സാമ്പത്തിക രംഗത്ത് സൗദി അറേബ്യ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ ആണ് ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്. സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. എന്നാല്‍ എണ്ണയില്‍ നിന്ന് മാറി സഞ്ചരിക്കാനാണ് സൗദി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ തന്നെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. അരാംകോ വഴിയാണ് സൗദി വിദേശത്തേക്ക് എണ്ണ അയക്കുന്നത്. ഓരോ മാസവും സൗദി അറേബ്യ കയറ്റി അയക്കുന്ന എണ്ണയുടെ വില നിശ്ചയിക്കുന്നതും അരാംകോയാണ്. എണ്ണ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അരാംകോ. എന്നാല്‍ മറിച്ചൊരു നിര്‍ദേശം സൗദി ഭരണകൂടം അരാംകോയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് വിവരം.
എണ്ണ ഉല്‍പ്പാദന ശേഷി പ്രതിദിനം 13 ദശലക്ഷം ബാരലായി ഉയര്‍ത്താനുള്ള അരാംകോയുടെ ലക്ഷ്യത്തില്‍ നിന്ന് പിന്മാറാന്‍ സൗദി ഭരണകൂടം നിര്‍ദേശം നല്‍കി എന്നാണ് വിവരം. പകരം 12 ദശലക്ഷം ബാരല്‍ ശേഷി ലക്ഷ്യമിട്ടാല്‍ മതിയെന്നും പറയുന്നു. നിലവില്‍ സൗദി അറേബ്യ ഒന്‍പത് ദശലക്ഷം ബാരലാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അരാംകോ ദൗത്യത്തില്‍ നിന്ന് പിന്മാറി എന്നാണ് വിവരം.
എണ്ണ ഉല്‍പ്പാദന ശേഷി 2027 ആകുമ്പോഴേക്കും വര്‍ധിപ്പിക്കാനായിരുന്നു സൗദി നേരത്തെ തീരുമാനിച്ചിരുന്നത്. കോടികളാണ് ഈ പദ്ധതിക്ക് വേണ്ടി മാറ്റിവച്ചത്. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും എണ്ണയ്ക്ക് കൂടുതല്‍ ആവശ്യം വരുമെന്ന് കണ്ടായിരുന്നു സൗദിയുടെ നീക്കം. എന്നാല്‍ എല്ലാം നിര്‍ത്തിവയ്ക്കാനാണ് പുതിയ തീരുമാനം. ഇതോടെ സൗദിയുടെ തീരുമാനത്തന് പിന്നിലെന്ത് എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷം എണ്ണവില കുറഞ്ഞിരുന്നു. വില ഉയര്‍ത്താന്‍ വേണ്ടി ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിക്കുകയും ചെയ്തു. ഇതിന് ചുക്കാന്‍ പിടിച്ചത് സൗദി അറേബ്യയായിരുന്നു. ഉല്‍പ്പാദനം കുറച്ചാല്‍ വിപണിയില്‍ എണ്ണ കുറയും. ഇതോടെ വില ഉയരുമെന്നായിരുന്നു സൗദിയുടെ നിഗമനം. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയതോടെ എണ്ണവില ക്രമേണ ഉയര്‍ന്ന് ബാരലിന് 83 ഡോളറില്‍ എത്തിയിട്ടുണ്ട്. അതേസമയം എണ്ണയെ കൂടാതെ മറ്റു പ്രകൃതി വിഭവങ്ങളിലേക്കും സൗദി നോട്ടമിടുന്നുണ്ട്. പ്രകൃതി വാതകം, കെമിക്കല്‍സ്, പുനരുപയോഗ ഊര്‍ജം എന്നിവയാണ് സൗദി ലക്ഷ്യമിടുന്ന മറ്റു മേഖലകള്‍. എണ്ണയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ഈ മേഖലയുടെ വിപുലീകരണത്തിന് ഉപയോഗിക്കുകയാണ് സൗദി അറേബ്യ.
അതേസമയം ഉല്‍പ്പാദന ശേഷി കുറയ്ക്കുന്നു എന്നതുകൊണ്ട് എണ്ണ കയറ്റുമതി സൗദി അറേബ്യ കുറയ്ക്കുമെന്ന് അര്‍ഥമില്ല. പ്രകൃതി വാതകവും പുനരുപയോഗ ഊര്‍ജവും വൈദ്യുതി മേഖലയിലും മറ്റു ആഭ്യന്തര രംഗത്തും ഉപയോഗിക്കാനും കൂടുതല്‍ എണ്ണ കയറ്റുമതിക്ക് നീക്കിവയ്ക്കാനുമാണ് സൗദി അറേബ്യയുടെ പുതിയ പദ്ധതി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1