2011ജൂൺ ഒന്നിന് ഉമ്മൻചാണ്ടി മന്ത്രസഭ നൂറ് ദിവസം പിന്നിട്ടു. അല്പായുസ്സായിരിക്കും ഉമ്മൻചാണ്ടിയുടെ ഭരണം എന്നു പരിഹസിച്ചവർ ഏറെയാണ്. കാരണം എം.എൽ.എമാരിൽ രണ്ടുപേർ ഇടഞ്ഞാൽ തീരാവുന്നേയുള്ള മന്ത്രിസഭ. അത് നന്നായി മനസിലാക്കിയ ഉമ്മൻചാണ്ടി ഏറെ ശ്രദ്ധയോടെ നിയമസഭയിലെ ഫ്‌ളോർ മാനേജ്‌മെന്റ് കൈകാര്യം ചെയ്തു. ഒരു രൂപയ്ക്ക് ഒരുകിലോ അരി എന്ന അത്ഭുതം നടപ്പിൽ വരുത്തി. അതിന്റെ ചുക്കാൻ പിടിച്ചത് ടി.എം ജേക്കബ് ആയിരുന്നു.
33,255 വോട്ടിന്റെ് പടുകൂറ്റൻ ഭൂരിപക്ഷം നേടിയാണ് ഉമ്മൻചാണ്ടി ഇത്തവണ നിയമസഭയിലെത്തിയത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ 72 സീറ്റിന്റെ നേരിയ വിജയവുമായി യു.ഡി.എഫ് വിജയിച്ചു. 2011 മേയ് 15ന് തന്നെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നു. രമേശ് ചെന്നിത്തല ആദ്യമേ തന്നെ നിയമസഭാകക്ഷി നേതാവായി ഉമ്മൻചാണ്ടിയുടെ പേരു നിർദ്ദേശിച്ചു. അതെല്ലാ എം.എൽ.എമാരും അംഗീകരിച്ചു. കോൺഗ്രസിന്റെ ആ തീരുമാനം ഹൈക്കമാൻഡും യു.ഡി.എഫും അംഗീകരിച്ചു. ഉടൻ രാജ്ഭവനിലെത്തി ഗവർണർ എസ്. ഗവായിയെ വിവരം അറിയിച്ചതോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ഒരുക്കം തുടങ്ങി.
മെയ് 18ന് ബുധനാഴ്ച രാജ്ഭവനിലെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് പി.പി തങ്കച്ചനോടും രമേശ് ചെന്നിത്തലയോടുമൊപ്പം കെ.പി.സി.സിയുടെ വാഹനത്തിൽ ഉമ്മൻചാണ്ടി എത്തി. അപ്പോഴേക്കും മുഖ്യമന്ത്രിസ്ഥാനമൊഴിയുന്ന അച്യുതാനന്ദനും എത്തിയിരുന്നു. ഇരുവരും കുശലാന്വേഷണം നടത്തി. പിന്നെ വി.വി.ഐ.പികൾക്കും വി.ഐ.പികൾക്കും ഹസ്തദാനം നൽകി, പ്രവർത്തകരുമായി കുശലം പറഞ്ഞ് വേദിയിലേക്ക് കയറി. ഉച്ചകഴിഞ്ഞായിരുന്നു ചടങ്ങ്. ഉമ്മൻചാണ്ടി അങ്ങിനെ രണ്ടാം വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കൂടെ പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ടി.എം ജേക്കബ്, കെ.പി മോഹൻ, ഷിബു ബേബി ജോൺ, ഗണേഷ്‌കുമാർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഒട്ടേറെ പ്രവർത്തകർ ആ കാഴ്ചകാണാൻ രാജ്ഭവന്റെ അക്കണത്തിൽ അത്യാവേശത്തോടെ തിക്കിത്തിരക്കി എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം മന്ത്രിസഭായോഗം ചേർന്നു.
പിറ്റേന്ന് കോൺഗ്രസ് മന്ത്രിമാരുടെ ലിസ്റ്റുമായി ഹൈക്കമാൻഡിന്റെ അംഗീകാരം വാങ്ങാൻ ഉമ്മൻചാണ്ടി ഡൽഹിക്കു പോയി. ഒൻപതു കോൺഗ്രസ് മന്ത്രിമാരാണ് വേണ്ടത്. എന്നാൽ ഉമ്മൻചാണ്ടിയുടെ കയ്യിൽ എട്ടാളുകളുടെ പേരേയുള്ളൂ. ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ് ണൻ, കെ.സി. ജോസഫ്, കെ. ബാബു, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, സി.എൻ. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ എന്നിവരാണ് ലിസ്റ്റിൽ. ഒരു സ്ഥാനം ഒഴിച്ചിട്ടിരുന്നു. മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യമില്ല. കോൺഗ്രസ് നിയമസഭാകക്ഷിയിൽ ഒരു വനിത മാത്രമാണുള്ളത്. വയനാട്ടിൽനിന്നുള്ള പി.കെ. ജയലക്ഷ്മി. കന്നി എം.എൽ.എയാണ്. അവരെ മന്ത്രിസഭയിലെടുക്കണമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ താല്പര്യം. പക്ഷേ, പരിചയക്കുറവിന്റെ പേരുപറഞ്ഞ് ചിലർ അതിനെ എതിർത്തു.
എന്നാൽ ഉമ്മൻചാണ്ടി ആ പേരിൽ തന്നെ കടുംപിടുത്തം നടത്തി. ഒടുവിൽ ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചതോടെ പി.കെ ജയലക്ഷ്മിക്ക് മുന്നിൽ വഴിതെളിഞ്ഞു. അങ്ങിനെ പട്ടിക വർഗത്തിൽ നിന്നുമുള്ള ആദ്യ വനിതമന്ത്രിയായി. മേയ് 23ന് തിങ്കളാഴ്ച മന്ത്രിസഭ വികസിപ്പിച്ചു. കോൺഗ്രസ് മന്ത്രിമാരെക്കൂടാതെ ഡോ. എം.കെ മുനീർ, പി.കെ അബ്ദുറബ്, വി.കെ ഇബ്രാഹീം കുഞ്ഞ്, പി.ജെ ജോസഫ് എന്നിവർ കൂടി മന്ത്രിമാരായി.
ജി. കാർത്തികേയനെ സ്പീക്കറായി തെരഞ്ഞെടുത്തു. ഇതിനിടെ കെ.എം മാണി മൂന്നാമതൊരു മന്ത്രിസ്ഥാനം കൂടി വേണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. 2011ജൂൺ ഒന്നിന് ഉമ്മൻചാണ്ടി മന്ത്രസഭ നൂറ് ദിവസം പിന്നിട്ടു. അല്പായുസ്സായിരിക്കും ഉമ്മൻചാണ്ടിയുടെ ഭരണം എന്നു പരിഹസിച്ചവർ ഏറെയാണ്. കാരണം എം.എൽ.എമാരിൽ രണ്ടുപേർ ഇടഞ്ഞാൽ തീരാവുന്നേയുള്ള മന്ത്രിസഭ. അത് നന്നായി മനസിലാക്കിയ ഉമ്മൻചാണ്ടി ഏറെ ശ്രദ്ധയോടെ നിയമസഭയിലെ ഫ്‌ളോർ മാനേജ്‌മെന്റ് കൈകാര്യം ചെയ്തു. അതോടെ പ്രവർത്തകരിൽ കൂടുതൽ കാര്യക്ഷമതയും ജാഗ്രതയും ഉണ്ടായി.
നൂറുദിന കർമ്മപരിപാടി പ്രഖ്യാപിച്ചു. ഒരു രൂപയ്ക്ക് ഒരു കിലോ അരി. അതൊരു ഗംഭീര പ്രഖ്യാപനം ആയിരുന്നെങ്കിലും ഏറെ വെല്ലുവിളി നേരിടേണ്ടിവന്നു. റേഷൻ കാർഡിന് അപേക്ഷിച്ചിരുന്നവർക്കെല്ലാം പുതിയ കാർഡ് നൽകാനും തീരുമാനിച്ചു. രണ്ടുസംഗതികളും ഭംഗിയായി നിർവഹിച്ചു. അതിന് മുൻകൈഎടത്ത് അഹോരാത്രം പണിയെടുത്തത് അന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എം. ജേക്കബ് ആയിരുന്നു. അദ്ദേഹം ഏർപ്പെടുന്ന എല്ലാകാര്യങ്ങളിലും സുവർണമുദ്ര പതിപ്പിക്കുന്ന വ്യക്തിയായിരുന്നു.ജേക്കബിന്റെ രാഷ്ടീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്.
ഉമ്മൻചാണ്ടിയാകട്ടെ ജേക്കബ് ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തു. ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് ആഴ്ചതോറും കിലോയ്ക്ക് ഒരു രൂപയ്ക്ക് 25 കിലോഗ്രാം അരി എന്ന വെല്ലുവിളി ജേക്കബ് നടപ്പാക്കുകതന്നെ ചെയ്തു. കേന്ദ്രത്തിൽനിന്ന് കിലോയ്ക്ക് 6.7 രൂപ പ്രകാരം ലഭിക്കുന്ന അരിക്ക് 5.7 രൂപ സബ്‌സിഡി നല്കിയാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്. 2011 സെപ്തംബർ ഒന്നിന് ഇത് നിലവിൽ വന്നു. മാത്രമല്ല, 50 ദിവസംകൊണ്ട് 5.75 ലക്ഷം പുതിയ റേഷൻ കാർഡുകൾ നൽകുക എന്ന ചരിത്രവും സിവിൽ സപ്ലൈസ് വകുപ്പ് എഴുതിച്ചേർത്തു. ഓഗസ്റ്റ് 27ന് ശാന്തിഗിരി ആശ്രമപരിസരത്തു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഈ രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചപ്പോൾ എന്തെന്നില്ലാത്ത പ്രസരിപ്പിലായിരുന്നു ടി.എം ജേക്കബ്. എന്നാൽ അത് തന്റെ ഏറ്റവും മികച്ചതും അവസാനത്തേതുമായ പ്രകടനമാണെന്ന് അദ്ദേഹം അറിഞ്ഞിരിക്കുകയില്ല.
ടി.എം ജേക്കബിന്റെ നിര്യാണം
പിറവം തിരുമാറാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ 305-ാം നമ്പർ വീട്. സ്വീകരണ കവാടത്തിൽ കറുത്ത കൊടി. സുരക്ഷാവലയം തീർത്ത് വൻ പോലീസ് സന്നാഹം. പതിറ്റാണ്ടുകളായി സ്വന്തം നാട്ടുകാർക്കെല്ലാം അത്താണിയായി മാറിയ താണിക്കുന്നേൽ തറവാട് ദുഃഖത്തിലമർന്നിരിക്കുന്നു. 'ഗ്രാമത്തിന്റെ വികസന നായകൻ, ഞങ്ങളുടെ ജേക്കബ് സാർ' എന്നെഴുതിയ പോസ്റ്ററുകളിൽ ടി.എം. ജേക്കബിന്റെ ചിരിക്കുന്ന മുഖം. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കറുത്ത കൊടികളുയരുകയാണ്. ഞായറാഴ്ചകളിൽ പതിവായി കൂത്താട്ടുകുളത്തിനടുത്ത് വാളിയപ്പാടത്തെ തറവാട്ട് വീട്ടിൽ എത്താറുള്ള തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗം എല്ലാവരേയും ഒരുപോലെ തളർത്തി.
ടി.എം. ജേക്കബിന്റെ സഹോദരൻ ഡോ. ടി.എം. ജോൺ, അമ്മ അന്നമ്മ മാത്യു, ടി.എം. ജോണിന്റെ മകൻ അർജുൻ എന്നിവരാണ് താണിക്കന്നേൽ തറവാട്ടിലെ അംഗങ്ങൾ. പിതാവ് ടി.എസ്. മാത്യു 1974 ലാണ് മരിച്ചത്. സഹോദരൻ ഡോ. ജോൺ രോഗാവസ്ഥയിലാണ്. കഴിഞ്ഞ 20 വർഷമായി പാർക്കിൻസൺ രോഗം പിടിപെട്ട ജോൺ വീട്ടിൽ കഴിയുന്നു. വാളിയപ്പാടത്ത് മാത്യു മെമ്മോറിയൽ ആശുപത്രി നടത്തിയിരുന്ന ജോണിനെ നാട്ടുകാർ 'ഞങ്ങളുടെ ഡോക്ടർ സാർ' എന്നാണ് വിളിക്കുന്നത്. ഡോ. ജോണിന്റെ മകൻ അർജുൻ ആകട്ടെ കഴിഞ്ഞവർഷമുണ്ടായ ഒരപകടത്തെ തുടർന്ന് ചികിത്സയിലാണ്.
ടി.എം. ജേക്കബിന്റെ പിതാവ് മാത്യു ആദ്യകാലത്ത് 'ചന്ദ്ര സർക്കസ്' കമ്പനി നടത്തിയിരുന്നു. തുടർന്ന് താണിക്കുന്നേൽ തറവാട്ടിലെ കാരണവരായതോടെ കാർഷിക രംഗത്തും പൊതുപ്രവർത്തനത്തിലും ശ്രദ്ധചെലുത്തി. ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്‌സി മണ്ണത്തൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. ഡെയ്‌സിയുടെ അമ്മ പെണ്ണമ്മ ജേക്കബ് മൂവാറ്റുപുഴയെ പ്രതിനിധീകരിച്ച് എം.എൽ.എ. ആയിരുന്നു. വടകര സെന്റ് ജോൺസ് സ്‌കൂളിൽ ജേക്കബും ഡെയ്‌സിയും ഒരുമിച്ചാണ് പഠിച്ചിരുന്നത്. ജേക്കബിന്റെ സഹോദരൻ ഡോ. മാത്യുവും വടകര സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.
തിരുവനന്തപുരത്ത് എൽ.എൽ.ബി. പഠനത്തിനായി ജേക്കബ് എത്തി. ലയോള കോളേജിൽ എം.എസ്.ഡബ്ല്യു.വിന് പഠിക്കാൻ ഡെയ്‌സിയും തിരുവനന്തപുരത്തെത്തി. ജേക്കബിന്റെ സഹോദരി അമ്മിണിയും ഡെയ്‌സിയും ഒരേ ഹോസ്റ്റലിലായിരുന്നു താമസം. സൗഹൃദം പ്രണയത്തിന് വഴിമാറി. പിന്നീട് വിവാഹത്തിലുമെത്തി. ഡെയ്‌സി കൂത്താട്ടുകുളത്ത് കേരള എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ബാപ്പുജി പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂൾ പ്രിൻസിപ്പലായി മൂന്നുവർഷം സേവനമനുഷ്ഠിച്ചിരുന്നു. കേരള എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയാണ് ജേക്കബ്. പിന്നീട്, ഡെയ്‌സി ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥയായി.
മക്കളായ അനൂപും അമ്പിളിയും തിരുവനന്തപുരത്താണ് പഠനം നടത്തിയത്. നിയമ ബിരുദം പൂർത്തിയാക്കിയ അനൂപ് വക്കീലായി പ്രാക്ടീസ് നടത്തുന്നു. കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) വിഭാഗം സംസ്ഥാന പ്രസിഡന്റുമാണ്. അനൂപിന്റെ ഭാര്യ അനില പിറവം ബി.പി.സി. കോളേജിലെ അധ്യാപികയാണ്. മകൾ അമ്പിളിയും ഭർത്താവ് ദേവും തിരുവനന്തപുരത്താണ് താമസം. ജേക്കബിന്റെ സഹോദരി ഏലിയാമ്മ തിരുവനന്തപുരത്താണ്. നാട്ടുകാരെ പേരുചൊല്ലി സ്‌നേഹത്തോടെ അടുത്തുവിളിച്ച് നിർത്തുന്ന ജേക്കബ് നാട്ടുകാർക്ക് ഇനി ദീപ്തസ്മരണകളിൽ മാത്രം.
മകൾ അമ്പിളിയുടെ രോഗവിവരമറിഞ്ഞ ജേക്കബ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ലണ്ടനിൽ നിന്ന് ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ ജേക്കബ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നെങ്കിലും രാവിലെയും വൈകീട്ടും തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടയ്ക്ക് ഗുരുതരമായി മഞ്ഞപ്പിത്തം ബാധിച്ച അമ്പിളിയെ എറണാകുളത്തെ ലേക്‌ക്ഷോർ ആസ്പത്രിയിലേക്ക് മാറ്റി. നിയമസഭാ സമ്മേളനത്തിനിടയിൽ ജേക്കബ്, മകളുടെ രോഗവിവരം തിരക്കി ലേക്‌ക്ഷോറിൽ ഓടിയെത്തുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ജേക്കബിനെ ലേക്‌ക്ഷോറിൽ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. തുടർന്ന്, അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു. 2011 ഒക്ടോബർ 30ന് രാത്രി 10.30ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ വച്ച് ഹെപ്പറ്റൈറ്റിസ്ബി രോഗബാധിതനായി അദ്ദേഹം അന്തരിച്ചു. 61 വയസ്സായിരുന്നു അദ്ദേഹത്തിന്.
കോട്ടയത്ത് എം.ജി. വാഴ്‌സിറ്റി സ്ഥാപിക്കുന്നതും, കോളേജുകളിൽ നിന്ന് പ്രീഡിഗ്രി കോഴ്‌സ് വേർപെടുത്തുന്ന പ്രക്രിയ തുടങ്ങുന്നതും, ടി.എം. ജേക്കബ് 1982-1987 സമയത്ത് വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്ന കാലത്താണ്. ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച നിയമസഭാ സാമാജികരിലൊരാളാണ് ടി.എം. ജേക്കബ്. വിദ്യാഭ്യാസമന്ത്രിയായിരിക്കെ, 1986 ജൂൺ 24ന് നിയമസഭയിൽ ചോദ്യത്തോരവേള മുഴുവൻ പ്രീഡിഗ്രി ബോർഡിനെപ്പറ്റിയുള്ള ചോദ്യങ്ങളും ഉപചോദ്യങ്ങളുമുൾപ്പടെ, 30 ചോദ്യങ്ങൾക്കാണ് ജേക്കബ് ഒറ്റയ്ക്ക് മറുപടി നൽകിയത്. രാവിലെ എട്ടര മുതൽ പതിനൊന്നര വരെ നിയമസഭയിൽ മറുപടി നൽകി വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.
ഉമ്മൻചാണ്ടിക്ക് ജേക്കബിന്റെ മരണം ഞെട്ടലിനേക്കാൾ ഉപരി വല്ലാത്തൊരു ശൂന്യതയാണ് സ്ൃഷ്ടിച്ചതെന്നു പിന്നീട് പറയുകയുണ്ടായി. ഒരു മനുഷ്യായുസിൽ ചെയ്തു തീർക്കേണ്ടതെല്ലാം ചെയ്തു തീർത്തിട്ടാണ് അദ്ദേഹം പോയത്. ഉമ്മൻചാണ്ടിയുമായി പലപ്പോഴും ജേക്കബ് കൊമ്പുകോർത്തിട്ടുണ്ട്.
എങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു. 2005ൽ ഉമ്മൻചാണ്ടി മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസപ്രമേയം വന്നപ്പോൾ പ്രതിപക്ഷത്തുനിന്നുള്ള ഏറ്റവും മികച്ച പ്രസംഗം ജേക്കബിന്റേതായിരുന്നുവെന്നും ഉമ്മൻചാണ്ടി ഓർമിക്കുന്നു. ഉത്തരവാദിത്വങ്ങൾ ഇത്രമാത്രം വിശ്വസിച്ചേൽപ്പിക്കാൻ കഴിയുന്ന മറ്റൊരു നേതാവില്ലെന്നും ഉമ്മൻചാണ്ടി പറയുന്നു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1