നടക്കാന്‍ പോകുന്നത് ഇന്ത്യയുടെ ഭാവി അടയാളപ്പെടുത്തല്‍

APRIL 3, 2024, 9:39 AM

തിരഞ്ഞെടുപ്പ് എന്നാല്‍ ജനാധിപത്യത്തിന്റെ ആഘോഷവും ഉത്സവുമാണ്. 18-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ അഗര്‍ത്തല വരെയുമുള്ള ഇന്ത്യയിലെ 97 കോടി വോട്ടര്‍മാര്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനായി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തും.

1951-52 ലാണ് ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് അഥവാ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. 52 ന് പുറമെ 1957, 1962, 1967, 1971, 1977, 1980, 1984, 1989, 1991, 1996, 1998, 1999, 2004, 2009, 2014, 2019, വര്‍ഷങ്ങളിലാണ് ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പുകള്‍ നടന്നത്. 1952 നും 2024 നും ഇടയില്‍ ഇന്ത്യയില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആ മാറ്റങ്ങളൊക്കെ ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തിലും രാഷ്ട്രീയ കക്ഷികളിലും പ്രതിഫലിക്കുകയും ചെയ്തു.

1951-52 കാലത്ത് ഇന്ത്യ ആദ്യ പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യയിലെ വോട്ടിംഗ് അവകാശം 21 വയസിനും അതിന് മുകളിലുള്ളവര്‍ക്കും ആയിരുന്നു. അന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉണ്ടായിരുന്നില്ല. ബാലറ്റ് പേപ്പറിലായിരുന്നു വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചത്. അന്ന് ആദ്യത്തെ തിരഞ്ഞെടുപ്പ് 489 ലോകസഭാ സീറ്റിലേക്കുള്ളതായിരുന്നുവെങ്കില്‍ ഇപ്പോളത് 543 ആയി ഉയര്‍ന്നിരിക്കുന്നു.

1951-52 ല്‍ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ 17 കോടി 32 ലക്ഷം പേര്‍ക്കായിരുന്നു വോട്ടിംഗ് അവകാശം ഉണ്ടായിരുന്നത്. ഇന്ത്യ ആദ്യത്തെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നത് അതിദായകന്മാരായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ബി.ആര്‍ അംബേദ്കര്‍, ജയപ്രകാശ് നാരായന്‍, ശ്യാമപ്രസാദ് മുഖര്‍ജി, ജെ.ബി കൃപലാനി, എ.കെ ഗോപാലന്‍ തുടങ്ങിയവര്‍. 1951 ല്‍ ഇന്ത്യയുടെ പ്രഥമ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികള്‍ അഭിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഥവാ സി.പി.ഐ, ഭാരതീയ ജനസംഘ്, കിസാന്‍ മസ്തൂര്‍ പാര്‍ട്ടി തുടങ്ങിയവയായിരുന്നു.

കഴിഞ്ഞ 72 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ സംഭവിച്ച ഒരു പ്രധാനപ്പെട്ട മാറ്റം ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടായ ജനസ്വാധീനമാണ്. പല സംസ്ഥാനങ്ങളിലും ഇന്നും ഭരിക്കുന്നത് പ്രാദേശിക രാഷ്ട്രീയ കക്ഷികളാണ്. 1980 കള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക കക്ഷികളുടെ സ്വാധീനവും പ്രസക്തിയും കൂടുതല്‍ വര്‍ധിക്കുന്നത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ പ്രാദേശിക പാര്‍ട്ടികളാണ്. ഇതിന് ഉദാഹരണമാണ് ഡി.എം.കെ, എ.ഐ.ഡി.എം.കെ, തെലുങ്ക് ദേശം പാര്‍ട്ടി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ആര്‍.എസ് തുടങ്ങിയവ.

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, അരുണാചല്‍ പ്രദേശ്, ഇവിടെയെല്ലാം ഏറ്റവും സ്വാധീനമുള്ളത് പ്രാദേശിക കക്ഷികള്‍ക്കാണ്. ഇന്ത്യയുടെ പ്രാദേശിക കക്ഷികള്‍ ഇന്ത്യയുടെ സാസ്‌കാരിക വൈവിധ്യത്തെയും ബഹുസ്വരതയെയുമാണ് യഥാര്‍ത്ഥത്തില്‍ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസിനെയും ബിജെപിയേയും പോലുള്ള ദേശീയ പാര്‍ട്ടികള്‍ പലപ്പോഴും പ്രാദേശിക കക്ഷികളുമായി തിരഞ്ഞെടുപ്പ്,ധാരണകള്‍ ഉണ്ടാക്കുന്നു. അങ്ങനെ ഇന്ത്യയുടെ ദേശീയ പാര്‍ട്ടികള്‍ക്ക് പോലും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായമില്ലാതെ അധികാരത്തിലെത്താന്‍ പറ്റുകയില്ല എന്നുള്ളതാണ് ഇന്നത്തെ സാഹചര്യം.    

1980 കള്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ മറ്റൊരു പ്രധാനപ്പെട്ട സവിശേഷത സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തിരോധാനമാണ്. 1959 ല്‍ കോണ്‍ഗ്രസിന്റേയും നെഹ്റുവിന്റേയും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക്  എതിരായിട്ടാണ് ഇന്ത്യയില്‍ ആദ്യത്തെ വലതുപക്ഷ പാര്‍ട്ടി സ്വതന്ത്രപാര്‍ട്ടി സി. രാജഗോപാലചാരിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. 1980 കള്‍ വരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റുകള്‍ വളരെ ശക്തരായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇന്ത്യാ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ നിരവധി സോഷ്യലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇക്കാലത്ത് സജീവമായിരുന്നു. എന്നാല്‍ ഇന്ന് സമാജ് വാദി പാര്‍ട്ടിയും ചുരുക്കം ചില സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഒഴിച്ച് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയകക്ഷികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ കുറവാണ്.

കഴിഞ്ഞ 72 വര്‍ഷത്തിനുശേഷം ഉണ്ടായ മറ്റൊരു പ്രധാനപ്പെട്ട മാറ്റം ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിച്ച തിരിച്ചടികളാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഢീഷ, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, ആസാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ശക്തമായ ജനസ്വാധീനം ഉണ്ടായിരുന്നു. 34 വര്‍ഷത്തോളം ഇടതുപക്ഷ പാര്‍ട്ടികളാണ് അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പശ്ചിമബംഗാളില്‍ ഭരണം ഉണ്ടായത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 ലെ അസംബ്ലി തിരഞ്ഞെടുപ്പിലും പശ്ചിമബംഗാളിലും ഒരു സീറ്റ് പോലും നേടാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. 2024 ലെ തിരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സിപിഐ, സിപിഎം പോലുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതിയുടേയും മതത്തിന്റേയും സ്വാധീനം കൂടുതല്‍ വര്‍ദ്ധിക്കുന്നത് 1980-കള്‍ക്ക് ശേഷമാണ്. ഇന്ന് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ യാതൊരുമടിയും കൂടാതെയാണ് മതപരമായ കാര്യങ്ങള്‍ ഉയര്‍ത്തുന്നതും അതിന്റെ പേരില്‍ വോട്ടുകള്‍ തേടുന്നതും. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഒട്ടും ഗുണകരമായ കാര്യമല്ലെന്ന് മുന്‍പെ തന്നെ പ്രഗല്‍ഭര്‍ പറഞ്ഞുവച്ചിട്ടുണ്ട്.

കൂടാതെ ഇന്ത്യയില്‍ 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞുവെങ്കിലും ഇന്ത്യന്‍ ലോക്‌സഭയില്‍ സ്ത്രീകള്‍ക്കിനിയും അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചിട്ടില്ല. കഴിഞ്ഞ 72 വര്‍ഷത്തിനിടയില്‍ മാറ്റമില്ലാതെ നില്‍ക്കുന്ന  പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് ഇതാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം സ്ത്രീകള്‍ വരുന്നുവെങ്കിലും ലോക്‌സഭയില്‍ പലപ്പോഴും 10%  മാത്രമേ സ്ത്രീകളുടെ പ്രാതിനിധ്യം ഉള്ളു. മാത്രമല്ല ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം ഇന്നും കഷ്ടപ്പാടിലും ദുരിതത്തിലുമാണ്. അവരെ ആകര്‍ഷിക്കാനായി നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ പ്രകടന പത്രികയില്‍ മോഹന വാഗ്ദാനങ്ങള്‍ മാത്രമാണ് നല്കുന്നത്.

ഏതായാലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയക്ക് നമ്മള്‍ ഒരുങ്ങിക്കഴിഞ്ഞു. 18-ാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലെ പ്രധാന മത്സരം ബിജെപി നയിക്കുന്ന എന്‍ഡിഎയേയും കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam