ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ് പരോക്ഷമായി പ്രഖ്യാപിച്ച തീരുവ യുദ്ധത്തിന്റെ അലകൾ കേരള രാഷ്ട്രീയത്തിലും ചുഴി സൃഷ്ടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങൾക്കകലെ നിൽക്കേ ബി.ജെ.പിക്കൊപ്പം കൂടാനുള്ള ട്വന്റി 20 പാർട്ടിയുടെ തീരുമാനത്തിനു പിന്നിലെ മുഖ്യ കാരണങ്ങളിലൊന്ന് ട്രംപ് ഇന്ത്യയുടെ മേൽ ഏർപ്പെടുത്തിയ അമിത നികുതിയാണെന്ന നിരീക്ഷണം തള്ളിക്കളയാനാകില്ല.
ട്വന്റി 20 പാർട്ടി സ്ഥാപകനും പരമോന്നത നേതാവുമായ സാബു എം.ജേക്കബിന്റെ ബിസിനസ് ലക്ഷ്യങ്ങൾ തീരുവ യുദ്ധത്തോടെ താറുമാറായിരുന്നു. അമേരിക്കൻ വിപണിയിലാണ് സാബുവിന്റെ കമ്പനിയായ കിറ്റെക്‌സിന്റെ ടെക്‌സ്‌റ്റൈൽ ഉത്പന്നങ്ങൾ ഏറെയും വിറ്റഴിഞ്ഞിരുന്നത്. ഇപ്പോഴത്തെ കനത്ത വെല്ലുവിളി മറികടക്കാൻ കേന്ദ്ര ഭരണത്തിന്റെ തുണ ഉറപ്പാക്കിയാകും സാബുവിന്റെ പുതിയ പ്രഖ്യാപനമെന്ന ചിന്ത ട്വന്റി 20 പ്രവർത്തകരിലുമുണ്ട്. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടി അവരിൽ പലരും പാർട്ടി വിട്ടുകൊണ്ടിരിക്കുന്നു. അസംതൃപ്തരായ മദ്ധ്യവർഗ്ഗമാണ് ട്വന്റി20യുടെ അടിത്തറയെന്നിരിക്കേ ഈ വിഭാഗത്തെ ബി.ജെ.പിക്കൊപ്പം കൂട്ടാൻ നേതൃത്വം വിഷമിക്കുമെന്നുറപ്പ്.
ബി.ജെ.പിയുടെ സഖ്യ കക്ഷിയായി ട്വന്റി 20 മാറുന്നതിൽ അസ്വാഭാവികതയില്ലെന്ന അഭിപ്രായമാണ് എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും നേതാക്കൾ ഒരേ സ്വരത്തിൽ പങ്കുവയ്ക്കുന്നത്. ബിസിനസിനും രാഷ്ട്രീയത്തിനും ഇടയിലുള്ള അതിർവരമ്പുകൾ പൊളിക്കുന്നതിൽ പ്രത്യേക താൽപ്പര്യം പുലർത്തുന്ന ബി.ജെ.പിയുടെ പക്ഷം ചേരാൻ സാബു പരസ്യമായി തയ്യാറാകുമെന്ന് നേരത്തെ തന്നെ അവർ പറഞ്ഞിരുന്നതു ശരിയായി. ഒരേസമയം ബിസിനസുകാരനും രാഷ്ട്രീയ നേതാവുമാവുക എന്നതിൽ അടിസ്ഥാനപരമായ വൈരുദ്ധ്യമുണ്ടെന്ന കാര്യം സാബുവിനു ബി.ജെ.പി വ്യക്തമാക്കിക്കൊടുക്കുമെന്നും വിവിധ രാഷ്ട്രീയ നേതാക്കൾ പറയുന്നു.
ബി.ജെ.പിക്കൊപ്പം കൂടാനുള്ള തീരുമാനം സാബു ജേക്കബ് നിൽക്കക്കള്ളിയില്ലാതെ എടുത്തതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ട്വന്റി 20ക്ക് കേരള രാഷ്ട്രീയത്തിൽ തനിച്ചൊരു പോരാട്ടം ഏറെക്കുറെ അസാദ്ധ്യമാണെന്ന് സാബു തിരിച്ചറിഞ്ഞു. കൂടുതൽ ശക്തരായ പങ്കാളികൾ കൂടെയുണ്ടെങ്കിൽ ബിസിനസും രാഷ്ട്രീയവും ഒരുപോലെ രക്ഷപ്പെടുമെന്നാകാം കണക്കുകൂട്ടൽ. അതേസമയം, ബി.ജെ.പിക്കു ശക്തിയുള്ള സംസ്ഥാനങ്ങളിൽ നിന്നു രാജ്യ സഭാംഗമാക്കാനും കേന്ദ്രമന്ത്രിയാക്കാനുമൊക്കെയുള്ള വാഗ്ദാനങ്ങളുണ്ടെന്ന അഭ്യൂഹം സാബു ചിരിച്ചുതള്ളുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ട്വന്റി20 പിടിച്ച വോട്ടിലാണ് ബി.ജെ.പിയുടെ കണ്ണ്. എട്ട് മണ്ഡലങ്ങളിൽ മത്സരിച്ച്
ഒരിടത്തും വിജയിക്കാനായില്ലെങ്കിലും കിറ്റെക്‌സിന്റെ തട്ടകമായ കുന്നത്തുനാട്ടിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞു. ബിസിനസിലൂടെ വളർന്ന രാജീവ് ചന്ദ്രശേഖറിനെ മടിയിലിരുത്തുന്ന മോദി രാജീവ് ചന്ദ്രശേഖർ വഴി സാബു ജേക്കബിനെയും അദ്ദേഹത്തിന്റെ പാർട്ടിയേയും ബി.ജെ.പി കൂടാരത്തിലേക്ക് കൂട്ടി. കേരളത്തിൽ ബി.ഡി.ജെ.എസിനെ മാറ്റി നിർത്തിയാൽ ബി.ജെ.പിക്ക് എടുത്തുപറയാനായി ഒരു സഖ്യകക്ഷി ഉണ്ടായിരുന്നില്ല. കിറ്റെക്‌സിന് തെലങ്കാനയിലേക്ക് പോകേണ്ടി വന്നതിൽ ട്വന്റി 20യുടെ രാഷ്ട്രീയവും ഒരു കാരണമായിരുന്നു. അഴിമതിയുമായി ഒരു തരത്തിലുള്ള അനുരഞ്ജനവുമില്ലെന്ന് ആ തീരുമാനം പരസ്യമാക്കിയപ്പോൾ സാബു പറഞ്ഞിരുന്നു. പക്ഷേ, തെലങ്കാന അന്ന് ഭരിച്ചിരുന്ന ബി.ആർ.എസ് എന്ന രാഷ്ട്രീയ പാർട്ടിക്ക് 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കിറ്റെക്‌സ് 25 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ നൽകിയ വിവരം പിന്നീട് പുറത്തുവന്നു.
ക്രിസ്ത്യൻ സമുദായവുമായി അടുക്കുക എന്നത് ബി.ജെ.പിയുടെ എക്കാലത്തേയും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. യക്കോബായ സിറിയൻ ക്രിസ്ത്യാനി സമുദായാംഗമായ സാബുവിനെ കൂടെക്കൂട്ടുമ്പോൾ ഈ ലക്ഷ്യത്തിലേക്കുള്ള സാർത്ഥകമായ ഒരു ചുവടുവെയ്പ് കൂടിയാണ് ബി.ജെ.പി നടത്തുന്നതെന്ന നിരീക്ഷണവും പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൊതുവേ ട്വന്റി 20 ക്കെതിരെ സി.പി.എം കോൺഗ്രസ് അന്തർധാര സജീവമായിരുന്നതു യാഥാർത്ഥ്യം. ഈ രഹസ്യ കൂട്ടുകെട്ടു കൊണ്ട് ട്വന്റി 20ക്ക് തിരിച്ചടിയുമുണ്ടായി.
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒരു ബദൽ എന്ന വിശേഷണവുമായാണ് ട്വന്റി 20 പിറന്നതെങ്കിലും കാവി രാഷ്ട്രീയത്തോട് പുതിയ പാർട്ടി പുലർത്തിപ്പോന്ന ആദരം എപ്പോഴും പ്രകടമായിരുന്നു. കേജ്‌രിവാളിന്റെ എ.എ.പിയുമായി ഹ്രസ്വകാലത്തേക്ക് കൈകോർത്തപ്പോഴും മോദിക്കെതിരെയും അമിത് ഷായ്‌ക്കെതിരെയും അക്ഷരം മിണ്ടിയിരുന്നില്ല സാബു ജേക്കബ്. കൂടെ നിന്നാൽ സഹായിക്കാൻ ഏതറ്റവും വരെ പോകുന്ന പാർട്ടിയായ ബി.ജെ.പിയെ പിണക്കാതിരിക്കാൻ ശ്രദ്ധിച്ചത് വിഫലമായില്ല. അതേസമയം, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളിൽ നിന്ന് അകന്നുപോയ 20-20 വോട്ടുകളിൽ നല്ലൊരു പങ്കും അതതു മുന്നണികളിലേക്ക് മടങ്ങിച്ചെല്ലാനുള്ള സാധ്യത പല നേതാക്കളും മുൻകൂട്ടി കാണുന്നു.
കോർപ്പറേറ്റ് പാത
അലൂമിനിയം ഗാർഹിക ഉപകരണങ്ങളിൽ തുടങ്ങിയ പിന്നീട് ടെക്‌സ്റ്റൈൽ അടക്കമുള്ള മേഖലകളിലേക്ക് വ്യവസായം വ്യാപിപ്പിച്ച വിജയ ചരിത്രമാണ് സാബുവിന്റെ പിതാവായ എം.സി ജേക്കബിന്റേത്. രാജ്യത്തിനകത്തും പുറത്തും ഉത്പന്നങ്ങൾക്ക് കമ്പോളം വളർന്നു. ആയിരക്കണക്കിന് തൊഴിലാളികളായി; ഭൂരിഭാഗവും സ്ത്രീകൾ. എം.സി ജേക്കബിന്റെ മരണശേഷം മകൻ സാബു പ്രധാന ഉടമയായി. വ്യവസായം പിന്നെയും വളർന്നു. നിരവധി രാസമാലിന്യങ്ങൾ പുറത്തുവിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. തൊഴിലാളികളായി ഇതര സംസ്ഥാനത്ത് നിന്നുള്ളവർ ധാരാളമായി എത്തി. അവരുടെ ജീവിതാവസ്ഥ പരിതാപകരമായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ജീവിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് പുറത്തുവിട്ട മാലിന്യങ്ങൾ പ്രദേശത്തെ പാടശേഖരങ്ങളിൽ നിറഞ്ഞതിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചു. ഇതിനെ കമ്പനി പലവിധത്തിൽ നേരിട്ടു. തന്റെ വ്യവസായം തകർക്കാൻ അന്യ മതസ്ഥരായ ചിലർ നടത്തുന്ന സമരം എന്ന രീതിയിൽ കമ്പനിയുടമയുടെ വർഗീയമായ പ്രചാരണം നടന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലെ പലരുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയിലൂടെ പഞ്ചായത്തിന്റെയും നിയമങ്ങളുടെയും പോലീസിന്റെയും ശേഷി നിഷ്പ്രഭമാക്കി. കമ്പനി പുറത്തുവിട്ട മാലിന്യങ്ങൾ തൃക്കാക്കരയിലൂടെ ഒഴുകി വരുന്ന പുഴയായ കടമ്പ്രയാറിനെ മലിനമാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത അന്തരിച്ച എം.എൽ.എ പി.ടി തോമസിനെതിരെ കമ്പനി ശക്തമായ പ്രചാരണം നടത്തി. അവസാന നാൾ വരെ അദ്ദേഹം പോരാടി.
രാഷ്ട്രീയക്കാരെ പൂർണമായും തന്റെ വരുതിക്ക് കൊണ്ടുവരാൻ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ സാബു തന്റെ അടവു മാറ്റി സ്വന്തമായി രാഷ്ട്രീയ കക്ഷി ഉണ്ടാക്കി. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിച്ചു. ദശാബ്ദങ്ങളായി പ്രവർത്തിച്ചു വരുന്ന മുഖ്യധാരാ കക്ഷികളെ ഇവർ വെല്ലുവിളിച്ചത് കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ്. കമ്പനികളുടെ ലാഭത്തിന്റെ ഒരു പങ്ക് സാമൂഹിക സേവനത്തിന് നൽകണമെന്ന നിയമമാണിത്. ഈ പണം ഉപയോഗിച്ച് ജനങ്ങൾക്ക് പല വിധ സൗജന്യങ്ങൾ നൽകാൻ തുടങ്ങി. തങ്ങളുടെ സംഘടനയിൽ അംഗത്വമെടുക്കുന്ന കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഗാർഹിക ഉപയോഗത്തിനും നിത്യോപയോഗത്തിനും വേണ്ട സാധനങ്ങൾ നൽകുന്ന സൂപ്പർ മാർക്കറ്റുകൾ ആയിരുന്നു അതിലൊന്ന്. ഏറെ വിലക്കുറവിൽ ലഭിക്കുന്നതിന്റെ ബലത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾ ഇതിൽ ചേർന്നു. കൂടാതെ അഴിമതിരഹിത ഭരണം എന്ന മോഹനവാഗ്ദാനവും നൽകി.
സാധാരണ ജനങ്ങൾ നൽകിയ കണ്ണടച്ചുള്ള പിന്തുണ മൂലം മുഖ്യധാരാ കക്ഷികളിലെ പല പ്രദേശിക നേതാക്കളും പാർട്ടിയുടെ നേതൃത്വത്തിലേക്കെത്തി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോർപ്പറേറ്റ് ഭരണത്തിന്റെ ദുരന്ത സാധ്യതകൾ സാമൂഹിക ശാസ്ത്രജ്ഞരും മറ്റും ചൂണ്ടിക്കാട്ടിയെങ്കിലും ജനങ്ങളിൽ നല്ലൊരു പങ്കും ആവേശപൂർവം ഇവരോടൊപ്പം നിന്നു. കിഴക്കമ്പലം അടക്കം ചില പഞ്ചായത്തുകളിൽ ട്വന്റി 20 ഒറ്റയ്ക്ക് അധികാരത്തിലെത്തി. പക്ഷേ, ഭരണം തുടങ്ങിയപ്പോൾ തന്നെ പലരും അപകടം തിരിച്ചറിഞ്ഞു. അധികാരം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്കല്ല മറിച്ച് കോർപ്പറേറ്റ് മുതലാളിക്ക്. അദ്ദേഹം തീരുമാനിക്കുന്നത് നടപ്പാക്കാൻ ബാധ്യതപ്പെട്ടവർ മാത്രമായി ജനപ്രതിനിധികൾ.
ഇടതുമുന്നണി സർക്കാരിനോടുള്ള എതിർപ്പായിരുന്നു ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. ചുരുങ്ങിയത് 58 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും സി.പി.എം മുന്നണി ഇപ്പോഴും മുന്നിലാണ്. അമിത ആത്മവിശ്വാസം മാറ്റിവച്ച് കോൺഗ്രസ് ഒന്നുകൂടി ഉണരേണ്ടതുണ്ടെന്ന സന്ദേശം കൂടിയാണ് ബി.ജെ.പി ട്വന്റി 20 സഖ്യം മുന്നോട്ടുവെയ്ക്കുന്നത്. നിലവിൽ ചില പഞ്ചായത്തുകളിൽ 20-20ക്ക് ഭരണമുണ്ട്. അവയെ എൻ.ഡി.എ പഞ്ചായത്തുകളുടെ പട്ടികയിൽപ്പെടുത്താം. പല തദ്ദേശ സ്ഥാപനങ്ങളിലും എൻ.ഡി.എ അംഗങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്യാം. എൻ.ഡി.എക്ക് മതന്യൂനപക്ഷത്തിൽ ഉൾപ്പെട്ട ഒരു നേതാവിന്റെ നേതൃത്വത്തിലുള്ള പാർട്ടി തങ്ങൾക്കൊപ്പം ഉണ്ടെന്ന് അവകാശപ്പെടാം. കോൺഗ്രസ് കേരളം ഭരിക്കുന്നതിനേക്കാൾ ബി.ജെ.പി ഇഷ്ടപ്പെടുക ഇടതു മുന്നണി മൂന്നാം വട്ടവും അധികാരമേറുന്നതാവും എന്ന നിരീക്ഷണമുണ്ട്. ട്വന്റി 20യുമായുള്ള ബി.ജെ.പിയുടെ സഖ്യത്തിൽ സി.പി.എമ്മിനേക്കാൾ പേടിക്കേണ്ടത് കോൺഗ്രസാണെന്ന് പറയേണ്ടി വരുന്നത് അതുകൊണ്ടുകൂടിയാണ്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
