കോൺഗ്രസിൽ കരുണാകരന്റെ അധികാര ശക്തിയെ വെല്ലുവിളിച്ച് വളർന്നു വന്ന പുതു തലമുറ നേതാക്കളിൽ ഒരർത്ഥത്തിൽ ഏറ്റവും പ്രമുഖനായ നേതാവായിരുന്നു ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടി എ.കെ. ആന്റണിയുടെ അനുയായി ആയിരുന്നു. കരുണാകരന് നേതൃത്വം നൽകിയ കോൺഗ്രസിലെ 'ഐ' ഗ്രൂപ്പിനെതിരെ രൂപപ്പെട്ട ആന്റണി ഗ്രൂപ്പെന്ന 'എ' ഗ്രൂപ്പിലെ യഥാർത്ഥ ചാണക്യൻ ഉമ്മൻചാണ്ടി തന്നെയായിരുന്നു. ഉമ്മൻചാണ്ടിയെ പോലെ ഒരാൾ ആന്റണിക്ക് പിന്നിലുണ്ടായിരുന്നു എന്നതാണ് ആന്റണിയുടെ വിജയ കാരണമെങ്കിൽ അങ്ങനെയൊരാൾ ഒപ്പമില്ലായിരുന്നു എന്നതാണ് കരുണാകരന്റെ ദൗർബല്യമായത്.
അടവും അനുനയവും ഉമ്മൻചാണ്ടിയോളം പയറ്റിയ മറ്റൊരു നേതാവ് ഒരുപക്ഷെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വേറെയില്ല. ആരായിരുന്നു കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി?
വിശ്രമിച്ചാൽ ക്ഷീണം വരുന്ന നേതാവ് എന്നാണ് ഒരിക്കൽ സി.പി. ജോൺ ഉമ്മൻചാണ്ടിയെ വിശേഷിപ്പിച്ചത്. ഒരിടത്തും അടങ്ങിയൊതുങ്ങി ഇരിക്കുന്ന ശീലം ഉമ്മൻചാണ്ടിക്കില്ല. എപ്പോഴും ആൾക്കൂട്ടത്തിനിടയിലാണ് ഉമ്മൻചാണ്ടിയുടെ ജീവിതം. ആൾക്കൂട്ടത്തെ മടുക്കാത്ത നേതാവായിരുന്നു ഉമ്മൻചാണ്ടി.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടികൾ ഉദ്യോഗസ്ഥർക്ക് ഒരു ദു:സ്വപ്‌നമായിരുന്നു. ഉമ്മൻചാണ്ടി രാവിലെ മുതൽ പരാതികളും പരിഭവങ്ങളുമായി എത്തുന്ന മുഴുവനാളുകളേയും കാണും. ആ കൂടിക്കാഴ്ചകൾ പാതിരാത്രി വരെ നീളും. ഇതിനിടെ ഭക്ഷണം കഴിക്കാനോ എന്തിനേറെ ഒന്ന് മൂത്രമൊഴിക്കാൻ പോലും മുഖ്യമന്ത്രി എഴുന്നേൽക്കില്ല. പിന്നെ എങ്ങനെ ഉദ്യോഗസ്ഥർക്ക് സ്ഥലം വിടാനാകും.
മുഖ്യമന്ത്രിയായിരിക്കെ തന്റെ ഓഫീസിലെ കസേരയിൽ ഒന്ന് ഉറച്ചിരിക്കുന്ന ശീലം പോലും ഉമ്മൻചാണ്ടിക്കുണ്ടായിരുന്നില്ല. എഴുന്നേറ്റു നിന്നു കൊണ്ടാണ് ഉമ്മൻചാണ്ടി സന്ദർശകരോടും ഉദ്യോഗസ്ഥരോടും പലപ്പോഴും സംസാരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എപ്പോഴും ആൾക്കൂട്ടമായിരുന്നു. ഇതിനിടെ മാനസിക വൈകല്യമുള്ള ഒരാൾ മുഖ്യമന്ത്രിയുടെ കസേരയിൽ കയറി ഇരിക്കുക പോലും ചെയ്തു. അത് ഒരു ഓപ്പൺ ഓഫീസായിരുന്നു. ക്ലിഫ് ഹൗസിലും മറിച്ചായിരുന്നില്ല സ്ഥിതി. അവിടെയും പാതിരാത്രി വരെ ആൾക്കൂട്ടമായിരുന്നു.
പുതുപ്പള്ളിക്കാർക്ക് കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻചാണ്ടി. അഞ്ച് പതിറ്റാണ്ടുകാലം കുഞ്ഞൂഞ്ഞിനെ മാത്രം തിരഞ്ഞെടുത്ത് നിയമസഭയലേക്കയച്ച് പുതുപ്പള്ളിക്കാർ അവരുടെ വാത്സല്യം കാണിച്ചു. തിരുവനന്തപുരത്ത് ജഗതിയിലുള്ള തന്റെ വീടിന്റെ പേര് 'പുതുപ്പള്ളി ഹൗസ്' എന്നിട്ടു കൊണ്ട് ഉമ്മൻചാണ്ടി തന്റെ മണ്ണിനെ അകലത്തിരുന്നും സ്‌നേഹിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഞായറാഴ്ച ദിവസം ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെത്തിയാൽ ആദ്യം പള്ളിയിൽ പോയി പ്രാർത്ഥന. പിന്നെ പതിവു പോലെ മണ്ഡലത്തിലെ എല്ലാവരേയും കഴിയുന്നത്ര കാണാനുള്ള തിരക്ക്. പിന്നെ തിരുവനന്തപുരത്തേക്കോ കാസർകോട്ടേക്കോ ചിലപ്പോൾ ദില്ലിയിലേക്കോ ഉള്ള ഓട്ടപ്പാച്ചിൽ. സാവധാനത്തിൽ നടക്കുന്ന ശീലം പോലും ഉമ്മൻചാണ്ടിക്കുണ്ടായിരുന്നില്ല. അതിവേഗം ബഹുദൂരം എന്നത് ജീവിതത്തിൽ പാലിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത നേതാവായിരുന്നു ഉമ്മൻചാണ്ടി.
കോൺഗ്രസിൽ കരുണാകരന്റെ അധികാര ശക്തിയെ വെല്ലുവിളിച്ച് വളർന്നു വന്ന പുതു തലമുറ നേതാക്കളിൽ ഒരർത്ഥത്തിൽ ഏറ്റവും പ്രമുഖനായ നേതാവായിരുന്നു ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടി എ.കെ. ആന്റണിയുടെ അനുയായി ആയിരുന്നു. കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസിലെ 'ഐ' ഗ്രൂപ്പിനെതിരെ രൂപപ്പെട്ട ആന്റണി ഗ്രൂപ്പെന്ന 'എ' ഗ്രൂപ്പിലെ യഥാർത്ഥ ചാണക്യൻ ഉമ്മൻചാണ്ടി തന്നെയായിരുന്നു. ഉമ്മൻചാണ്ടിയെ പോലെ ഒരാൾ ആന്റണിക്ക് പിന്നിലുണ്ടായിരുന്നു എന്നതാണ് ആന്റണിയുടെ വിജയ കാരണമെങ്കിൽ അങ്ങനെയൊരാൾ ഒപ്പമില്ലായിരുന്നു എന്നതാണ് കരുണാകരന്റെ ദൗർബല്യമായത്. അത് നന്നായി ബോധ്യമുള്ളയാളായിരുന്നു കരുണാകരൻ. ആ ബഹുമാനം എതിരാളിയായിരിക്കുമ്പോഴും ഉമ്മൻചാണ്ടിയോട് കെ. കരുണാകരന് ഉണ്ടായിരുന്നു.
എ ഗ്രൂപ്പിന്റെ നേതാവ് ആന്റണിയായിരുന്നെങ്കിലും ആ ഗ്രൂപ്പിന്റെ ഊർജവും നിലനിൽപ്പും അതിജീവനവും എക്കാലത്തും ഉമ്മൻചാണ്ടി എന്ന അച്ചുതണ്ടിന് ചുറ്റുമായിരുന്നു. ഒരർത്ഥത്തിൽ ആന്റണി ആ ഗ്രൂപ്പിന്റെ മുഖം മാത്രമായിരുന്നു. അതത് കാലത്ത് ആവശ്യമായ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ചിത്രം സംവിധാനം ചെയ്തുകൊണ്ടിരുന്നത് ഉമ്മൻചാണ്ടിയായിരുന്നു.
കരുണാകരനെതിരെ ഐ.എസ്.ആർ.ഒ. ചാരകഥയിൽ തുടങ്ങി ഒടുവിൽ വിശ്വസ്തരായ ലീഗിനേയും മാണി കോൺഗ്രസിനേയും വരെ അടർത്തി മാറ്റി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയതന്ത്രജ്ഞനായ കരുണാകരനെ അധികാരത്തിൽ നിന്നും പുറത്താക്കിയ അട്ടിമറിയുടെ യഥാർത്ഥ സൂത്രധാരൻ ഉമ്മൻചാണ്ടിയായിരുന്നു. മുഖ്യമന്ത്രിയാകാൻ സമയമായി എന്ന് സ്വയം തിരിച്ചറിഞ്ഞ സന്ദർഭത്തിൽ സഖ്യകക്ഷികളെ കൂട്ടത്തിൽ നിർത്തി നേതൃമാറ്റം എന്ന ആവശ്യമുയർത്തി ആന്റണിയെ വെട്ടി ദില്ലിയിലേക്ക് തുരത്താൻ ഉമ്മൻചാണ്ടി ഒട്ടും മടികാണിച്ചതുമില്ല.
2011 ലെ തിരഞ്ഞെടുപ്പിൽ കേവലം രണ്ടു സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടിയും യു.ഡി.എഫും അധികാരത്തിൽ വന്നത്. തുടക്കത്തിൽ ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യത്തിന് കീഴടങ്ങേണ്ടി വന്നെങ്കിലും പിന്നീട് ഒരു സഖ്യകക്ഷി സമ്മർദ്ദത്തിനും ഉമ്മൻചാണ്ടി കീഴടങ്ങിയിട്ടില്ല. ബാർ കോഴയിൽ കെ.എം. മാണി രാജിവെച്ചപ്പോൾ പി.ജെ. ജോസഫിനെ മന്ത്രിസഭയിൽ നിലനിർത്തി മാണിക്ക് ചെക്ക് പറഞ്ഞത് ഉമ്മന്ചാണ്ടിയുടെ വിദഗ്ദ്ധമായ കരുനീക്കമായിരുന്നു. വീരേന്ദ്ര കുമാറിന്റെ എൽ.ജെ.ഡി മറുകണ്ടം ചാടാൻ ആലോചിച്ചപ്പോൾ കെ.പി. മോഹനനെ കൂട്ടത്തിൽ നിർത്തി പിളർപ്പ് ഭീഷണി ഉയർത്തിയതും ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയായിരുന്നു.
രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കണം എന്ന ആവശ്യം എൻ.എസ്.എസ് ആവർത്തിച്ച് ഉന്നയിച്ചിട്ടും തനിക്ക് കീഴിൽ മറ്റൊരധികാര കേന്ദ്രം വേണ്ട എന്ന ഉറച്ച നിലപാടാണ് ഉമ്മൻചാണ്ടി സ്വീകരിച്ചത്. താക്കോൽ സ്ഥാനത്ത് താനല്ലാതെ മറ്റൊരാൾ വേണ്ട എന്നതും ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടായിരുന്നു. തിരഞ്ഞെടുപ്പിനെ മുൻനിർത്തി മാത്രമാണ് ഉമ്മൻചാണ്ടി ഒടുവിൽ ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്, അതും ചെറിയൊരു കാലയളവലേക്ക് മാത്രം.
ഹൈക്കമാൻഡിന്റെ പിന്തുണയോ ഹൈക്കമാൻഡിൽ സ്വാധീനമോ ഇല്ലാത്ത കോൺഗ്രസ് നേതാവായിരുന്നു ഉമ്മൻചാണ്ടി.
അപൂർവ്വമായി മാത്രമേ ഉമ്മൻചാണ്ടി ദില്ലി സന്ദർശിച്ചിരുന്നുള്ളു. ഭൂരിഭാഗം സന്ദർഭങ്ങളിലും ഉമ്മൻചാണ്ടി തന്റെ സന്ദർശനം ഒറ്റ ദിവസത്തലേക്ക് ചുരുക്കി. സോണിയക്കോ രാഹുലനോ പ്രിയപ്പെട്ട നേതാവായിരുന്നില്ല ഉമ്മൻചാണ്ടി. കേരളത്തിലെ പ്രവർത്തകർക്കിടയിലുള്ള സ്വാധീനം ഒന്നുമാത്രമായിരുന്നു ഉമ്മൻചാണ്ടി എന്ന നേതാവിന്റെ കരുത്ത്. ദേശീയ തലത്തിൽ കോൺഗ്രസിലെ ഉന്നത പദവികളൊന്നും ഉമ്മൻചാണ്ടിയെ തേടി വന്നിട്ടില്ല. അത് ഉമ്മൻചാണ്ടി ആഗ്രഹിച്ചിട്ടുമില്ല.
അടവും അനുനയവും ഉമ്മൻചാണ്ടിയോളം പയറ്റിയ മറ്റൊരു നേതാവ് ഒരുപക്ഷെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വേറെയില്ല. മഹാനായ നേതാവ് ഉമ്മൻചാണ്ടിയുടെ ജീവിതം ഒരു ഡോക്യുമെന്ററിയായി എടുത്തിട്ടുണ്ട്. അതാണ് 'ദ് അൺനോൺ വാരിയർ'
ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചാണ് ഡോക്യുമെന്ററി തയാറാക്കിയത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ രചന നിബിൻ തോമസും അനന്തു ബിജുവുമാണ് നിർവഹിച്ചിരിക്കുന്നത്. ക്യാമറ അനീഷ് ലാൽ. 13 മിനിറ്റാണ് ഈ ഡോക്യുമെന്ററിയുടെ ദൈർഘ്യം.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1