ആത്മവീര്യ നിറവറിഞ്ഞ് പോലീസ്

MAY 30, 2024, 11:59 AM

കേരളത്തിലെ പോലീസ് എത്ര വലിയ തെറ്റുകൾ ചെയ്തു കൂട്ടിയാലും യഥാവിധി നിയമ നടപടി സ്വീകരിക്കാതെ സംരക്ഷണ തന്ത്രമൊരുക്കുകയാണ് സർക്കാർ കാലങ്ങളായി തുടർന്നു വരുന്നതെന്ന ജനങ്ങളുടെ പരാതിക്ക് കോടതികൾ ആശങ്കാപൂർവം അടിവരയിടാറുണ്ട്. എന്നിട്ടും, 'ആത്മവീര്യ നഷ്ടം' എന്ന ആപത് സാധ്യത ചൂണ്ടിക്കാട്ടി അധികാര കേന്ദ്രങ്ങൾ എപ്പോഴും പോലീസിന്റെ രക്ഷയ്‌ക്കെത്തുന്നു.

ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.ജി. സാബുവും മറ്റു പോലീസുകാരും താൽക്കാലിക വിഷമതകളിൽ കുരുങ്ങിയതിനപ്പുറമായി അതൊരു മഹാ സംഭവമായൊന്നും കാണുന്ന അവസ്ഥയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് എന്ന് കരുതുന്നില്ല നിരീക്ഷകർ. ഡിവൈ.എസ്.പി സാബുവിനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. സാബുവിനൊപ്പം ഉണ്ടായിരുന്ന മൂന്നു പോലീസുകാർക്കെതിരെയും അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി സാബുവിന്റേത് ഗുരുതരമായ അച്ചടക്കലംഘനം എന്നും പൊലീസിന്റെ സൽപ്പേരിനു കളങ്കം വരുത്തുന്നത് എന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.                                      

ഗുണ്ടാ സംഘ നേതാവായ തമ്മനം ഫൈസലിന്റെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത ഇവർക്കെതിരെ മാമൂൽ പ്രകാരം അന്വേഷണത്തിന് ഉത്തരവുമായിട്ടുണ്ട്. അങ്കമാലിക്ക് സമീപം പുളിയനത്ത് പോലീസ് ഉദ്യോഗസ്ഥർ പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അങ്കമാലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം രഹസ്യ വിവരം കിട്ടിയ പ്രകാരം ഫൈസലിന്റെ വീട്ടിലെത്തിയത്. കണക്കുകൾ അങ്ങനെ.

vachakam
vachakam
vachakam

പോലീസിൽ ക്രിമിനലുകളുടെ എണ്ണം വർധിക്കുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെളിപ്പെടുത്തിയതനുസരിച്ച് 2017 മുതൽ 2022 വരെയുള്ള ആറ് വർഷത്തിനിടെ 828 പോലീസുകാർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ വരെയുണ്ട് ഇതിൽ. കൊലപാതകക്കുറ്റം, കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീധന പീഡനം, ലോക്കപ്പ് മർദനം, സാമ്പത്തിക തട്ടിപ്പ്, പൊതുസ്ഥലത്തെ മദ്യപാനം, മദ്യപിച്ച് വാഹനമോടിക്കൽ, ക്വാറിമണൽ മാഫിയ ബന്ധം എന്നിങ്ങനെ നീളുന്നു കുറ്റകൃത്യങ്ങളുടെ നിര. ഇവരിൽ നിയമ നടപടികൾക്കു വിധേയമായവർ വിരളം.                 

പോലീസിനെതിരെ കോടതി എന്തെങ്കിലും നടപടി സ്വീകരിക്കാനൊരുങ്ങിയാൽ, 'അരുത്; സേനയുടെ ആത്മവീര്യം നഷ്ടപ്പെടു'മെന്ന വാദവുമായി പോലീസ് മേധാവിയോ സർക്കാർ അഭിഭാഷകനോ രക്ഷാ ദൗത്യവുമായി വരും. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായത്.

'എന്ത് തെറ്റ് ചെയ്താലും ആത്മവീര്യം തകരാതിരിക്കാൻ പോലീസുകാരെ സംരക്ഷിക്കുകയും കൂടെ നിർത്തുകയും വേണമെന്നാണോ? ചെയ്ത തെറ്റിന് നടപടിയെടുക്കുന്നത് എങ്ങനെയാണ് ആത്മവീര്യത്തെ ബാധിക്കുന്നത്. അത്ര ദുർബലമാണ് ആ ആത്മവീര്യമെങ്കിൽ അതങ്ങ് പോകട്ടെയെന്ന് വെക്കണം. പോലീസുകാരുടെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തത് ആശ്ചര്യജനകമാണെന്നും ഒരു പദവിയിലിരുന്ന് തെറ്റ് ചെയ്താൽ പിന്നെ ആ പദവിയിലിരിക്കാൻ അയാൾ യോഗ്യനല്ലെ'ന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

vachakam
vachakam
vachakam

'കേസന്വേഷണ പ്രക്രിയയിൽ പോലീസിന്റെ നിലപാട് എപ്പോഴും പക്ഷപാതരഹിതമായിരിക്കണം. എങ്കിലേ ജനങ്ങൾക്ക് സേനയിൽ വിശ്വാസമുണ്ടാകുകയുള്ളൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തേ ഇതേ കേസിൽ പോലീസ് മേധാവി, മാനസിക സമ്മർദമാണ് പോലീസിന്റെ ഇത്തരം മോശമായ പെരുമാറ്റങ്ങൾക്ക് കാരണമെന്നു പറഞ്ഞ് കോടതിയിൽ ന്യായീകരണത്തിന് മുതിർന്നപ്പോൾ, ജനങ്ങൾക്കു മേൽ കുതിരകയറാനുള്ള കാരണമല്ല മാനസിക സമ്മർദമെന്ന് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലത്തൂരിൽ അഭിഭാഷകനെ പോലീസ് അപമാനിച്ച കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.                             

റോഡപകടക്കേസിൽ അഭിഭാഷകനായ അഖീബ് സുഹൈൽ, വാഹനം വിട്ടുനൽകണമെന്ന കോടതി ഉത്തരവുമായി സ്റ്റേഷനിൽ ചെന്നപ്പോഴാണ് എസ്‌ഐ അപമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെ കോടതി ഇടപെടുകയും എസ്‌ഐക്കെതിരെ സ്വമേധയാ കേസെടുക്കുകയുമായിരുന്നു. കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് എസ്‌ഐയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യത്തിനാണ് കേസെടുത്തത്.      

പ്രതിഷേധം മൂക്കുമ്പോൾ ചിലർക്കെതിരെ സസ്‌പെൻഷൻ നടപടിയെടുക്കുന്നതിൽ കവിഞ്ഞ് കുറ്റകൃത്യത്തിന്റെ ഗൗരവത്തിനനുസൃതമായി നടപടിയുണ്ടാകാറില്ല. സസ്‌പെൻഷന് വിധേയമാകുന്ന ഉദ്യോഗസ്ഥരെ ഏറെ താമസിയാതെ തിരിച്ചെടുക്കുകയും ചെയ്യും.

vachakam
vachakam
vachakam

'പോലീസ് സേനയിൽ ക്രിമിനലുകളെന്തിന്?'

'ക്രിമിനലുകളെ നേരിടാനാണ് പോലീസ്. സേനയിൽ ക്രിമിനലുകൾ വേണ്ട. അവരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെ'ന്നാണ് 2022 ഡിസംബറിൽ തിരുവനന്തപുരത്ത് പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. മാന്യമായിരിക്കണം പൊതുജനങ്ങളോടുള്ള പോലീസിന്റെ സമീപനമെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, ക്രിമിനലുകളുമായി ഒരുവിധ ബന്ധവും സ്ഥാപിക്കുകയോ അരുതെന്നും 2022 ഒക്ടോബറിൽ അന്നത്തെ ഡി.ജി.പി അനിൽകാന്ത് സേനാംഗങ്ങൾക്കായി ഇറക്കിയ സർക്കുലറിൽ കർശന നിർദേശം നൽകുന്നുമുണ്ട്. സേനാംഗങ്ങൾ പല ഗുരുതര കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നതായി ഇന്റലിജൻസ് വിംഗ് റിപ്പോർട്ട് ചെയ്തതായും ഇത്തരക്കാരുടെ പട്ടിക മുഖ്യമന്ത്രിയുടെ വശമുണ്ടെന്നും സർക്കുലർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പുതിയ പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബും സമാനമായ സർക്കുലർ ഇറക്കിയിരുന്നു. സ്റ്റേഷനിൽ വരുന്നവരോട് മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ പെരുമാറരുതെന്ന് ഈ സർക്കുലറിൽ പ്രത്യേകം പറയുന്നു.

പോലീസിന്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ഒരു ഡസനിലേറെ സർക്കുലറാണ് വിവിധ കാലഘട്ടങ്ങളിലായി ഡി.ജി.പിമാർ പുറത്തിറക്കിയത്. പക്ഷേ, മാർഗനിർദേശങ്ങൾ ആവർത്തിച്ച് പുറപ്പെടുവിക്കുകയല്ലാതെ, അത് ലംഘിക്കുന്നവർക്കെതിരെ നടപടികളുണ്ടാകുന്നില്ല. മാത്രമല്ല, ഉത്തരവാദപ്പെട്ട വേദികളിൽ സേനയിലെ കുറ്റകൃത്യങ്ങളെ നിസ്സാരവത്കരിക്കുകയും ചെയ്യുന്നു ബന്ധപ്പെട്ടവർ.

ഹൈക്കോടതി ചൂണ്ടിക്കാട്ടിയതു പോലെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാതെപോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം കുറയ്ക്കാനാവില്ലെന്ന് മനസ്സിലാക്കാൻ ഗവേഷണ പ്രബന്ധങ്ങളുടെ പിൻബലം ആവശ്യമില്ല.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam