയിൻ നടത്തുന്നത്. 

ബി.ജെ.പി അധികാരത്തിലെത്തിയാൽ നോൺ വെജ് ഭക്ഷണം നിരോധിക്കും എന്ന തൃണമൂൽ കോൺഗ്രസിന്റെ കാമ്പയിനുള്ള മറുപടിയാണ് ബി.ജെ.പിയുടേത്. മാത്രമല്ല, നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു കാമ്പയിനിൽ, സംസ്ഥാനത്തെ മീൻ ഉൽപ്പാദനം കുറയുന്നതിൽ വലിയ ആശങ്ക പ്രകടിപ്പിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിനാവശ്യമായ മുഴുവൻ മത്സ്യവും ഇവിടെതന്നെ ഉൽപ്പാദിപ്പിക്കും എന്ന ഉറപ്പും മോദി നൽകി. എന്തുമാത്രം അപഹാസ്യമായ നിലപാടാണിത്. മറ്റു സ്ഥലങ്ങളിൽ നോൺ വെജിറ്റേറിയനാണെന്നു പറഞ്ഞ് കടകൾ അടപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നവരാണ്. ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടുമ്പോൾ മമത ബംഗാൾ സ്വത്വവാദമുയർത്തുന്നു എന്നക്ഷേപിച്ചിട്ട് കാര്യമില്ല.

സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷമായ ദുർഗാപൂജയെ എടുക്കാം. യുനെസ്‌കോയുടെ ലോക സാംസ്‌കാരിക പൈതൃക പട്ടികയിലുള്ള ആഘോഷമാണിത്. മതപരമായ ആചാരങ്ങളാണ് ദുർഗാപൂജയ്ക്കകത്തുള്ളതെങ്കിലും ഈ ആഘോഷവേളയിൽ ഏറ്റവും കൂടുതൽ ചെലവാകുന്ന ഭക്ഷണങ്ങളിൽ ഒന്ന് മട്ടൻ ബിരിയാണിയാണ്.

ഇത്തവണ ബംഗാൾ ഇലക്ഷനെ സ്വാധീനിക്കാൻ പോകുന്ന ഏറ്റവും വലിയ വിഷയം എസ്.ഐ.ആർ തന്നെയാണ്. എസ്.ഐ.ആറിൽ രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ, 63 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയത്. ഇവർ ഒന്നുകിൽ മരിച്ചവരോ ഒന്നിലേറെ സ്ഥലത്ത് പേരുള്ളവരോ സ്ഥലം മാറിപ്പോയവരോ ഒക്കെയാകാം. ന്യായമായി ഉൾപ്പെടേണ്ടവരെയും ഒഴിവാക്കിയിട്ടുണ്ടാകാം. പരാതിയുണ്ടെങ്കിൽ ഫോം 6 വഴി അവർക്ക് തിരിച്ച് വോട്ടർ പട്ടികയിലെത്താം. ഈ 60 ലക്ഷത്തിനകത്ത് ഇത്തരമൊരു പരിഹാരമുണ്ടായിരുന്നു.

രണ്ടാം ഘട്ടത്തിൽ സൂക്ഷ്മ നിരീക്ഷണത്തിനായി മാറ്റിവെച്ച മറ്റൊരു 60 ലക്ഷത്തോളം പേരിൽനിന്ന് 27.16 ലക്ഷം പേരെ കൂടി യാതൊരു കാരണവുമില്ലാത് വെട്ടിമാറ്റി. തുടർന്ന്, ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക ഇലക്ഷൻ കമീഷൻ മരവിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഇനി മാറ്റം വരുത്താനാകില്ല. അതായത്, ആകെയുള്ള വോട്ടർമാരിൽ 12 ശതമാനത്തോളം പേരെയാണ് എസ്.ഐ.ആറിലൂടെ ഒഴിവാക്കിയത്. 

സുപ്രീംകോടതി നിർദേശപ്രകാരം നിയോഗിക്കപ്പെട്ട ട്രൈബ്യൂണലിനുമുമ്പാകെ 27 ലക്ഷം പേരുടെ പരാതിയാണുള്ളത്. പട്ടിക മരവിപ്പിക്കുന്ന അന്ന് രാത്രി നാലു പേരെ സുപ്രീംകോടതി ഇടപെടലിനെതുടർന്ന് വീണ്ടും ഉൾപ്പെടുത്തി. ഇവരിൽ രണ്ടുപേർ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥികളാണ്. 

എത്രമാത്രം ഭയാനകമാണ് ഈ വെട്ടിനിരത്തൽ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്, ആകെയുള്ള 294 മണ്ഡലങ്ങളിൽ 45 ഇടത്ത് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് എന്നാണ്. അതായത്, 45 സീറ്റുകളിലെ തിരഞ്ഞെടുപ്പു ഫലം വേണമെങ്കിൽ മാറാം. ഇവയിലേറെയും തൃണമൂൽ കോൺഗ്രസിന് സ്വാധീനമുള്ള സീറ്റുകളാണ് എന്നതാണ് പരമാർത്ഥം.

വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിലേറെയും മുസ്‌ലിംകളാണ്. ബംഗ്ലദേശിൽനിന്നു വന്ന ഹിന്ദു സമുദായത്തിലെ മതുവ വിഭാഗക്കാരും ഏറെയുണ്ട്. ഇവർ ബി.ജെ.പിയെ പിന്തുണച്ചിരുന്നവരാണ്. പൗരത്വ (ഭേദഗതി) നിയമപ്രകാരം അവർക്ക് പൗരത്വം നൽകാമെന്ന് ബി.ജെ.പി ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ നൽകിയിട്ടില്ല. അതിൽ അവർ അതൃപ്തരാണ്. അതുകൊണ്ടുതന്നെ, ഈ ഒഴിവാക്കൽ ബി.ജെ.പിക്കും തിരിച്ചടിയയേക്കാം. എല്ലാ മുസ്ലിംകളും മമതയ്ക്കും എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കുമാണ് വോട്ട് ചെയ്യുക എന്നു കരുതരുത്.  അതുകൊണ്ടുതന്നെ എസ്.ഐ.ആറിലെ ഒഴിവാക്കൽ ഏത് വിഭാഗത്തെയാണ് ബാധിക്കുക എന്ന് കണ്ടറിയണം.

എന്നാൽ, എസ്.ഐ.ആർ വന്നശേഷം ഇതടക്കമുള്ള മറ്റെല്ലാ വിഷയങ്ങളും മുങ്ങിപ്പോയി. ഇപ്പോൾ കേൾക്കുന്നത് എസ്.ഐ.ആറിനെക്കുറിച്ചുമാത്രം.

എസ്.ഐ.ആർ ബി.ജെ.പിയ്ക്കാണ് ദോഷം ചെയ്യുക എന്ന ആത്മവിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്. തൃണമൂലും ഇടതുപക്ഷവും എസ്.ഐ.ആറിനോട് പ്രതികരിച്ചത്, അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു. നിയമപരമായും സമാധാനപരമായും ഇതിനെ എങ്ങനെ നേരിടാം എന്ന പരീക്ഷണമാണ് അവർ നടത്തിയത്. സംസ്ഥാനത്തുടനീളം ഹെൽപ് ഡെസ്‌കുകളുണ്ടാക്കുകയും ആളുകളെക്കൊണ്ട് നിർബന്ധിച്ച് ഫോം പൂരിപ്പിക്കുകയും ചെയ്തു. അതോടെ ബി.ജെ.പിയടെ ഗെയിം പ്ലാൻ തന്നെ പരാജയപ്പെട്ടു. പത്ത് കോടിയോളം വരുന്ന ജനസംഖ്യയിൽ ഇതിലും കൂടുതൽ പേരെ ഒഴിവാക്കാം എന്ന കണക്കുകൂട്ടിലിലായിരുന്നു ബി.ജെ.പി. യു.പിയിൽ രണ്ടോ മൂന്നോ കോടി പേരെയാണ് മാറ്റിയത്. എന്നാൽ, ബംഗാളിൽ, തൃണമൂലിന്റെയും ഇടതുപക്ഷത്തിന്റെയും ജാഗ്രത വലിയൊരു രാഷ്ട്രീയ സന്ദേശമാണ് മറ്റു സംസ്ഥാനങ്ങൾക്ക് ബംഗാൾ നൽകിയത്. 

മോദി പയറ്റുന്ന പി.ആർ തന്ത്രമൊന്നും വേണ്ടതില്ല എന്ന് മമത ബാനർജി തീരുമാനിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ഏജൻസിയായ ഐപാക്കിന്റെ ഓഫീസിലും ഡയറക്ടർ പ്രതീക് ജെയിനിന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടന്നപ്പോൾ മമത നേരിട്ടുതന്നെ അവിടെയെത്തി. എസ്.ഐ.ആർ വിഷയത്തിൽ വാദിക്കാൻ അവർ അഭിഭാഷക ഗൗൺ അണിഞ്ഞ് സുപ്രീംകോടതിയിലെത്തി. ഇതാണ് യഥാർഥ രാഷ്ട്രീയപ്രവർത്തനം. മമതയ്ക്ക് സോഷ്യൽ മീഡിയയോ ആർമി ഓഫ് ടെക്‌നോളജിയോ ആവശ്യമില്ല. ഇപ്പോഴും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള വഴികൾ മമതയെ ആരും പഠിപ്പിക്കേണ്ടെന്നു ചുരുക്കം.

മമത വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ബംഗ്ലദേശിലെ തീവ്രവാദികൾ കൊൽക്കത്ത കീഴടക്കുമെന്നാണ്. എന്നാൽ, ഇലക്ഷൻ അടുത്തതോടെ ഇത്തരം കാമ്പയിൻ ദുർബലമായി. അതിന് പ്രധാന കാരണം, ബംഗ്ലദേശിലെ പുതിയ ഗവൺമെന്റും ഇന്ത്യ സർക്കാറും തമ്മിൽ നയതന്ത്രബന്ധം മെച്ചപ്പെടുത്തണം എന്ന തരത്തിലുള്ള ചർച്ച നടക്കുന്നുണ്ട്. അതുകൊണ്ടാണെന്നു തോന്നുന്നു, ബംഗ്ലദേശ് വിരുദ്ധ കാമ്പയിൻ അവസാനിച്ചത്. ബംഗ്ലദേശ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നു പറയാം.

എമ എൽസ എൽവിൻ


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam