മലങ്കര യാക്കോബായ സഭയില്‍ വരാന്‍ പോകുന്നത് ഗ്രിഗോറിയന്‍ യുഗം

DECEMBER 8, 2024, 10:29 PM

കൊച്ചി: മലങ്കര യാക്കോബായ സഭയെ സംബന്ധിച്ചിടത്തോളം ഇനി വരാന്‍ പോകുന്നത് 'ഗ്രിഗോറിയന്‍' യുഗം. അതെ, മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി ഇഗ്‌നാത്യോസ് അപ്രം പാത്രിയര്‍ക്കീസ്  ബാബ പ്രഖ്യാപിച്ചു. സ്ഥാനാരോഹണ തീയതിയും സ്ഥലവും പിന്നീട് തീരുമാനിക്കും.  

ഒഴിവ് വന്ന കാതോലിക്കാ സ്ഥാനത്തേക്ക് ജോസഫ് മോര്‍ ഗ്രീഗോറിയോസിനെ വാഴിക്കണമെന്ന് സഭാ സമിതികളായ എപ്പിസ്‌കോപ്പില്‍ മാനേജ്‌മെന്റ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി എന്നിവ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. പുത്തന്‍ കുരിശിനടുത്തുള്ള മലേക്കുരിശ് ദയറയില്‍ കുര്‍ബാനമധ്യേ അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് നടന്ന സഭ സുന്നഹദോസിലും ഇക്കാര്യം വ്യക്തമാക്കി.

മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവ, ശ്രേഷ്ഠ കാതോലിക്കാ ബാവ ജോസഫ് മോര്‍ ഗ്രീഗോറിയോസ് എന്നിവരില്‍ നിന്നും ആശീര്‍വാദം വാങ്ങുന്ന വാചകം ന്യൂസ് പോര്‍ട്ടല്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ജോഷി ജോര്‍ജ്

കാലം ചെയ്ത കാതോലിക്കാബാവയുടെ വില്‍പ്പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ഗ്രിഗോറിയോസ് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയെ കാതോലിക്കാബാവയുടെ പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചത്. സഭയിലെ വിവിധ കമ്മിറ്റികള്‍ ഐക്യകണ്‌ഠേനെയാണ് പേര് നിര്‍ദ്ദേശിച്ചത്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയുടെ പരമാധ്യക്ഷതയിലുള്ള യാക്കോബായ സഭയിലെ രണ്ടാം സ്ഥാനിയനാണ് ശ്രേഷ്ഠ കാതോലിക്ക ബാവ.  

സഭയുടെ പ്രാദേശിക തലവനായ കാതോലിക്കാ ബാവയുടെ അനാരോഗ്യ കാലത്തും കാലം ചെയ്തശേഷം സഭാ സുന്നഹദോസില്‍ അധ്യക്ഷത വഹിച്ചിരുന്നു. പള്ളിത്തര്‍ക്കം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഇക്കാലത്ത് സൗമ്യതയോടെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. 2019 ഓഗസ്റ്റില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി ഗ്രിഗോറിയോസ് തിരുമേനിയെ തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് പാത്രിയര്‍ക്കീസ്  ബാവ,  മോര്‍ ഗ്രിഗോറിയോസിനെ മലങ്കര മെത്രാപ്പോലീത്തയായി പ്രഖ്യാപിക്കുകയും കാതോലിക്കോസ് അസിസ്റ്റന്റ് ആയി നിയമിക്കുകയും ചെയ്തിരുന്നു.

പുതിയ കാതോലിക്കയുടെ നിയമനം ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ കാണുന്നത്. പ്രതിസന്ധിയുടെ നാളുകളില്‍  കേസുകള്‍ ഉത്തരവാദിത്വത്തോടെ നടത്തുകയും പുതിയ കാലത്തെ വെല്ലുവിളികള്‍ അതിജീവിച്ച് സഭയെ നയിക്കുകയും വേണം. അജപാലന ദൗത്യത്തിനോടൊപ്പം കാരുണ്യത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ് ജോസഫ്  മോര്‍ ഗ്രീഗോറിയോസ്. അദ്ദേഹം ആരംഭിച്ച താബോര്‍ ഹൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മെത്രാപ്പോലീത്ത പുവര്‍ റിലീഫിന്റെയും ആഭിമുഖ്യത്തില്‍ നിരവധി സാധുജന സംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

1995 ല്‍ ഹൗസിംഗ് ബോര്‍ഡുമായി സഹകരിച്ച് മുളന്തുരുത്തിക്കടുത്ത് വെട്ടിക്കലിലെ പട്ടികജാതി കോളനി ഏറ്റെടുത്ത് എല്ലാവര്‍ക്കും വീട് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. 2014 ല്‍ ആരംഭിച്ച സുരക്ഷിത ഭവന പദ്ധതി പ്രകാരം കാരിക്കോട് ഫ്‌ളാറ്റ് മാതൃകയില്‍ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത് ഉള്‍പ്പെടെ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 76 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. കൊച്ചി ഭദ്രാസനാടിസ്ഥാനത്തില്‍ സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളും ഏര്‍പ്പെടുത്തി. പിന്നീട് ഈ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തു വിദ്യാഭ്യാസ സഹായങ്ങള്‍ വിവിധ മേഖലയില്‍ നല്‍കുന്നതിനോടൊപ്പം നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് നേഴ്‌സിങ് സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു.

രോഗികള്‍ക്ക് ചികിത്സാസഹായം, മുളന്തുരുത്തി ഗവണ്‍മെന്റ് ആശുപത്രിയില്‍ എല്ലാ ദിവസവും രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും വര്‍ഷങ്ങളായി അത്താഴം എന്നിവ നല്‍കിവരുന്നു. ഗ്രീഗോറിയോസ് തിരുമേനിയുടെ 20, 25 മെത്രാഭിഷേക വാര്‍ഷികങ്ങളോട് അനുബന്ധിച്ച് 40 നിര്‍ധന യുവതികളുടെ വിവാഹം നടത്തിത്തിരുന്നു. മുളന്തുരുത്തി ഗവണ്‍മെന്റ് ആശുപത്രിയോട് ചേര്‍ന്ന് ആലംബ ഹീനര്‍ക്ക് സൗജന്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗജന്യ പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമായി തൃപ്പൂണിത്തുറയില്‍ ജൈനി സെന്ററും പ്രവര്‍ത്തിക്കുന്നു.

പ്രളയ കാലത്ത് സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊച്ചി ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തത് മുതല്‍ വൈദികര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, ഭക്തസംഘടനകളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍, കുടുംബ യൂണിറ്റുകളുടെ രൂപവല്‍ക്കരണം, ഫ്രീ മാരേജ് കൗണ്‍സിലിംഗ് കോഴ്‌സ്, പുതിയ ഭദ്രാസന സ്ഥാപന നിര്‍മ്മാണം, കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയവയും നടത്തി വരുന്നു.

കൊച്ചി നഗരത്തില്‍ സ്ഥലം വാങ്ങി ചാപ്പല്‍ സ്റ്റഡീസ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, ഹോസ്പിറ്റല്‍ മിനിസ്റ്ററി തുടങ്ങിയവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിവച്ചു.

1974 മാര്‍ച്ച് 25 ന് മഞ്ഞനിക്കരയില്‍ വച്ച് പെരുമ്പള്ളി തിരുമേനിയില്‍ നിന്നും ശെമ്മാശപട്ടം സ്വീകരിക്കുമ്പോള്‍ ജോസഫിന്റെ പ്രായം കേവലം 13 വയസ്സ മാത്രമായിരുന്നു. ഇന്നിപ്പോള്‍ വെല്ലുവിളികള്‍ ഏറെ നിറഞ്ഞ കാലത്താണ് മലങ്കര യാക്കോബായ സഭയെ നയിക്കാന്‍ ജോസഫ് മോര്‍ ഗ്രീഗോറിയോസ് നിയോഗിക്കപ്പെടുന്നത്. സമാധാനവും സമവായത്തിലുമുള്ള തുറന്ന മനസോടെ ജോസഫ് മോര്‍ ഗ്രീക്കോറിയോസ് യാക്കോബായ സഭയുടെ അമരക്കാരന്‍ ആകുമ്പോള്‍ സഭാ വിശ്വാസികള്‍ക്കും പ്രതീക്ഷകളേറെയാണ്.

പെരുമ്പള്ളി തിരുമേനിയുടെ സ്‌നേഹ വാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയ കുട്ടിക്കാലം. വിശ്വാസത്തില്‍ അടിയുറച്ചതായിരുന്നു ജീവിതം. ദേവാലയങ്ങളെയും അവിടുത്തെ ആരാധന ക്രമങ്ങളെയും സ്‌നേഹിച്ചു പൗരോഹിത്യത്തിന്റെ വഴിയില്‍ വിശ്വാസ സംരക്ഷണത്തിനായി നിലകൊണ്ടപ്പോള്‍ തന്നെ നീതി നിഷേധത്തിന് എതിരെ ശക്തമായ നിലപാട് എടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.
 
ശാരീരിക അവശതകളെ തുടര്‍ന്ന് കാലം ചെയ്ത ശ്രേഷ്ഠ ബാവ ചുമതലകള്‍ കൈമാറിയപ്പോള്‍ സധൈര്യം അവ നടപ്പിലാക്കി. സഭാ മക്കളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങിയാണ് പൗരോഹിത്യത്തിന്റെ ഉന്നതിയിലേക്ക് ഗ്രിഗോറിയോസ് നടന്നു കയറുന്നത്. സത്യ വിശ്വാസത്തില്‍ അടിയുറച്ച് സഭാ മക്കളെ മുന്നോട്ട് നയിക്കുന്ന ഇടയനെയാണ് സഭ ജോസഫ് മോര്‍ ഗ്രീഗോറിയോസ് എന്ന കാരുണ്യത്തിന്റെ ഇടയനില്‍ കാണുന്നത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് പള്ളിത്തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ പോലും സമചിത്തതയോടെ പ്രതിസന്ധികളെ നേരിട്ട് മികവ് തെളിയിച്ച ഇടയനാണ് അദ്ദേഹം.
 
സഭാ ശുശ്രൂഷയില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ച വേളയിലാണ് അദ്ദേഹത്തെ തേടി ഈ ഉന്നത പദവി എത്തിച്ചേരുന്നത്. ഇത്രയും കാലം താങ്ങും തണലുമായി വഴി നടത്തിയ സര്‍വ്വശക്തന്റെ കയ്യില്‍ തന്നെ തന്നെ ഏല്‍പ്പിച്ചു മുന്നോട്ടു പോകാന്‍ ആകുമെന്ന് തികഞ്ഞ വിശ്വാസമാണ് പുതിയ ഇടയന്റെ കരുത്ത്.

ജോഷി ജോര്‍ജ്

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam